1974ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായ റിച്ചാർഡ് നിക്സണ് അദ്ദേഹത്തിന്റെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റും നാഷണൽ ഡിഫെൻസ് അഡ്വൈസറുമായ ഹെൻറി കിസ്സിഞ്ചർ കൊടുത്ത നാഷണൽ സെകുരിറ്റി സ്റ്റഡി മെമ്മോറാണ്ടത്തിലെ ശുപാർശ അനുസരിച്ചു രൂപപ്പെടുത്തിയ ഒരു ജനസംഖ്യ നിയന്ത്രണ പദ്ധതിയാണ് കൊറോണ എന്ന വാദം ഡോക്ടർ ജെയിംസ് വടക്കുംചേരി എന്ന പ്രൊഫൈലിൽ നിന്നും പ്രചരിക്കുന്നുണ്ട്.മേയ് ഒൻപതാം തീയതി അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് കഴിഞ്ഞ 24 മണിക്കൂർ കൊണ്ട് തന്നെ 1.8 K വ്യൂവുകൾ കിട്ടിയിട്ടുണ്ട്.ഇന്ത്യ മുതൽ എത്യോപ്യ വരെയുള്ള പതിമൂന്ന് രാജ്യങ്ങളിൽ പെരുകുന്ന ജനസംഖ്യ അമേരിക്കയുടെ ഭാവി വികസനത്തിന് അപകടമാണ് എന്ന് മനസിലാക്കി തയ്യാറാക്കിയ റിപ്പോർട്ടിനെ തുടർന്ന് അവർ രൂപപ്പെടുത്തിയ ജനസംഖ്യ നിയന്ത്രണ പദ്ധതിയാണ് കൊറോണ എന്നാണ് അയാൾ വാദിക്കുന്നത് കുടുംബാസൂത്രണം,യുദ്ധം, ക്ഷാമം അങ്ങനെയെല്ലാം ചില കാര്യങ്ങൾ നടത്തി എത്രയും പെട്ടെന്ന് ഈ രാജ്യങ്ങളുടെ ജനസംഖ്യകൾ കുറയ്ക്കണം. ഈ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനരേഖ നാഷണൽ സെക്യൂരിറ്റി സ്റ്റഡി മെമ്മോറാണ്ടം എന്ന അമേരിക്കൻ രേഖയാണ് എന്ന് വടക്കുംചേരി വാദിക്കുന്നു. എയ്ഡ്സ് മുതൽ കൊറോണ വരെയുള്ള ഇല്ലാത്ത നുണ രോഗങ്ങൾ പരത്തിയാണ് അമേരിക്ക ജനസംഖ്യ കുറയ്ക്കുന്നത് എന്നാണ് അയാളുടെ വാദം.
വാക്സിനുകൾ അതിനുള്ള ഒരു മാർഗമാണ്. അത് ജനങ്ങളിൽ വന്ധ്യത സൃഷ്‌ടിക്കുന്നുവെന്നു അയാൾ വാദിക്കുന്നു. ബിൽ ഗേറ്റ്സ് പോലുള്ളവരുടെ ഫണ്ടിങ്ങിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത് എന്നും അയാൾ വാദിക്കുന്നു.ഒരു മഹാമാരിയുടെ സാധ്യതയെക്കുറിച്ച് ഗേറ്റ്സ് ഒന്നിലധികം തവണ പറഞ്ഞതാണ് ഇതിന് ഒരു ഉദാഹരണമായി വടക്കുംചേരി ചൂണ്ടിക്കാട്ടുന്നത്.
ഭരണാധികാരികളും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയെല്ലാം ഇവരുടെ അടിമകളാണ്. വാക്സിനേഷൻ, മാസ്ക്, കോവിഡ് പ്രോട്ടോകോൾ എന്നിവയെല്ലാം അവരുടെ നിർദ്ദേശപ്രകാരം ഈ അജണ്ട നടപ്പാക്കാനുള്ള ഉപകരണങ്ങളാണ്.അമേരിക്കയെ നിയന്ത്രിക്കുന്ന, ട്രംപിനെ മറിച്ചിട്ട താല്പര്യങ്ങളാണ് ഇവ സൃഷ്‌ടിക്കുന്നത് എന്നും അയാൾ വാദിക്കുന്നു.

Fact Check/Verification
ആദ്യം പരിശോധിക്കേണ്ടത് ആരാണ് ജേക്കബ് വടക്കുംചേരി എന്നാണ്. സ്വയം പ്രഖ്യാപിത നാച്ചുറോപ്പതി ചികിത്സകനാണ് അയാൾ.
2018ൽ തിരുവനന്തപുരം സിറ്റി പോലീസ് വടക്കുംചേരിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.സർക്കാർ എലിപനിയ്‌ക്കെതിരെ നിർദ്ദേശിച്ച പ്രതിരോധ മരുന്നിന്റെ ആധികാരികത ചോദ്യം ചെയ്തതിനാണ് ഇത്. തുടർന്ന് അയാളെ എലിപനിയെ സംബന്ധിച്ച തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പങ്കുവെച്ചതിന് ക്രൈംബ്രാഞ്ചിലെ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. എലിപനി തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ആരോഗ്യവകുപ്പ് നിർദ്ദേശിച്ച ഡോക്സിസൈക്ലിൻ മാരകമായ അലർജിക്ക് കാരണമാകുമെന്ന് ജേക്കബ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവകാശപ്പെട്ടിരുന്നു. എലിപനിയോടുള്ള ഭയത്തെ മുതലെടുക്കാൻ ഫാർമ കമ്പനികൾ ശ്രമിക്കുന്നതായും അയാൾ ആരോപിച്ചിരുന്നു.

2020ൽ കൊറോണ വൈറസ് അണുബാധ കൊണ്ട് ഒരു രോഗവുമുണ്ടാവുന്നില്ല എന്ന്,ഒരു വീഡിയോയിലൂടെ അഭ്യൂഹം പരത്തിയതിനു ജേക്കബ് വടക്കാഞ്ചേരിയ്ക്ക് എതിരായി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അത്തരം ഗൂഢാലോചന സിദ്ധാന്തങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡ് -19 വാക്‌സിനേഷനെക്കുറിച്ചുള്ള സംശയം വർദ്ധിപ്പിക്കുന്നു. ഇത്തരം കിംവദന്തികൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന്റെ ഫലമായി പാശ്ചാത്യ രാജ്യങ്ങളിൽ പലപ്പോഴും വാക്സിൻ വിരുദ്ധ വികാരം വളരുകയാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അത്തരത്തിലുള്ള ഒരു സിദ്ധാന്തം പ്രചരിപ്പിക്കുന്നത്, കോവിഡ് -19 വാക്സിനുകൾ ആഫ്രിക്കയിലെ ജനസംഖ്യാ വർധനവ് തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നു ആ റിപ്പോർട്ടിൽ പറയുന്നു.

ഗേറ്റ്സ് ഈ പകർച്ചവ്യാധി സൃഷ്ടിച്ചുവെനാണല്ലോ ഗൂഢാലോചന സിദ്ധാന്തക്കാർ അവകാശപ്പെടുന്നത്. ഹൃദയാഘാതത്തിന്റെ സാധ്യതയെക്കുറിച്ച് വർഷങ്ങളോളം നിങ്ങൾ ഒരാൾക്ക് മുന്നറിയിപ്പ് നൽകിയെന്നു വെക്കുക. അതിനു ശേഷം അയാൾക്ക് ഹൃദയാഘാതമുണ്ടായാൽ അതിന് നിങ്ങളെ കുറ്റപ്പെടുത്തുന്നത് പോലെയല്ലേ ഇത്?,ഫോർബ്സ് ഒരു ലേഖനത്തിൽ ചോദിക്കുന്നു.
യഥാർത്ഥ ശാസ്ത്രജ്ഞർ ഉന്നയിച്ച മഹാമാരിയെ കുറിച്ചുള്ള ആശങ്കകൾ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു ഗേറ്റ്സ്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഈ ഗൂഢാലോചന സിദ്ധാന്തങ്ങൾ മഹാമാരി നിയന്ത്രിക്കാൻ ഒന്നും ചെയ്യുന്നില്ല. വാസ്തവത്തിൽ, ശാസ്ത്രജ്ഞർ, ആരോഗ്യ വിദഗ്ധർ, വൈറസിനെതിരെ പൊരുതുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രമങ്ങളെ പിന്നോട്ട് വലിക്കുകയാണ് അവർ ചെയ്യുന്നത് എന്ന് ഫോബ്സിലെ ലേഖനം പറയുന്നു.


ജനസംഖ്യ നിയന്ത്രണത്തിനുള്ള ഒരു ഗൂഢാലോചന കൊറോണ വൈറസിനുള്ള വാക്സിനുകൾ എന്ന വാദം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വി.ജി. സോമാനി തള്ളി.
വാക്സിനുകൾ 100 ശതമാനം സുരക്ഷിതമാണ്. നേരിയ പനി, വേദന, അലർജി തുടങ്ങിയ ചില പാർശ്വഫലങ്ങൾ ഓരോ വാക്സിനും സാധാരണമാണ്. ആളുകളിൽ വന്ധ്യത ഉണ്ടാക്കും എന്ന വാദം അസംബന്ധമാണ് എന്ന് ”വാർത്താ ഏജൻസിയായ എ എൻ ഐ യോട് സോമാനി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

Conclusion
ജനസംഖ്യ വർദ്ധനവ് തടയാനുള്ള ഒരു പദ്ധതിയാണ് കൊറോണ വൈറസ് എന്ന ഗൂഢാലോചന സിദ്ധാന്തം അപകടകരമാണ്. ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ വാക്‌സിനെതിരെ ഒരു അവിശ്വാസം ഉണ്ടാവാൻ അത് കാരണമായിട്ടുണ്ട്. ഈ ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുന്ന ജേക്കബ് വടക്കുംചേരി മുൻപ് പല വട്ടം പകർച്ചവ്യാധികൾ പടർന്നു പിടിച്ച സന്ദർഭത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തിയതിനു പോലീസ് നടപടിയ്ക്ക് വിധേയനായിട്ടുള്ള ആളാണ്.
യഥാർത്ഥ ശാസ്ത്രജ്ഞർ ഉന്നയിച്ച മഹാമാരിയെ കുറിച്ചുള്ള ആശങ്കകൾ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു ഗേറ്റ്സ്. വാസ്തവത്തിൽ, ശാസ്ത്രജ്ഞർ, ആരോഗ്യ വിദഗ്ധർ, വൈറസിനെതിരെ പൊരുതുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രമങ്ങളെ പിന്നോട്ട് വലിക്കുകയാണ് ഗൂഢാലോചന സിദ്ധാന്തം ചെയ്യുന്നത്.
ജനസംഖ്യ നിയന്ത്രണത്തിനുള്ള ഒരു ഗൂഢാലോചനയാണ് കൊറോണ വൈറസിനുള്ള വാക്സിനുകൾ എന്ന വാദം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വി.ജി. സോമാനി തന്നെ തള്ളി കളഞ്ഞതാണ്.
Result: False
Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.