Claim
മണിപ്പൂരിൽ ബൈക്കിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന യുവാക്കൾ. ഗുജറാത്തിന്റെ പേരിലും വീഡിയോ പ്രചരിക്കുന്നുണ്ട്. 41,621 പെൺകുട്ടികളെ കാണാതെ ആയിട്ടുണ്ട് എന്നും പ്രചരണം.
Fact
വീഡിയോ ബിഹാറിൽ നിന്നുള്ളത്. കാണാതെ പോയ സ്ത്രീകളിൽ ഭൂരിപക്ഷത്തിനെയും തിരിച്ചു കിട്ടി എന്ന് ഗുജറാത്ത് പോലീസ് വിശദീകരിച്ചിട്ടുണ്ട്.
മണിപ്പൂരിൽ ബൈക്കിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന യുവാക്കളുടേത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുജറാത്തിന്റെ പേരിലും ഇതേ വീഡിയോ പ്രചരിക്കുന്നുണ്ട്.
“ഗുജറാത്തിൽ 41,621 പെൺകുട്ടികളെ കാണാതെ ആയിട്ടുണ്ട്. ഇത് അതിൽ ഒന്ന് മാത്രം,” എന്ന രീതിയിലാണ് പ്രചരണം. മണിപ്പൂരിനെ കുറിച്ചാണെങ്കിൽ അത്രയും പെൺകുട്ടികൾ മണിപ്പൂരിൽ നിന്നും കാണാതെയായിട്ടുണ്ട് എന്ന് പറയുന്നു.
Azar Konni എന്ന ഐഡിയൽ നിന്നും മണിപ്പൂരിന്റെ പശ്ചാത്തലത്തിലിട്ട പോസ്റ്റ് 657 പേർ ഷെയർ ചെയ്തിട്ടുണ്ട്.

ജലീൽ ജലീൽ എന്ന ഐഡിയിൽ നിന്നും മണിപ്പൂരിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്റിന് 352 ഷെയറുകൾ ഉണ്ടായിരുന്നു.

ഗുജറാത്തിന്റെ പശ്ചാത്തലത്തിൽ സഖാവ് രജിത് എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കാണും വരെ 108 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ജനാധിപത്യ ഐക്യമുന്നണി- IDUF എന്ന ഐഡിയിൽ നിന്നും 21 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റും.

ഇവിടെ വായിക്കുക:Fact Check:നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ മണിപ്പൂരിൽ നിന്നുള്ളതാണോ?
Fact check/ Verification
41,621 പെൺകുട്ടികളെ ഗുജറാത്തിലോ, മണിപ്പൂരിലോ കാണാതെയായിട്ടുണ്ടോ എന്ന് ആദ്യം അന്വേഷിച്ചു. മണിപ്പൂരിൽ നിന്നും അത്തരം വാർത്തകൾ ഒന്നും കിട്ടിയില്ല.
എന്നാൽ ഗുജറാത്തിൽ നിന്നും ഇത്രയും സ്ത്രീകൾ 5 വർഷത്തിനിടയിൽ കാണാതെയാതായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഞങ്ങൾക്ക് കിട്ടി.
എന്നാൽ മേയ് 8,2023ലെ ഒരു ട്വിറ്റർ ത്രെഡിൽ ഗുജറാത്ത് പോലീസ് ഇതിന് വിശദീകരണം നൽക്കുന്നുണ്ട്.
“5 വർഷത്തിനിടെ ഗുജറാത്തിൽ 40,000 സ്ത്രീകളെ കാണാതായതായി നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ(NCRB) ന്യൂ ഡൽഹിയുടെ ഡാറ്റാ സ്രോതസ്സുകളെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും, നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (NCRB), പ്രസിദ്ധീകരിച്ച ക്രൈം ഇൻ ഇന്ത്യ, കണക്കുകൾ പ്രകാരം, 2016-20 കാലയളവിൽ കാണാതായ 41,621 സ്ത്രീകളിൽ 39,497 (94.90%) സ്ത്രീകളെ, ഗുജറാത്ത് പോലീസ് കണ്ടെത്തി. അവർ അവരുടെ കുടുംബങ്ങളുമായി ഒന്നിച്ചു,” ഗുജറാത്ത് പോലീസ് പറയുന്നു.
“കുടുംബവഴക്ക്, ഒളിച്ചോട്ടം, പരീക്ഷയിലെ പരാജയം തുടങ്ങിയ കാരണങ്ങളാൽ സ്ത്രീകളെ കാണാതാവുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, ലൈംഗികചൂഷണം, അവയവക്കടത്ത് തുടങ്ങിയവയ്ക്ക് വേണ്ടി സ്ത്രികളെ കടത്തിയതായി കണ്ടെത്തിയിട്ടില്ല,” ഗുജറാത്ത് പോലീസ് തുടർന്നു.

തുടർന്ന്, വീഡിയോയുടെ കീ ഫ്രെയിമുകൾ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ ബിഹാറിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്ന് മനസ്സിലായി.
ഫ്രീ പ്രസ്സ് ജേർണൽ ജൂൺ 6,2023 ൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ഈ വീഡിയോയുടെ ഒരു കീ ഫ്രെയിം കൊടുത്തിട്ടുണ്ട്.

“ബിഹാറിലെ അരാരിയയിൽ പകൽ സമയത്ത് നടന്ന സംഭവത്തിൽ, മറ്റൊരു ജാതിയിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചതിന് ഒരു സ്ത്രീയെ സ്വന്തം കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത് ക്രമസമാധാനത്തിന്റെ അഭാവത്തെക്കുറിച്ചും ബീഹാറിലെ നിയമം ലംഘിക്കുന്നവരുടെ ഭയമില്ലായ്മയെക്കുറിച്ചും നിരവധി ആളുകൾ അഭിപ്രായപ്പെടുന്നതിന് കാരണമായി,” റിപ്പോർട്ട് പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയും ജൂൺ 6,2023 ൽ ഈ വീഡിയോയ്‌ക്കൊപ്പം ഒരു വാർത്ത പ്രസീദ്ധീകരിച്ചിട്ടുണ്ട്. “ബിഹാറിലെ അരാരിയയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു പെൺകുട്ടിയെ അവളുടെ ബന്ധുക്കളായ രണ്ടു പേർ പട്ടാപ്പകൽ ബലമായി തട്ടിക്കൊണ്ടുപോയി. അവളുടെ മിശ്രവിവാഹത്തോടുള്ള എതിർപ്പിനെ തുടർന്നാണ് ഈ അസ്വസ്ഥജനകമായ ഈ സംഭവം. വരൻ വേറൊരു ജാതിയിൽ ഉള്ളതായതിനാൽ വധുവിന്റെ വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചെങ്കിലും പെൺകുട്ടി അടുത്തിടെ കാമുകനെ വിവാഹം കഴിച്ചിരുന്നു. രണ്ടു പേർ ചേർന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്,” റിപ്പോർട്ട് പറയുന്നു.

ഇവിടെ വായിക്കുക: Fact Check:‘ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതൽ,’ സന്ദേശം ആർസിസിയുടേതല്ല
Conclusion
വീഡിയോ മണിപ്പൂരിൽ നിന്നോ ഗുജറാത്തിൽ നിന്നോ ഉള്ളതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ബിഹാറിൽ നിന്നുള്ളതാണ് ഈ വീഡിയോ. പോസ്റ്റിലെ മറ്റൊരു ആരോപണം 41,621 പെൺകുട്ടികളെ കാണാതെ ആയി എന്നാണ്. ഗുജറാത്തിൽ അഞ്ചു വർഷത്തിനിടയിൽ അത്രയും സ്ത്രീകളെ കാണാതായിട്ടുണ്ട്. എന്നാൽ കാണാതെയായ 94.90% സ്ത്രീകളെയും കണ്ടെത്തിയായി ഗുജറാത്ത് പോലീസ് പറയുന്നു.
ഇവിടെ വായിക്കുക: Fact Check: റയാൻ ഖാൻ പ്രണയിനി പ്രഭാസിങ്ങിനെ സ്യൂട്ട്കെയ്സിലാക്കി എന്ന പ്രചരണത്തിന്റെ വാസ്തവം
Sources
Tweet by Gujarat Police on May 8, 2023
News Report by Times of India on June 6, 2023
News report by Free Press Journal on June 6, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.