സുപ്രീം കോടതി ജഡ്ജിമാരായ പർദിവാലയും സൂര്യകാന്തും പ്രണോയ് റോയ്, രാധിക റോയ്, റിനിത മജുംദാർ ,CPM ദമ്പതികളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരോടൊപ്പം ഉച്ച ഭക്ഷണം കഴിയ്ക്കുന്നു എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.നൂപുർ ശർമ്മയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിമാരാണ് അവർ എന്നും പോസ്റ്റുകൾ പറയുന്നു.
നൂപുര്‍ ശർമ രാജ്യത്തോട് മുഴുവൻ മാപ്പ് പറയണം എന്ന് കോടതി പറഞ്ഞതിനെ തുടർന്നാണ് പോസ്റ്റുകൾ. ”രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനെല്ലാം ഉത്തരവാദി നുപുർ ശർമയാണെന്നും അവരുടെ വാവിട്ട വാക്കുകൾ രാജ്യത്ത് തീ പടർത്തിയെന്നുമായിരുന്നു,” സുപ്രീംകോടതി കഴിഞ്ഞ വെള്ളിയാഴ്ച്ച പറഞ്ഞത്. ”നുപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്നും ,”സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
”അവരുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോ എന്നും സുപ്രീം കോടതി ചോദിച്ചു. ചാനൽ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്ന് നൂപുറിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ എന്നാൽ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു. നൂപുർ ശർമ പാർട്ടിയുടെ വക്താവാണെങ്കിൽ അധികാരം തലയ്ക്ക് പിടിച്ചോയെന്നും ചോദിച്ചു. നൂപുറിന്റെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി, ” ചൂണ്ടിക്കാട്ടി.
”രാജസ്ഥാനിലെ ഉദയ്പൂരിൽ നൂപുർ ശർമയ്ക്ക് അനുകൂലമായി സംസാരിച്ച തയ്യൽക്കാരനായ കനയ്യ ലാലിന്റെ കഴുത്തറത്തു കൊലപ്പെടുത്തിയ കാര്യം കൂടി ഓർമിപ്പിച്ചു കൊണ്ടാണ്,” പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത്. Ullas Kumar എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 16 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കണ്ടപ്പോൾ Mukkappuzha Nandakumar എന്ന ആൾ SURESH GOPI FAN’S CLUB (SGFC) എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് 14 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check /Verification
ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ഹിന്ദു പത്രത്തിന്‍റെ ഉടമ എന്‍. റാമിന്‍റെ ട്വീറ്റ് ലഭിച്ചു. ജസ്റ്റിസ് സുര്യകാന്തും ജസ്റ്റിസ് പാര്‍ദിവാലയുമാണ് എന്ന് പ്രചരിപ്പിക്കുന്ന ചിത്രം തന്‍റെയും തമിഴ് നാട് ധനമന്ത്രി പി. ത്യാഗരാജന്റെതുമാണ് എന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
“തമിഴ്‌നാട് ധനമന്ത്രി ശ്രീ. പി. ത്യാഗരാജൻ, ഡോ. പ്രണോയ് റോയ്, ശ്രീമതി രാധിക റോയ്, ശ്രീമതി ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, ശ്രീ, എൻ. റാം, ശ്രീമതി ദിപാലി സിക്കന്ദ് എന്നിവരുമായി ഒരു ഷെഫ് ടേബിൾ സെഷൻ,:” എന്ന വിവരണത്തോടെ മൈൻഡ് എസ്കേപ്സ് ക്ലബ് എന്ന ട്വീറ്റർ ഹാൻഡിൽ ജൂലൈ 3 ന് ഈ പടം ട്വീറ്റ് ചെയ്തിട്ടുണ്ട്.
സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ ജസ്റ്റിസ് സുര്യകാന്തിന്റെയും ജസ്റ്റിസ് പാര്‍ദിവാലയുടെയും പടങ്ങൾ ഉണ്ട്. പ്രണോയ് റോയ്, രാധിക റോയ്, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരോടൊപ്പം ചിത്രത്തിൽ കാണുന്നവർ സുപ്രീം കോടതിയുടെ വെബ്സൈറ്റിലെ പടത്തിലുള്ള ജസ്റ്റിസ് പാര്‍ദിവാലയും ജസ്റ്റിസ് സുര്യകാന്തും അല്ല, എന്ന് പരിശോധനയിൽ വ്യക്തമാണ്.


വായിക്കാം:കേരളത്തിൽ ഞായറാഴ്ചകൾ ഇനി പ്രവൃത്തി ദിനം ആക്കി എന്ന പോസ്റ്റുകൾ വ്യാജം
Conclusion
ചിത്രത്തിൽ ഡോ. പ്രണോയ് റോയ്, ശ്രീമതി രാധിക റോയ്, ശ്രീമതി ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട് എന്നിവരോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഹിന്ദു പത്രത്തിന്‍റെ ഉടമ എന്‍. റാമും തമിഴ് നാട് ധന മന്ത്രി പി. ത്യാഗരാജനുമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
Tweet by N Ram on July 5,2022
Tweet by MindEscapesClub on July 3,2022
Photos in Supreme Court Website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.