സിപിഎമ്മിന്റെ യുവ നേതാവും രാജ്യ സഭ എംപിയും സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റുമായ എ എ റഹിം മദ്യപിച്ചു പൊതുയോഗത്തിൽ സംസാരിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കും വിധം ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. വിവിധ കാപ്‌ഷനുകളോടൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
ആ പോസ്റ്റിലെ വീഡിയോടൊപ്പമുള്ള ഓഡിയോ ഇങ്ങനെയാണ്: ” I am not a problem. ഇഷ്‌ടം പോലെ മേടിച്ചിട്ടുണ്ട്. എനിക്ക് ഒരു വിഷയമല്ല അത്. എനിക്ക് അതിന്റെ ഒരു അഹംഭാവമില്ല. ഇഷ്ടം പോലെ മേടിച്ചിട്ടുണ്ട്. ഇഷ്‌ടം പോലെ കൊണ്ടിട്ടുണ്ട്.കൊച്ചു പിള്ളേര് വരെ എന്നെ തല്ലിയിട്ടുണ്ട്. സത്യം പറയാം. എന്റെ അമ്മച്ചിയാണേ.I am not a problem. എനിക്ക് ഒരു വിഷയമില്ല.” എന്നാണ് വീഡിയോയുടെ ഓഡിയോ പറയുന്നത്.
Cyber Congress എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 1.4 k ലൈക്കുകൾ ഞങ്ങൾ കണ്ടപ്പോൾ ഉണ്ടായിരുന്നു.

“ഇവനാണ് നുമ്മ പറഞ്ഞ കഞ്ചാവ് സോമൻ. മണി ആശാന് ശേഷം ഒരാൾ വേണ്ടേ പാർട്ടിയിൽ അന്യം നിന്ന് പോകരുതെല്ലോ,” എന്ന വിവരണത്തോടെ സലാം ചേലേമ്പ്ര എന്ന ആൾ IUML എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിനു 40 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
വീഡിയോയുടെ നിജ സ്ഥിതി അറിയാൻ ഞങ്ങൾ വീഡിയോ പരിശോധിച്ചു. അപ്പോൾ വീഡിയോയിൽ മീഡിയവണിന്റെ ലോഗോ കാണാൻ കഴിഞ്ഞു. തുടർന്ന് ഞങ്ങൾ എ എ റഹിം എന്ന കീ വേർഡ് ഉപയോഗിച്ചു മീഡിയവണിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു. അപ്പോൾ ഏപ്രിൽ 11 നുള്ള വീഡിയോ കണ്ടെത്തി. വീഡിയോയിൽ കാണുന്ന അതെ ബാനർ ആണ് റഹിം സംസാരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എന്ന് മനസിലായി.
കെ.വി തോമസിനെ നിലയ്ക്ക് നിര്‍ത്താന്‍ പറ്റാത്ത സുധാകരന്‍ ഈ പണി നിര്‍ത്തി പോയിക്കൂടെയെന്നും എ എ റഹീം മീഡിയവൺ വീഡിയോയിൽ പറയുന്നു. മീഡിയവണിന്റെ വീഡിയോയിലുള്ള അതെ വേഷമാണ് ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ എന്ന് മനസിലായി. പോരെങ്കിൽ വൈറൽ വീഡിയോയിലെ റഹീമിന്റെ വിവിധ ചേഷ്ടകളും ഈ വീഡിയോയിലെ ചേഷ്ടകളും ഒന്ന് തന്നെയാണ് എന്ന് മനസിലായി. വൈറൽ വീഡിയോയിലെ പോലെ ഈ വീഡിയോയിലെ പ്രസംഗത്തിൽ റഹീമിന്റെ വാക്കുകൾ കുഴയുന്നില്ല എന്നും പരിശോധനയിൽ വ്യക്തമാണ്.
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു എ എ റഹിം എന്ന് മീഡിയവൺ വീഡിയോയിൽ നിന്നും വ്യക്തമായി.
ഇതിൽ നിന്നും കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ കോൺഗ്രസ്സ് നേതാക്കൾ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദത്തെ കുറിച്ചാണ് റഹിം സംസാരിക്കുന്നത് എന്ന് മനസിലായി. സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ ശശി തരൂരും കെ വി തോമസും പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന് കോൺഗ്രസ്സ് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഹീമിന്റെ പ്രസംഗം.
പ്രസംഗത്തിൽ റഹിം മറ്റ് എന്തൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് പരിശോധിക്കാൻ ഞങ്ങൾ മറ്റ് ചിലമാധ്യമങ്ങളിൽ വന്ന റിപോർട്ടുകൾ കൂടി പരിശോധിച്ചു. കെ.വി തോമസിനെ നിലയ്ക്ക് നിര്‍ത്താന്‍ പറ്റാത്ത സുധാകരന്‍ ഈ പണി നിര്‍ത്തി പോയിക്കൂടെ. എംകെ സ്റ്റാലിനൊപ്പം കൂട്ടുകൂടാന്‍ കഴിയില്ലെന്ന് പറയാന്‍ സുധാകരന് കഴിയുമോ. സ്റ്റാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എഐസിസിക്ക് കത്തയക്കാന്‍ സുധാകരന്‍ തയാറാകുമോയെന്നും എ.എ റഹീം ആ വേദിയിൽ ചോദിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിടുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് സിപിഎമ്മുമായി വേദി പങ്കിടുന്നില്ല. ജമാഅത്തെ ഇസ്ലാമിയുമായി കിടക്ക പങ്കിടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും റഹീം ആ പ്രസംഗത്തിൽ പറഞ്ഞുവെന്ന് മറ്റ് മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസിലായി.
തുടർന്ന് ഞങ്ങൾ എ എ റഹിമുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത്,“എന്‍റെ പ്രസംഗത്തിന്‍റെ ഓഡിയോയുടെ സ്ഥാനത്ത് മറ്റൊരു ഓഡിയോഎഡിറ്റ് ചെയ്തു ചേർക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റിനെതിരെയുള്ള എന്റെ നിഷിദ്ധമായ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഓഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നത്,” എ എ റഹിം കൂട്ടിച്ചേർത്തു.
Conclusion
ഡിവൈഎഫ്ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ എ എ റഹിം നടത്തിയ പ്രസംഗത്തിലെ ഓഡിയോ എഡിറ്റ് ചെയ്താണ് ഈ വൈറൽ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
Result: Manipulated media/Altered Photo/Video
Sources
Video by Mediaone
Telephone conversation with A A Rahim MP
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.