Claim
വാക്സിനേഷൻ എടുത്ത 40തിനും 60നും ഇടയിയിലുള്ളവർക്ക് ഹൃദയാഘാതം. ഡി ഡൈമർ ടെസ്റ്റ് എടുക്കുക എന്ന് കളമശേരി ഇഎസ്ഐ ആശുപത്രി.
Fact
അങ്ങനെ ഒരു നോട്ടീസ് കളമശേരി ഇഎസ്ഐ ആശുപത്രി ഇറക്കിയിട്ടില്ല.
“ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും 60 നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്ന വാർത്ത ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. കാരണം വാക്സിൻ രക്തക്കുഴലുകളെ പരുക്കനാക്കുകയും പതുക്കെ പതുക്കെ രക്തം കട്ട പിടിക്കുകയും ചെയ്യുന്നു. പരിഹാരം വാക്സിൻ എടുത്തവർ D –Dimer ടെസ്റ്റ് എന്ന രക്ത പരിശോധന നടത്തി രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയുക ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടുക ഡി ടൈമർ ലെവൽ 0.50 കൂടാൻ പാടില്ല,” എന്നാണ് നോട്ടീസ്. കളമശ്ശേരി മണ്ഡലത്തിലെ പാതാളം ESI ഹോസ്പിറ്റലിൽ കണ്ട നോട്ടീസ് ആണ് എന്നാണ് അവകാശവാദം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലേറെ പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്.

Jossey Mathew എന്ന ഐഡിയിൽ നിന്നും 224 പേർ ഞങ്ങൾ കാണുമ്പോൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

VK Subhash എന്ന ഐഡിയിൽ നിന്നും 21 പേരാണ് ഞങ്ങൾ കാണുമ്പോൾ പോസ്റ്റ് ഷെയർ ചെയ്തത്.

Fact Check/Verification
ഞങ്ങൾ ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടർ Bebeto Thimothy മാർച്ച് 14,2023 ൽ ഷെയർ ചെയ്ത ഒരു കുറിപ്പ് കിട്ടി. അത് ഈ പോസ്റ്റിനെ കുറിച്ച് പറയുന്നുണ്ട്.
“ഒന്ന് രണ്ട് കാര്യങ്ങൾ. ലാബ് റിസൾട്ടുകൾ എന്ന് പറയുന്നത് 0/1 എന്ന രീതിയിൽ സമീപിക്കേണ്ട സംഗതികൾ അല്ല. ക്ലിനിക്കൽ കോറിലേഷൻ എന്നൊരു സംഗതിയുണ്ട്. രോഗിയുടെ ലക്ഷണങ്ങളും ലാബ് റിസൾട്ടുകളും പരിശോധനകളും എല്ലാം ചേർത്ത് വായിച്ചാലേ ചിത്രം പൂർണ്ണമാകുകയുള്ളൂ. അങ്ങനെയാണെങ്കിൽ കൂടെയും ചിത്രം പൂർണ്ണമാകണമെന്നില്ല. അറിയാൻ സാധിക്കാത്ത കാര്യങ്ങൾ/ഉറപ്പില്ലാത്ത കാര്യങ്ങൾ എല്ലാം ബാക്കിയാവും,” എന്ന് പോസ്റ്റ് പറയുന്നു.
“D Dimer എന്നത് ഏതെങ്കിലും “ഒരു” രോഗത്തിന്റെ സ്പെസിഫിക് ടെസ്റ്റ് അല്ല. പല കാരണങ്ങൾ കൊണ്ട് അത് കൂടുതലായി കാണപ്പെടാം. രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കൽ,ഇൻഫക്ഷൻ,ക്യാൻസർ മുതലായി പല കാരണങ്ങൾ കൊണ്ട് ഡി ഡൈമർ ഉയർന്നതായി കാണപ്പെടാം. പ്രായം കൂടും തോറും ഇതിന്റെ അപ്പർ ലിമിറ്റും കൂടുതലായിട്ടേ പരിഗണിക്കുകയുള്ളൂ (ഏജ് അപ്രോപ്രിയേറ്റ്). യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരാൾ ഈ ടെസ്റ്റ് പോയി ചെയ്യേണ്ട ഒരു കാര്യവുമില്ല;വാക്സിൻ എടുത്തിട്ടുണ്ട് എന്ന കാരണത്താൽ!,” പോസ്റ്റ് തുടരുന്നു,
“ഇനി ആ ലാബ് വാല്യു ഉയർന്നതാണെങ്കിലും it doesn’t mean a thing. നമ്മൾ ചികിത്സിക്കുന്നത് രോഗികളെയാണ് ലാബ് റിസൾട്ടുകളെയല്ല. അനാവശ്യമായ ഭീതി പരത്താതിരിക്കുക. അനാവശ്യമായി ടെസ്റ്റ് ചെയ്ത് കാശ് കളയാതിരിക്കുക. തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാതിരിക്കുക,” എന്നാണ് പോസ്റ്റ് പറയുന്നത്.
“Edit : വെറുതെ ഒന്ന് ഗൂഗിൾ ചെയ്തപ്പോൾ നാട്ടിൽ ഈ ടെസ്റ്റിന് 500/600/700/1000 രൂപയൊക്കെ ചെലവ് കാണിക്കുന്നുണ്ട്. വെറുതെ ഒരു ലാബിലോട്ട് കയറി ഈ ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടേണ്ട ഒരു കാര്യവുമില്ല. കാശ് ആർക്കും വെറുതെ കിട്ടുന്നതല്ലല്ലോ,” പോസ്റ്റ് പറയുന്നു.

എന്താണ് ഡി ഡൈമർ ടെസ്റ്റ്?
“രക്തത്തിലെ ഉയർന്ന ഡി ഡൈമർ അളവ് അമിതമായി രക്തം കട്ടപിടിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഡി ഡൈമർ അളവ് കണ്ടുപിടിക്കുന്ന ടെസ്റ്റ് ആണിത്,” എന്നാണ് my.clevelandclinic.org പറയുന്നത്.
കൂടുതൽ വസ്തുത അറിയാൻ ഞങ്ങൾ പാതാളം ഇഎസ്ഐ ആശുപത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അപ്പോൾ അത്തരം ഒരു നോട്ടീസ് അവർ ഇറക്കിയിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു. കൂടാതെ ഒരു പോസ്റ്റിന്റെ കമന്റായി ഒരു ഫേസ്ബുക്ക് ഉപഭോക്താവ് പാതാളം ഇഎസ്ഐ ആശുപത്രി ഇറക്കിയ നിഷേധ കുറിപ്പ് ഇടിരിക്കുന്നതും ഞങ്ങൾ കണ്ടു.

Conclusion
വാക്സിനേഷൻ എടുത്ത 40തിനും 60 നും ഇടയിയിലുള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതൽ അത് കൊണ്ട് ഡി ഡൈമർ ടെസ്റ്റ് എടുക്കുക എന്ന നോട്ടീസ് കളമശേരി ഇഎസ്ഐ ആശുപത്രി ഇറക്കിയിട്ടില്ല.
Result: False
Sources
Telephone Conversation with ESI hospital,Kalamassery
Facebook Post of Bebeto Thimothy on March 14,2023
my.clevelandclinic.org
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.