”തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം നിർമ്മാണം പൂർത്തിയായ ഫ്‌ളൈ ഓവർ ഉദ്ഘാടനത്തിന് മുമ്പ് പൊളിഞ്ഞു. ഫ്‌ളൈ അവസാനിക്കുന്ന റോഡിനോട് ചേർന്ന ഭാഗത്ത് കുഴി രൂപപ്പെടുകയായിരുന്നു. 18 കോടി മുടക്കി നിർമ്മിച്ച മേൽപാലമാണ് തകർന്നത്. സംഭവത്തിന് ശേഷം കരാറുകാർ രഹസ്യമായി പാലം പുനർ നിർമ്മാണം ആരംഭിച്ചു. ഇടിഞ്ഞ ഭാഗം രഹസ്യമായി നീക്കി. മണ്ണും മെറ്റലും കലർത്തി ഇടിഞ്ഞ ഭാഗം കാണാത്ത രീതിയിലാക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്ക് രോഗികൾ പോകുന്ന സ്ഥലമാണിത്. പാലം പൊളിഞ്ഞതോടെ വിഷയം ഒതുക്കാനാണ് അധികൃതർ ശ്രമിച്ചത്. അപാകത അറിയിക്കാതിരിക്കാൻ പാലം പുനർ നിർമാണം രഹസ്യമായി തുടങ്ങി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാലം നിർമ്മാണം നടക്കുന്നതെന്ന് സ്ഥലത്തെ പൊതുപ്രവർത്തകർ ആരോപിച്ചു.”ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിലെ വരികൾ ആണിത്.
കൂടുതൽ അന്വേഷിച്ചപ്പോൾ, News18 Kerala കൊടുത്ത ഒരു വാർത്തയാണ് പോസ്റ്റുകൾക്ക് ആധാരം. വാർത്തയിൽ തകർന്ന മേൽപ്പാലത്തിന്റെ ദൃശ്യവും കൊടുത്തിട്ടുണ്ട്. അതിൽ നിന്നും വാർത്ത ശരിയാണ് എന്ന് മനസിലാവും.
ഈ വാർത്തയെ അടിസ്ഥാനമാക്കി, ‘`മരുമോനെ നാട്ടുകാരുടെ കഫം തിന്നാതെ അന്തസായി പണിയെടുത്ത് ജീവിക്ക്,” എന്ന വിവരണത്തോടെ PWD മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പടത്തിനൊപ്പം ഒരു പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ ഭർത്താവാണ് മുഹമ്മദ് റിയാസ് എന്ന് വ്യക്തമാക്കാനാണ് മരുമോൻ പ്രയോഗം. IUML News എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുന്ന സമയം 166 പേർ ഷെയർ ചെയ്തിരുന്നു.

പോരാളി വാസു എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് 60 പേർ ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.

എന്റെ മതേതര കോൺഗ്രസ് എന്ന ഐഡിയിൽ നിന്നും ഞങ്ങൾ പരിശോദിക്കുമ്പോൾ 30 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Fact Check/Verification
ഞങ്ങൾ “തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം നിർമ്മാണം പൂർത്തിയായ ഫ്‌ളൈ ഓവർ ഉദ്ഘാടനത്തിന് മുമ്പ് പൊളിഞ്ഞു,” എന്ന കീ വേർഡ് ഉപയോഗിച്ച് ഗൂഗിൾ സേർച്ച് ചെയ്തപ്പോൾ,PWD മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പോസ്റ്റ് കിട്ടി.
‘പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാം,” എന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ ബന്ധമില്ലെന്നാണ് പോസ്റ്റിൽ പറയുന്നത്.
ഒരു വിഷയം വരുമ്പോൾ അങ്ങ് അതിനെ കുറിച്ച് പഠിച്ചു FBപോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗി ?തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ?,” എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണത്തിന് മറുപടി എന്ന നിലയിൽ ഉള്ള ഈ പോസ്റ്റിൽ മന്ത്രി പറയുന്നത്.
തുടർന്നുള്ള പരിശോധനയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഫ്‌ളൈ ഓവര്‍ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട ദേശാഭിമാനി വാർത്ത കണ്ടു. “മെഡിക്കല്‍ കോളേജ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങളിൽ ഉൾപ്പെടുന്നതാണ് 18.06 കോടി രൂപ വകയിരുത്തിയിരിക്കുന്ന ഫ്‌ളൈ ഓവർ നിർമാണം. ഫ്‌ളൈ ഓവറിന്റെ ഫിനിഷിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു,” എന്ന് വാർത്ത പറയുന്നു.
”ജംഗ്ഷനിലെ പിഎംആറിനും മെന്‍സ് ഹോസ്റ്റലിനും സമീപം മുതല്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍വശം വരെ നീളം വരുന്നതാണ് പുതിയ ഫ്‌ളൈ ഓവര്‍. 96 മീറ്റര്‍ 96 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേല്‍പ്പാലത്തിന്റെ വീതി. മോട്ടോര്‍ വേ 7.05 മീറ്ററും വാ 04.05 മീറ്ററുമാണ്. ഇന്ത്യയില്‍ അപൂര്‍വമായിട്ടുള്ള ജോയിന്റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേല്‍പ്പാലം നിര്‍മ്മിച്ചിട്ടുള്ളത്,” എന്ന് വാർത്ത പറയുന്നു.

ഫെബ്രുവരി 22ലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് വാർത്ത പ്രകാരം ഇൻകലാണ് മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ നടത്തിപ്പുകാർ.

ഫ്ലൈ ഓവർ കൂടി ഉൾപ്പെടുന്ന മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ നടത്തിപ്പുകാർ ഇൻകലാണ് എന്ന് മെയ് 9 2019 ലെ കേരളാ കൗമുദി വാർത്തയും പറയുന്നു. മുംബയ് ആസ്ഥാനമായ റേ കൺസ്ട്രക്‌ഷൻ ലിമിറ്റഡാണ് കരാർ എടുത്തിരിക്കുന്നത്,കേരളാ കൗമുദി വാർത്ത പറയുന്നു.

ഇൻകലിന്റെ വെബ്‌സൈറ്റ് പ്രകാരം, ”സർക്കാർ ഏജൻസികൾ, പ്രമുഖ ആഗോള നിക്ഷേപകർ, എൻആർഐ വ്യവസായികൾ/ബിസിനസ്സുകാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) സംരംഭമാണ് ഇൻകെൽ ലിമിറ്റഡ്.
വ്യാവസായിക ബിസിനസ് പാർക്ക്, റോഡുകളും പാലങ്ങളും, വൈദ്യുതി, ഗതാഗതം, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ വൻകിട പദ്ധതികളിലേക്ക് സ്വകാര്യ മൂലധനവും പ്രൊഫഷണൽ വൈദഗ്ധ്യവും എത്തിക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ഇൻകെൽ ലിമിറ്റഡ് സ്ഥാപിച്ചത്.”വ്യവസായ മന്ത്രി പി രാജീവിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇൻകെൽ.

Conclusion
”മെഡിക്കൽ കോളേജിന് സമീപം നിർമ്മാണം പൂർത്തിയായ ഫ്‌ളൈ ഓവർ ഉദ്ഘാടനത്തിന് മുമ്പ് പൊളിഞ്ഞു,” എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പ്രചരിപ്പിക്കപ്പെടുന്നത് പോലെ PWDയ്ക്ക് ഇതിന്റെ നിർമാണവുമായി ബന്ധമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Misleading/Partly False
Sources
Facebook Post of Kerala PWD Minister P A Mohammed Riyas dated May 25,2022
News Report in Deshabhimani dated April 18,2022
News Report in New Indian Express Dated February 22,2022
News Report in Kerala Kaumudi dated May 9,2019
Information in Inkel Website
(കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി മേയ് 28,2022ൽ അപ്ഡേറ്റ് ചെയ്തത്.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.