Claim
മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
Fact
സംവരണ തസ്തികയിൽ അപേക്ഷകരെ ലഭിക്കാത്തതിനാൽ ഇപ്പോൾ വീണ്ടും വിളിച്ചതാണ്.
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുസ്ലിം സമുദായത്തിന് മാത്രമായി പോലീസിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു എന്ന പേരിൽ ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് “2024 കേരളാ പോലീസ് കോൺസ്റ്ററ്റബിൾ ആകാം NCA വിജ്ഞാപനം (മുസ്ലീം).യോഗ്യത: പത്താം ക്ലാസ്സ് ശമ്പളം 31100-66800 കാറ്റഗറി നമ്പർ: 212/2024,” എന്ന് പോസ്റ്റർ പറയുന്നു. അവസാന തിയതി:ഓഗസ്റ്റ്14 https://www.keralapsc.gov.in/” എന്ന വിവരങ്ങളും പോസ്റ്ററിലുണ്ട്. “കേരള പോലീസ് സേനയിൽ മുസ്ലിം പോലീസ് മാത്രം ആയി PSC റിക്രൂട്ട്മെന്റ്, എന്ന വിവരണതോടൊപ്പമാണ് പോസ്റ്റർ.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടമാണോ ഇത്?
Fact Check/Verification
പോസ്റ്റിലെ വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങള്‍ കേരള പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാറുമായി ബന്ധപ്പെട്ടു.
‘സംവരണ തത്വം പാലിച്ചാണ് പി എസ് സി നിയമനങ്ങൾ നടത്തുന്നത്. പിഎസ്‌സി അപേക്ഷ ക്ഷണിക്കുമ്പോൾ സംവരണ വിഭാഗങ്ങളിൽ നിന്നും മതിയായ അപേക്ഷകർ ഇല്ല എന്നു വന്നാൽ വീണ്ടും ആപ്ലിക്കേഷൻ വിളിക്കും,” അദ്ദേഹം പറഞ്ഞു.
“അത്തരത്തിൽ. ആദ്യ വിജ്ഞാപനത്തിൽ അപേക്ഷകരെ ലഭിക്കാത്തതിനാൽ ഇപ്പോൾ വീണ്ടും വിളിച്ചതാണ്. പട്ടിക ജാതി, പട്ടിക വർഗ്ഗം, തുടങ്ങി ഏത് സംവരണ വിഭാഗങ്ങളിലും ഇങ്ങനെ മതിയായ അപേക്ഷകരെ ലഭിച്ചില്ലെങ്കിലും ഇതുപോലെ വീണ്ടും വിളിക്കാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു,
“ഇന്ത്യ റിസർവ് ബറ്റാലിയൻ വിഭാഗത്തിലേക്ക് മുസ്ലീം സംവരണം അപേക്ഷ ക്ഷണിക്കുന്ന വിജ്ഞാപനമാണ്. അല്ലാതെ മുസ്ലിങ്ങളെ മാത്രമായി പോലീസിൽ റിക്രൂട്ട്മെന്‍റ് നടത്തുന്നില്ല.” അദ്ദേഹം പറഞ്ഞു
NCA (എന്‍സിഎ) – No Candidate Available (ഒരു ഉദ്യോഗാർത്ഥിയും ലഭ്യമല്ല) എന്നാണ് ഇത്തരം വിജ്ഞാപനങ്ങളെ പറയുക എന്ന് പിഎസ്‌സി വെബ്‌സൈറ്റിൽ നിന്നും ഞങ്ങൾ മനസ്സിലാക്കി.
സംവരണം ചെയ്ത ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ എണ്ണം അപേക്ഷകരെ റാങ്ക് ലിസ്റ്റിൽ ലഭ്യമല്ലാത്ത സാഹചര്യത്തെ NCA എന്ന് പറയുന്നു. അത്തരം സന്ദർഭങ്ങളിൽ അത്തരം വിഭാഗങ്ങളിൽ നിന്നും ഉദ്യോഗാര്‍ത്ഥിയെ ലഭിക്കാന്‍ വീണ്ടും വിജ്ഞാപനം നല്‍കി ഉദ്യോഗാർത്ഥികളെ കണ്ടെത്തി ആ പോസ്റ്റുകൾ നികത്തുമെന്നാണ് പിഎസ്‌സി വെബ്‌സൈറ്റ് പറയുന്നത്.

വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് പിഎസ്‌സി വെബ്സൈറ്റില്‍ ഞങ്ങൾ കണ്ടെത്തി. എന്‍സിഎ അപേക്ഷ ആണെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ആകെ ഒഴിവുകൾ 3 എണ്ണം മാത്രമാണ് എന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

Conclusion
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. സംവരണ തസ്തിക നികത്താൻ മുസ്ലിം സമുദായത്തിൽ മതിയായ അപേക്ഷകര്‍ ഇല്ലാതെ വന്നപ്പോൾ, എന്‍സിഎ പ്രകാരം ഇന്ത്യ റിസർവ് ബറ്റാലിയൻ വിഭാഗത്തിലേക്ക് മുസ്ലീം സംവരണം അപേക്ഷ ക്ഷണിക്കുന്ന വിജ്ഞാപനമാണിത്.
Result: Missing Context
Sources
Glossary section on PSC website
Notification on PSC Website
Telephone conversation with Kerala State Police Information Centre Deputy Director V P Pramod Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.