India Vision പിരിച്ചുവിട്ട റിപ്പോർട്ടർ ആണ് സികെ വിജയൻ എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇപ്പോൾ മാതൃഭൂമി ന്യൂസിൽ ഉള്ള സികെ വിജയൻ കള്ളക്കടത്ത് കേസിൽ സിപിഎം ബന്ധം ആരോപിക്കുന്ന ഒരു ഓഡിയോ പുറത്തു വിട്ടിരുന്നു. അതിനെ തുടർന്നാണ് ഈ പ്രചരണം.
വിജയനെതിരെ പ്രചരിക്കുന്ന പോസ്റ്റിലെ വാചകങ്ങൾ ഇതാണ്:
ഇതാണ് CK വിജയൻ എന്ന മാതൃഭൂമിയിലെ പരമ മാന്യനായ റിപ്പോർട്ടർ, ഏതോ ഒരു അജ്ഞാതന്റെ വോയിസ് കേൾപ്പിച്ചു CPIM നെ കഴുവേറ്റാൻ നടക്കുന്നവൻ, ഇത് തന്നെയാണ് പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിന് ഉദാഹരണം. നിങ്ങൾക്ക് പറ്റുമെങ്കിൽ പറ ആരുടേതാണ് ആ വോയിസ് എന്ന് …CPIM കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിന്റെ ചുവരിൽ പോസ്റ്റർ ഒട്ടിച്ചിട്ട് CPIM വിഭാഗീയത എന്ന് വാർത്ത റിപ്പോർട്ട് ചെയ്തതിന് കയ്യോടെ പിടിക്കപ്പെട്ട അളല്ലേ, അതിന്റെ പേരിൽ അല്ലെ ഇന്ത്യാ വിഷനിൽ നിന്ന് പുറത്താക്കായത്, ഇത്തരം തരം താഴ്ന്ന മാധ്യമ പ്രവർത്തനം നടത്തുന്ന ആളിന്റെ കയ്യിൽ എങ്ങനെയാണ് സ്വർണ കടത്തുകാരന്റെ വോയ്സ് കിട്ടിയതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും#GetLostMediaLiars
എന്താണ് സി കെ വിജയൻ ഇപ്പോൾ വിവാദത്തിലാവാൻ കാരണം?
തട്ടിയെടക്കുന്ന സ്വര്‍ണം മൂന്നായി വീതംവയ്ക്കുമെന്നും ഒരു ഭാഗം പാര്‍ട്ടിക്കെന്നും സികെ വിജയൻ പുറത്തു വിട്ട ശബ്ദരേഖയിൽ ആരോപിക്കുന്നു. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് ‘പാര്‍ട്ടി’ എന്ന് ഓഡിയോയിൽ പറയുന്നത്. ഇവര്‍ക്ക് ഒരു പങ്ക് കൊടുത്താൽ അന്വേഷണം ഉണ്ടാവില്ലെന്ന് ഓഡിയോയിൽ പറയുന്നു.
ഓഡിയോ പറയുന്നത്:
എയര്‍പോര്‍ട്ടില്‍ നമ്മുടെ ടീം കൂട്ടാന്‍ വരും. നീ വണ്ടിയില്‍ കയറി കൊണ്ടുപോയാല്‍ മാത്രം മതി. ഷാഫി, ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി, ഇവരില്‍ രണ്ടുപേര്‍ ഒരുമിച്ചുണ്ടാകും.
എന്റെ ഒരു അനിയനുമുണ്ടാകും മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാരാകുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്.
ഷാഫിക്കാനെയോ സുനിയണ്ണനെ കൊണ്ടോ വിളിപ്പിക്കും. നമ്മുടെ പിള്ളേരാണ് പറ്റിപ്പോയി എന്ന് പറയും.വീണ്ടും വരികയാണെങ്കില്‍ നേരിട്ടുപോയി കാണും മൂന്നിലൊന്ന് ഷാഫിക്കും തില്ലങ്കേരിക്കും കൊടുക്കുന്നത് നിന്നെ സേഫ് ആക്കാനാണ് .കണ്ണൂരിലും കോഴിക്കോടുമായി കളിക്കുന്നത് നിന്നെ സേഫ് ആക്കാനാണ് .ഒന്നും ഇല്ലാത്ത ഓണറാണെങ്കില്‍ രണ്ടു മൂന്നു പ്രാവിശ്യം അന്വേഷിച്ച് വരാന്‍ നോക്കും. ഒരാളാണെങ്കില്‍ പിറകില്‍ ആരെങ്കിലും ഉണ്ടെന്ന് അറിഞ്ഞാല്‍ ഷാഫിക്കാടെ ടീമാണെന്ന് അറിഞ്ഞാല്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് .
നീ ഒറ്റയ്ക്കാണെങ്കില്‍ മൂന്നാല് മാസം കഴിഞ്ഞാലും നിന്നെ വിടില്ല, പാര്‍ട്ടീന്നാണെന്ന് വിളിച്ച് വിളിച്ച് പറയും. ബേജാറാകണ്ട നടക്കാത്തതല്ല ഇതൊന്നും, ഒരു പ്രശ്‌നവുമില്ല , ആരും പിറകെ വരില്ല. നാലുമാസമായി ഒരുപാട് ഗെയിം നടന്നിട്ടുണ്ട്. ഒരുപാട് സാമ്പത്തികമുള്ളയാളാണെങ്കില്‍ ഒറ്റ ഒരു പ്രാവിശ്യം കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്ന് ചങ്ങാതിമാര്‍ അന്വേഷിക്കും. എങ്ങനെ ആയാലും 10 – 12 ദിവസം അന്വേഷണം നടത്തി ഒഴിവാക്കും. അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്.
ഇത്രമാത്രം പറയും. പറ്റിപ്പോയി. ബുദ്ധിമുട്ടിച്ചാല്‍ ഇങ്ങനെയാകില്ല ബന്ധപ്പെടുകയെന്ന് പറയും. അപ്പോള്‍ അവന്റെ ഭാഗത്ത് ചെക്കന്മാരുണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ ബുദ്ധിമുട്ടിക്കില്ല.
India Vision വിവാദത്തിനു കാരണം?
കരിപ്പൂർ വിമാനത്താവളം വഴി ഇപ്പോൾ നടന്ന, സിപിഎമ്മിന് വേണ്ടി സൈബർ ഇടത്തിൽ വാദിച്ചു കൊണ്ടിരുന്ന അർജ്ജുൻ ആയങ്കി ആരോപണ വിധേയനായ, സ്വർണ്ണക്കടത്ത് വാർത്തയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന സമയത്താണ് പഴയ India Vision കാലത്തെ വാർത്ത വിവാദമാവുന്നത്.റിപ്പോർട്ട് ചെയ്ത വിജയനാവട്ടെ പാർട്ടി CPIM കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിന്റെ ചുവരിൽ പോസ്റ്റർ വിഭാഗീയത കാലത്ത് ഒട്ടിച്ച പോസ്റ്ററിനെ കുറിച്ച് റിപ്പോർട്ട് ചെയ്തു വിവാദത്തിലായ ആളാണ്.
ശബ്ദരേഖ ആരുടേതെന്നോ, ആരാണ് അയച്ചതെന്നോ, ആർക്കാണ് കിട്ടിയതെന്നോ, എന്നൊക്കെയുള്ള വിവരങ്ങൾ അതിനെ സംബന്ധിക്കുന്ന വർത്തയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല.അത് വിജയനെതിരെയുള്ള ആരോപണത്തിന് കാരണമായി.
ഞങ്ങൾ crowdtangle ആപ്പിൽ സേർച്ച് ചെയ്തപ്പോൾ ഈ വിഷയത്തിൽ ധാരാളം പോസ്റ്റുകൾ ഫേസ്ബുക്കിൽ വന്നിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു.

വിവാദങ്ങളുടെ തുടക്കം എവിടെയാണ്?
സിപിഎമ്മിന് വേണ്ടി സൈബർ ഇടത്തിൽ വാദിച്ചു കൊണ്ടിരുന്ന അർജ്ജുൻ ആയങ്കിയ്ക്ക് കള്ളക്കടത്ത് കേസിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെട്ടുന്നു. അയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നു. അയാൾ പാർട്ടി പ്രവർത്തകനല്ല എന്ന് പാർട്ടി നേതാക്കൾ ആവർത്തിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ പാർട്ടിക്ക് അനുകൂലമായി സംസാരിച്ചത് കൊണ്ട് മാത്രം ഒരാൾ പാർട്ടി പ്രവർത്തകനാവില്ല എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.അർജുൻ തന്നെ ഫേസ്‌ബുക്കിൽ അത് വ്യക്തമാക്കുന്നു
അർജ്ജുൻ ആയങ്കിയുടെ പോസ്റ്റ്:
മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാൻ. യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയാൻ ആ പാർട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ എന്റെ വ്യക്തിപരമായ ഇഷ്‌ടമാണ്.മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം.
അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് വിവാദ ഓഡിയോ ക്ലിപ്പ് പുറത്തു വരുന്നത്. അതിന്റെ ആധികാരികതയെ കുറിച്ച് വിവിധ ഭാഗത്ത് നിന്നും സംശയങ്ങൾ ഉണ്ടാവുന്നതും ആ സാഹചര്യത്തിലാണ്. ഓഡിയോ ക്ലിപ്പ് പുറത്തു വിട്ടതിൽ ഒരാൾ വിജയനാണ് എന്നത് കൊണ്ടാണ് വിജയനെതിരെ പോസ്റ്റുകൾ വരുന്നത്.
Fact Check/Verification
ഇപ്പോഴത്തെ വാർത്തയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന സമയത്താണ് പഴയ India Vision കാലത്തെ വാർത്ത വിവാദമാവുന്നത്.
അതിനെ കുറിച്ച് സികെ വിജയൻ പറയുന്നത് ഇങ്ങനെയാണ്:
സിപിഎമ്മിൽ വി.എസ പിണറായി ഗ്രൂപ്പ് വഴക്ക്കൊ നടക്കുന്ന കാലമായിരുന്നു . കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിൽ സി.പി.എം വിഭാഗീയതയെ കുറിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെടുന്നു. കര്‍ക്കിടക വാവിന്റെ ഷൂട്ടിനായി അതുവഴി സമീപത്തെ ക്ഷേത്രത്തിലേക്ക് പോകുന്ന ഞാൻ ഇത് ഷൂട്ട് ചെയ്യുന്നു. ഈ വാർത്ത വന്നതിനെ തുടർന്നു പാർട്ടി ഓഫീസിൽ നിന്നും എന്നെ വിളിക്കുന്നു. പോസ്റ്റർ ഒട്ടിച്ച പാർട്ടിക്കാരന്റെ പേര് പറയാൻ ആവശ്യപ്പടുന്നു. തനിക്കറിയില്ലെന്നായിരുന്നു ഞാൻ കൊടുത്ത മറുപടി. അത് പറഞ്ഞു തന്നില്ലെങ്കിൽ താങ്കൾക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപെടുത്തുന്നു. അതിനെ തുടർന്നു എനിക്കെതിരെ കേസ് കൊടുക്കുന്നു. ഞാൻ India Vision വിടുന്നത് ഈ സംഭവത്തിന് ഏറെ ശേഷമാണ്. അതിനും ശേഷമാണ് ആരോപണം വസ്തുതവിരുദ്ധമാണെന്ന് കോടതി കണ്ടെത്തുന്നത്. കോടതി എനിക്ക് അനൂകൂലമായി ഉത്തരവിട്ടത് India Vision പ്രധാനത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിജയൻ India Vision വിട്ടുന്ന കാലത്ത് അതിന്റെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന എംപി ബഷീർ പറയുന്നു: കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിൽ സി.പി.എം വിഭാഗീയതയെ കുറിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെടുന്ന സംഭവവുമായി വിജയൻ India Vision വിട്ടുന്ന സാഹചര്യത്തിന് ബന്ധമില്ല. വിജയനെ ചാനലിൽ നിന്നും പുറത്താക്കി എന്ന് പറയുന്ന വാർത്തയും ശരിയല്ല. മുംബൈയിലേക്ക് അദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്തിരുന്നു. അവിടെ ജോയിൻ ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞാണ് വിജയൻ ചാനൽ വിട്ടുന്നത്.വിജയൻറെ റിപ്പോർട്ട് ചാനലിൽ വരുന്ന സമയത്ത് ചാനലിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ എം വി നികേഷ് കുമാറായിരുന്നു. ഞാൻ എക്സിക്യൂട്ടിവ് എഡിറ്റർ ആയി ചുമതലയേറ്റ ശേഷമാണ് വിജയൻ അവിടെ നിന്നും രാജി വെക്കുന്നത്.
India Vision വിട്ട വിജയൻ മാതൃഭൂമി ചാനലിൽ ജോയിൻ ചെയ്യുന്നു. ഇതിനിടയിൽ India Vision സാമ്പത്തിക പ്രതിസന്ധി മൂലം പൂട്ടി പോവുകയും ചെയ്തു.
Conclusion
ശബ്ദരേഖ ആരുടേതെന്നോ, ആരാണ് അയച്ചതെന്നോ, ആർക്കാണ് കിട്ടിയതെന്നോ, എന്നൊക്കെയുള്ള വിവരങ്ങൾ അതിനെ സംബന്ധിക്കുന്ന വർത്തയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. എന്നാൽ ആ വർത്തയ്‌ക്കെതിരെയുള്ള പോസ്റ്റുകളിൽ പറയുന്നത് പോലെ സി പിഎമ്മിനെതിരെ വാർത്ത കൊടുത്തതിനു India Visionൽ നിന്നും പുറത്താക്കിയ ആളാണ് വിജയൻ എന്ന് പറയുന്നത് തെറ്റായ വിവരമാണ്.
Result: Partly False
Sources
https://www.manoramanews.com/news/breaking-news/2021/06/29/arjun-ayanki-response-to-media.html
സികെ വിജയനുമായുള്ള സംഭാഷണം
എംപി ബഷീറുമായുള്ള സംഭാഷണം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.