Claim
“എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി,എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന പ്രധാന വർത്തയുള്ള ജൂൺ 5,2024ലെ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ്.
Fact
ദേശാഭിമാനിയുടെ മുൻപേജ് വ്യാജമാണ്.
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 18 മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചു. ആകെ ഉണ്ടായിരുന്ന 20 മണ്ഡലങ്ങളിൽ തൃശൂർ ബിജെപി ജയിച്ചപ്പോൾ, ആലത്തൂർ മാത്രമാണ് എൽഡിഎഫ് നേടിയത്.
ഈ സാഹചര്യത്തിൽ,”എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി,എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന പ്രധാന വർത്തയുള്ള ജൂൺ 5,2024ലെ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂൺ 4, 2024നാണ്. അതിന്റെ പിറ്റേദിവസത്തെ പത്രം എന്ന നിലയിലാണ് ഇത് ഷെയർ ചെയ്യുന്നത്. കൊച്ചി എഡിഷൻ പത്രത്തിന്റെ പേജ് എന്ന നിലയിലാണ് പ്രചരിക്കുന്നത്.

ഇവിടെ വായിക്കുക:Fact Check: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതിൽ സന്തോഷം എന്ന് ഇപി ജയരാജൻ പറഞ്ഞോ?
Fact Check/Verification
ഞങ്ങൾ പ്രചരിക്കുന്ന മുൻപേജ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിൽ കാണുന്ന പത്രത്തിലെ അതേ പരസ്യങ്ങൾ ചേർത്ത ദേശാഭിമാനി പത്രത്തിന്റെ ഒരു മുൻപേജ് ന്യൂസ്‌പേപ്പർകാർട്ട് എന്ന വെബ്‌സൈറ്റിൽ കൊടുത്തത്തിലേക്ക് അത് നയിച്ചു. ഇസ്രായേലി മിസൈലിന് പച്ചകോടി എന്നാണ് ആ പത്രത്തിലെ പ്രധാന തലക്കെട്ട്. വൻ അഴിമതിയ്ക്ക് കളം ഒരുങ്ങി എന്ന സബ്ഹെഡിങ്ങും പ്രധാനവാർത്തയോടൊപ്പമുണ്ട്.
സാൻ്റാ ക്ളോസിന്റെ ചിത്രവും മുൻ പേജിലുണ്ട്. സാൻ്റാ ക്ളോസിന്റെ ചിത്രത്തിനു മുകളിലാണ് കെ രാധാകൃഷ്ണൻ്റെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്തതാണ് വൈറലായ ചിത്രം നിർമ്മിച്ചത്. ആ പത്രം സൂം ചെയ്തു നോക്കിയപ്പോൾ, അതിൽ 2013 ഡിസംബർ 25 ബുധൻ എന്ന് വായിക്കാൻ കഴിഞ്ഞു. ഒരു ബ്ലോഗിലും 2013 ഡിസംബർ 25ലെ ദേശാഭിമാനി എന്ന പേരിൽ ഈ മുൻപേജ് കൊടുത്തിട്ടുണ്ട്.

പോരെങ്കിൽ ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിൽ കാണുന്നത് ദേശാഭിമാനിയുടെ പഴയ ലോഗോ ആണ്. 2018 മേയ് ഒന്നുമുതൽ ദേശാഭിമാനി ലോഗോ പരിഷകരിച്ചിരുന്നു.
വോട്ടെണ്ണലിൻ്റെ പിറ്റേദിവസത്തെ (ജൂൺ 5,2024)ലെ ദേശാഭിമാനി കൊച്ചി എഡിഷന്റെ ഇ പേപ്പർ പരിശോധിച്ചു.”ഇന്ത്യ ജ്വലിച്ചു, മോദി വിറച്ചു” എന്നാണ് മുൻപേജിലെ പ്രധാന വാർത്ത. പേജിൽ താഴെയായി ആലത്തൂരിലെ വിജയത്തിൻ്റെ വാർത്തയും നൽകിയിട്ടുണ്ട്. ആലത്തൂരിൽ എൽഡിഎഫ് എന്നാണ് അതിന്റെ തലക്കെട്ട്.

ഞങ്ങൾ ദേശാഭിമാനിയുടെ ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായിയെ വിളിച്ചു. “ശ്രദ്ധിച്ചാൽ ആ പ്രധാന വാർത്തയ്ക്ക് കൊടുത്തിരിക്കുന്ന ഡെയിറ്റ്‌ലൈൻ ന്യൂഡൽഹിയാണ് എന്ന് മനസ്സിലാവും. കേരളത്തിലെ വാർത്തയ്ക്ക് ന്യൂഡൽഹി ഡെയിറ്റ്‌ലൈൻ വരില്ലല്ലോ? ഞങ്ങളുടെ അന്നത്തെ പ്രധാന വാർത്ത ഇന്ത്യ മുന്നണിയും എൻഡിഐയും നേടിയ സീറ്റുകൾ വെച്ചായിരുന്നു. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ദേശാഭിമാനിയുടെ പേജ് വ്യാജമാണ്,” എന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: മോദിക്ക് പിന്തുണ കൊടുത്തതിന് ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്ന വീഡിയോ അല്ലിത്
Conclusion
വോട്ടെണ്ണലിൻ്റെ പിറ്റേദിവസം ദേശാഭിമാനി പത്രത്തിന്റെ മുൻപേജിൽ ‘എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി, എൽഡിഎഫ് ആലത്തൂർ തൂത്തുവാരി’ എന്ന തലകെട്ടുള്ള വാർത്ത വന്നിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Altered Photo
ഇവിടെ വായിക്കുക:Fact Check: കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ച പാടാണോ ഇത്?
Sources
newspaperkart.com
e-paper of Deshabhimani dated June 5, 2024
Telephone Conversation with Deshabhimani Chief News Editor Manoharan Morayi
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.