Claim: സുരേഷ് ഗോപി ലൂർദ്ദ് പള്ളിയിലെ മാതാവിന് കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാൻ തള്ളിയിട്ടു.
Fact: ഈ അവകാശവാദം വ്യാജമാണ്. ആ പരിപാടി കൈരളി ടിവി കവർ ചെയ്തിരുന്നില്ല.
മകളുടെ വിവാഹത്തിന് മുന്നോടിയായി സുരേഷ് ഗോപിയുടെ കുടുംബം ഈ ആഴ്ച്ചയുടെ ആദ്യം തൃശ്ശൂരിലെ ലൂർദ്ദ് പള്ളിയിലെ മാതാവിന് കിരീടം കൊടുത്തിരുന്നു. സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ഥിക്കുന്നതിനിടെ സ്വര്‍ണ കിരീടം താഴെ വീണ് മുകുള്‍ ഭാഗം വേര്‍പ്പെട്ടു. സുരേഷ് ഗോപി അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് സമര്‍പ്പിച്ചത്. അതേസമയം കിരീടം സമര്‍പ്പിച്ചത് മാതാവ് സ്വീകരിച്ചില്ലെന്ന തരത്തിലും ചിലര്‍ പറയുന്നു. ആ കീരീടം താഴെ വീണത് ധാരാളം ട്രോളുകൾക്ക് ഇടയാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം തൃശ്ശൂരിൽ ജനുവരി 17,2024 ന് നടന്നിരുന്നു. അതിന് മുന്നോടിയായാണ് ഈ ആഴ്ച്ച കിരീടം കൊടുത്തത്. ഈ സാഹചര്യത്തിൽ സ്വർണ്ണ കിരീടം വീണതല്ല കൈരളിയുടെ ക്യാമറാമാൻ തള്ളിയിടത്താണ് എന്നൊരു പ്രചരണം, ഒരു വീഡിയോ ഷെയർ ചെയ്തു കൊണ്ട്, നടക്കുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവി പരിപാടി അലങ്കോലപ്പെടുത്തിയെന്നാണ് പ്രചരിപ്പിക്കുന്നവരുടെ വാദം. വീഴും മുൻപ് അതിന് തൊട്ട് പിറകിൽ നിന്നും ഫോട്ടോ എടുക്കുന്ന ആളുടെ ഡിഎസ്എൽആർ ക്യാമറ കിരീടത്തിൽ തൊടുന്നത് ദൃശ്യത്തിൽ കാണാം.
“സ്വർണ്ണ കിരീടം താഴെ വീണതല്ല. കൈരളി ചാനലിന്റെ ചാനലിന്റെ ക്യാമറ മാൻ മനപ്പൂർവ്വം സ്വർണ്ണ കിരീടം തട്ടി താഴെയിട്ടതാണ്. ഇവനൊക്കെ എന്തിനാ ഇത്രേ അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഫേസ്ബുക്കിലും പോസ്റ്റ് വൈറലാണ്. ഞങ്ങൾ കാണും വരെ The Nationalist എന്ന ഐഡിയിൽ നിന്നും 3 k ആളുകൾ പോസ്റ്റ് ഷെയർ ചെയ്തു.

ഇവിടെ വായിക്കുക: Fact Check: ₹ 500യുടെ പുതിയ നോട്ടിൽ രാമക്ഷേത്രത്തിന്റെ ഫോട്ടോ ഉണ്ടോ?
Fact Check/Verification
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ജനുവരി 17,2024 ൽ കൈരളി ടിവി കൊടുത്ത വിശദീകരണം അവരുടെ ഫേസ്ബുക്ക് പേജിൽ ഞങ്ങൾ കണ്ടു.
“ആ സംഭവം റിപ്പോർട്ട് ചെയ്യാൻ കൈരളി ടിവിയുടെ വാർത്താ സംഘം പോയിട്ടില്ല എന്നതാണ് സത്യാവസ്ഥ. ഈ പരിപാടിക്ക് കൈരളിയെ ആരും ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സ്വകാര്യ പരിപാടി ആയതിനാൽ ചിത്രീകരിക്കാനായി കൈരളി റിപ്പോർട്ടറോ ക്യാമറാമാനോ പോയിട്ടുമില്ല,” എന്നാണ് വിശദീകരണത്തിൽ പറയുന്നത്. അതിൽ നിന്നും കൈരളിയുടെ ക്യാമറാമാൻ ആ പരിപാടിയ്ക്ക് പോയിരുന്നില്ല എന്ന് വ്യക്തമാണ്.

തുടർന്ന് ഞങ്ങൾ കൂടുതൽ വ്യക്തതയ്ക്കായി കൈരളി ടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രനെ വിളിച്ചു. “ഞങ്ങൾ ഈ പ്രോഗ്രാം കവർ ചെയ്യാൻ പോയിരുന്നില്ല. മറ്റ് ചാനലുകളിൽ വാർത്ത പോകുന്നത് കണ്ട് ഈ വിഷ്വലുകൾ സംഘടിപ്പിച്ച് ഡിജിറ്റൽ മീഡിയയിൽ കൊടുത്തിരുന്നു. എന്നാലും ഞങ്ങളുടെ വാർത്ത ബുള്ളറ്റിനുകളിൽ ഈ വിഷ്വൽ ഉപയോഗിച്ചിരുന്നില്ല. തൃശൂരിലെ ഞങ്ങളുടെ ക്യാമറാമാൻ പി പി സലീമും റിപ്പോർട്ടർ തിയോഫിനുമാണ്. അവർ അവിടെ പോയിരുന്നെന്നെങ്കിൽ അവർ മറ്റ് പത്രപ്രവർത്തകർ ആരുടെയെങ്കിലും ശ്രദ്ധയിൽ വരുമായിരുന്നു. പോരെങ്കിൽ ആ പരിപാടി നടക്കുന്ന സമയത്ത് തൃശ്ശൂരിലെ ഞങ്ങളുടെ റിപ്പോർട്ടിങ്ങ് ടീം മറ്റൊരിടത്ത് വേറെ ഒരു പരിപാടി കവർ ചെയ്യുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.
“അടുത്ത ദിവസത്തെ മോർണിംഗ് ഷോയിൽ തന്നെ ഞങ്ങൾ ഈ പരിപാടി കവർ ചെയ്തിട്ടില്ലെന്ന വിശദീകരണം നൽകി. അല്ലെങ്കിൽ പല തരത്തിലുള്ള വ്യഖ്യാനങ്ങൾക്കും ഇത് ഇടയാക്കുമായിരുന്നു,” അദ്ദേഹം കൂടി ചേർത്തു.
ഇവിടെ വായിക്കുക: Fact Check: രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കേരളത്തിൽ വൈദ്യുതി തടസ്സമില്ല
Conclusion
സുരേഷ് ഗോപി ലൂർദ്ദ് പള്ളിയിൽ മാതാവിന് കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാൻ തള്ളിയിട്ടുവെന്നഅവകാശവാദം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആ പരിപാടി കൈരളി ടിവി കവർ ചെയ്തിരുന്നില്ല.
Result: False
ഇവിടെ വായിക്കുക: Fact Check: എംടി വാസുദേവന്‍ നായരെ പിവി അന്‍വര്‍ ആക്ഷേപിച്ചോ?
Sources
Facebook video of Kairali TV on January 17, 2024
Telephone conversation with Kairali TV Executive Editor Sarath Chandran
Telephone conversation with Kairali TV Executive Editor Sarath Chandran