പക്ഷികൾ പൊതുവെ ശാന്ത സ്വഭാവമുള്ളതും വളരെ കാണാൻ അഴകുള്ള ശരീരവും ചിറകും കൊക്കും എല്ലാം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ പക്ഷികളെ ഇഷ്ട്ടപെടാത്തവർ കുറവായിരിക്കും എന്നുതന്നെ പറയാം. എന്നാൽ ഈ പറഞ്ഞ ശാന്ത സ്വഭാവമുള്ള പക്ഷികളിൽനിന്നും വ്യത്യാസമായി മനുഷ്യനെ വരെ പിന്നാലെ പോയി ആക്രമിച്ചു ജീവനോടെ ഭക്ഷിച്ചു അസ്തി മാത്രം ആക്കിമാറ്റുന്ന ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂവെന്നു പറയുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പി എൻ എസ് മീഡിയ എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ടിണ്ട്.ആ പോസ്റ്റിനു 1.2 k ലൈക്കും 472 ഷെയറുകളും ഉണ്ട്.

ആ പോസ്റ്റ് ഒരു വെബ്‌സൈറ്റിൽ വന്ന ലേഖനത്തിന്റേതാണ്.ആ ലേഖനത്തിനൊപ്പം ഒരു വീഡിയോ ലിങ്കും ഉണ്ട്.അത് ഹൈദർ ടി വി എന്ന ഒരു യൂട്യൂബ് ചാനലിന്റെ ഒരു വീഡിയോയിലേക്കാണ് പോവുന്നത്.

ആ യൂട്യൂബ് ലിങ്കിൽ മനുഷ്യരെ പക്ഷികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിലും മനുഷ്യരെ പക്ഷികൾ കൊന്നു തിന്നുന്ന ദൃശ്യങ്ങൾ ഇല്ല.എന്നാൽ ലേഖനത്തിൽ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ ഒരു പക്ഷി മനുഷ്യനെ ഓടിക്കുന്നതും ഒപ്പം കഴുകന്മാർ മനുഷ്യരെ അക്രമിക്കുന്നതുമായ ദൃശ്യങ്ങൾ ഉണ്ട്.

Fact Check/Verification
ശവശരീരം ഭക്ഷിക്കുന്ന പക്ഷിയാണ് കഴുകൻ (Vulture) എന്ന് നെറ്റിലെ വിവിധ ലേഖനങ്ങളിൽ നിന്നും മനസിലാക്കാം. ആസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ രണ്ടു ഭൂഖണ്ഡങ്ങൾ ഒഴികെ എല്ലാ സ്ഥലത്തും ഇവ ജീവിക്കുന്നു.രണ്ടു തരം കഴുകന്മാർ ഉണ്ട്. കാലിഫോർണിയയിലും ആൻടീസ് മലനിരകളിലും കാണപ്പെടുന്നവയെ പുതു ലോക കഴുകന്മാരും (New world Vultures) എന്നും, യൂറോപ്പ്,ആഫ്രിക്ക,ഏഷ്യ എന്നിവടങ്ങളിൽ ഉള്ളവയെ പഴയ ലോക കഴുകന്മാരും (Old World Vultures). മനുഷ്യരെ ഇവ ആക്രമിക്കാറില്ല.

വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പക്ഷിയിനമാണ് കഴുകൻ. മൃഗചികിൽസക്കായി ഉപയോഗിക്കുന്ന ഡിക്ലോഫെനാക് (Diclofenac) എന്ന മരുന്നിന്റെ ഉപയോഗം കൊണ്ടാണ് കഴുകന്മാർ വംശനാശം നേരിടുന്നത്. ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്ന മൃഗങ്ങളുടെ ശവശരീരം ഭക്ഷിക്കുന്നത് കൊണ്ട് അവയുടെ വൃക്കകൾ തകരാറിലാകുന്നു. 2008 മുതൽ ഇന്ത്യയിൽ ഈ മരുന്നിനു നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

രണ്ടു പടങ്ങൾ ചേർത്ത് വെച്ചാണ് പോസ്റ്റിലെ ഇമേജ് ഉണ്ടാക്കിയിരിക്കുന്നത്. ഈ പോസ്റ്റിൽ കൊടുത്ത ഇമേജിനെ പറ്റിയുള്ള നിജ സ്ഥിതിയറിയാൻ യാൻടെക്സ്, ബിംഗ് എന്നീ പ്ലാറ്റുഫോമുകളിൽ ആദ്യത്തെ പടം റിവേഴ്‌സ് സെർച്ച് ചെയ്തു നോക്കി. ഇത് ടിബറ്റിലെ സ്കൈ ബെറിയൽ എന്ന ശവസംസ്കാര രീതിയെ കുറിച്ചുള്ള ഒരു ലേഖനത്തിലെ പടമാണ് എന്ന് ഇതിൽ നിന്നും ബോധ്യപ്പെട്ടു.


ടിബറ്റൻ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് ‘സെലസ്റ്റിയൽ ബെറിയൽ’ എന്നറിയപ്പെടുന്ന സ്കൈ ബെറിയൽ. ഇപ്പോഴത്തെ സമൂഹത്തിൽ ജീവിക്കുന്ന ആളുകൾക്ക് ഇത് ഭയപ്പെടുത്തുന്ന ഒരു ആശയമായി തോന്നാം. എന്നാൽ അതിന്റെ മൂല്യങ്ങളും തത്ത്വചിന്തയും അതിശയകരവും മനോഹരവും വിശേഷപ്പെട്ടതുമാണ്. ടിബറ്റൻ സംസ്കാരത്തിൽ നിന്നുള്ള ചിലർക്ക് അവരുടെ ഭൗതിക ശരീരം പ്രകൃതിയിലേക്ക് തിരിച്ചുപോകുമെന്നും പ്രകൃതിയുടെ ചില സൃഷ്ടികളെ പരിപോഷിപ്പിക്കുമെന്നുംവിശ്വസിക്കുന്നു, ഈ സാഹചര്യത്തിൽ, താടിയുള്ള കഴുകന്മാർ പ്രാദേശികമായ ഒരു തരം കഴുകന്മാർക്ക് അവർ തങ്ങളുടെ ശരീരം മരണ ശേഷം ഭക്ഷണമായി നൽകുന്നു,ഈ കഴുകന്മാർ ‘ഡാകിനിസ്’ എന്ന് വിളിക്കുന്നു. ആകാശത്തിലെ നർത്തകർ എന്നാണ് ‘ഡാകിനിസ്’ എന്ന വാക്കിന്റെ അർഥം. ടിബറ്റുകാർ ഈ കഴുകന്മാർ മാലാഖമാർക്ക് തുല്യമായാണ് കാണുന്നത്.

രണ്ടാമത്തെ ഇമേജ് അതേ സൈറ്റുകളിൽ റിവേഴ്സ് ഇമേജ് ചെയ്തപ്പോൾ, യുകെയിലെ ബാന്റിഷെയർ യൂണിവേഴ്സിറ്റി അവരുടെ വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമയത്ത് പിരിമുറുക്കം കുറയ്ക്കാൻ ഏർപ്പെടുത്തിയ ഒരു വ്യായാമ മുറിയുടെ ചിത്രമായിരുന്നു അത്. ആ വ്യായാമത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ ഓടിക്കുന്ന ഒരു വെൽനസ് ഗുസ് എന്ന പക്ഷിയാണ് ചിത്രത്തിലുള്ളത്.


Conclusion
രണ്ടു പടങ്ങൾ ചേർത്ത് വെച്ചാണ് പോസ്റ്റിലെ പടം ഉണ്ടാക്കിയിരിക്കുന്നത്.കഴുകൻ ശവങ്ങൾ ഭക്ഷിക്കുന്ന പക്ഷിയാണ്. എന്നാൽ അവ ആരോഗ്യമുള്ള മനുഷ്യരെ ആക്രമിച്ചു കൊല്ലാറില്ല.ടിബറ്റൻ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് ‘സെലസ്റ്റിയൽ ബെറിയൽ’ എന്നറിയപ്പെടുന്ന സ്കൈ ബെറിയൽ.ഈ ആചാരത്തിന്റെ പടമാണ് ആദ്യത്തെ പോസ്റ്റിൽ ചേർത്തിരിക്കുന്ന ആദ്യത്തെ ഇമേജിൽ ഉള്ളത്.ബ്രിട്ടനിലെ ബാന്റിഷേർ യൂണിവേഴ്സിറ്റി തങ്ങളുടെ വിദ്യാർഥികൾക്ക് പരീക്ഷക്കാലത്ത് ട്രേസ് ഒഴിവാക്കാൻ ഏർപ്പെടുത്തിയ ഒരു വ്യായാമത്തിന്റെതാണ് രണ്ടാമത്തെ പടം.ആ വ്യായാമത്തിന്റെ ഭാഗമായി വിദ്യാർഥികളെ ഓടിക്കുന്ന വെൽനെസ്സ് ഗൂസ് എന്ന പക്ഷിയാണ് പോസ്റ്റിൽ എഡിറ്റ് ചെയ്തു ചേർത്ത രണ്ടാമത്തെ പടത്തിലുള്ളത്.
Result: Manipulated
Our Source
https://animals.mom.com/vultures-dangerous-9282.html
https://www.nationalgeographic.org/article/role-scavengers-carcass-crunching/
https://www.dailymail.co.uk/sciencetech/article-473651/Vultures-Europe-attacking-humans-time.html
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.