രാഹുൽ ഗാന്ധിയുടെ നേപ്പാൾ സന്ദർശനം രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായ വിമർശനങ്ങൾക്ക് കാരണമായി. തുടർന്ന്, അദ്ദേഹം മറ്റ് ചിലരോടൊപ്പം ഒരു നിശാക്ലബിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ഒരു വീഡിയോ പുറത്തു വരികയും ചെയ്തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. നേപ്പാളിലെ ചൈനയുടെ അംബാസഡറായ ഹൗ യാങ്കിയാണെന്ന് ഗാന്ധിയോടൊപ്പം കണ്ട സ്ത്രീയെന്ന് വീഡിയോ പങ്ക് വെച്ച ചിലർ അവകാശപ്പെടുകയും ചെയ്തു. അവകാശവാദം തെറ്റാണെന്ന് ന്യൂസ്ചെക്കറിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
മറ്റ് സമൂഹ മാധ്യമങ്ങൾ എന്ന പോലെ ഫേസ്ബുക്കിലും ഈ വീഡിയോ വൈറലാവുന്നുണ്ട്. ഞങ്ങൾ നോക്കുമ്പോൾ Sarath Chandran എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 114 ഷെയറുകൾ ഉണ്ടായിരുന്നു.

Sivadasan Dasan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 73 ഷെയറുകൾ ഞങ്ങൾ പരിശോദിക്കുമ്പോൾ കണ്ടു.

Prasanth Ravindren എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 33 ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ കണ്ടു.

ഗിരീഷ് ആചാരി അനിൽ എന്ന ഐഡിയിൽ നിന്നുളള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 25 ഷെയറുകൾ കണ്ടു.

രാഹുൽ ഗാന്ധിയുടെ നേപ്പാൾ സന്ദർശനം: ബിജെപിയുടെ വിമർശനങ്ങൾ
രാഹുൽ ഗാന്ധി നേപ്പാളിലെ നിശാക്ലബ് സന്ദർശിക്കുന്ന വീഡിയോ മെയ് 3 ന് സമൂഹ മാധ്യമങ്ങളിൽ വൈറലായത് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ അതിനെ കുറിച്ച് ട്വീറ്ററിൽ എഴുതിയതിനെ തുടർന്നാണ്. “മുംബൈ ഉപരോധത്തിലായിരിക്കുമ്പോൾ രാഹുൽ ഗാന്ധി ഒരു നിശാക്ലബ്ബിലായിരുന്നു. തന്റെ പാർട്ടി പ്രതിരോധത്തിലായ സന്ദർഭത്തിൽ അദ്ദേഹം ഒരു നിശാക്ലബ്ബിലായിരുന്നു. അദേഹം സ്ഥിരതയുള്ളവനാണ്. കൗതുകകരമെന്നു പറയട്ടെ, അവരുടെ പ്രസിഡന്റ് സ്ഥാനം ഔട്ട്‌സോഴ്‌സ് ചെയ്യാൻ കോൺഗ്രസ് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെ, അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പ്രവർത്തികൾ ഹിറ്റായിരിക്കുന്നു”.
ബി.ജെ.പി ദേശീയ സെക്രട്ടറി വൈ. സത്യ കുമാർ ഇങ്ങനെ ട്വീറ്റ് ചെയ്തു: “രാജകീയ സന്തതികളുടെ ജീവിതം. കഠിനാധ്വാനം ചെയ്യുക (കോൺഗ്രസ് പാർട്ടിയെ പരാജയപ്പെടുത്താൻ), തുടർന്ന് അതിനായ് കൂടുതൽ കഠിനാധ്വാനം ചെയ്യുക”.
Fact Check/Verification
രാഹുൽ ഗാന്ധി “ചൈനീസ് നയതന്ത്രജ്ഞനുമായി പാർട്ടിയിൽ പങ്കെടുത്തോ എന്ന അവകാശവാദത്തെ കുറിച്ച് അന്വേഷിക്കാൻ, ഞങ്ങൾ ആദ്യം ‘രാഹുൽ ഗാന്ധി’ ‘നേപ്പാൾ’ എന്ന കീവേർഡുകൾ ഉപയോഗിച്ച് സെർച്ച് ചെയ്തു അപ്പോൾ ഒന്നിലധികം റിപ്പോർട്ടുകൾ കണ്ടെത്തി. 2022 മെയ് 4 ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഗാന്ധി നേപ്പാളിലെത്തിയത്. ഇക്കാര്യം കോൺഗ്രസിന്റെ മുഖ്യ വക്താവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കിയതാണ് എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നു.
നേപ്പാളിലെ വാർത്താ മാധ്യമമായ കാഠ്മണ്ഡു പോസ്റ്റിന്റെ 2022 മെയ് 2-ന് ‘രാഹുൽ ഗാന്ധി ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പട്ടണത്തിൽ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് സുർജേവാലയുടെ പ്രസ്താവനയെ സ്ഥിരീകരിക്കുന്നു. നേപ്പാളി സുഹൃത്ത് സുമ്‌നിമ ഉദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഗാന്ധി കാഠ്മണ്ഡുവിലെത്തിയതെന്നാണ് റിപ്പോർട്ട്. “എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഞങ്ങൾ ഗാന്ധിയെ ക്ഷണിച്ചിരുന്നു,” മ്യാൻമറിലെ നേപ്പാളി അംബാസഡറായി സേവനമനുഷ്ഠിച്ച സുമ്‌നിമയുടെ പിതാവ് ഭീം ഉദാസിനെ ഉദ്ധരിച്ച് ലേഖനം പറയുന്നു. സുമ്‌നിമ ഉദാസ് മുൻ സിഎൻഎൻ ലേഖികയാണ്. അവർ ഹോങ്കോങ്ങിൽ ജോലി ചെയ്തിട്ടുള്ള ആളാണ് എന്നത് ശ്രദ്ധേയമാണ്.

ഞങ്ങൾ അന്വേഷണം തുടർന്നു. അപ്പോൾ രാഹുൽ ഗാന്ധി നേപ്പാളിൽ സന്ദർശിച്ച ക്ലബ്ബിന്റെ പേര് ‘ലോർഡ് ഓഫ് ദി ഡ്രിങ്ക്‌സ്’ എന്ന് തിരിച്ചറിയുന്ന സീ ന്യൂസിന്റെ ഒരു റിപ്പോർട്ട് കണ്ടെത്തി. ഫേസ്ബുക്കിലെ ഒരു കീവേഡ് സെർച്ച് നടത്തിയപ്പോൾ പബ്ബിൽ രാഹുൽ ഗാന്ധി നിൽക്കുന്ന വീഡിയോകൾ പങ്കിട്ട ഭൂപൻ കുൻവാർ എന്ന ഉപയോക്താവിന്റെ ഒരു പോസ്റ്റ് ഞങ്ങൾ കണ്ടെത്തി.
ന്യൂസ്‌ഷെക്കർ നേപ്പാൾ കാഠ്മണ്ഡുവിലെ ലോർഡ് ഓഫ് ദി ഡ്രിങ്ക്‌സിലെ ഫണ്ട് മാനേജർ സഹദേവ് സെദായെ ബന്ധപ്പെട്ടു. “അന്ന് രാത്രി LOD യിൽ ഗാന്ധിയെ അനുഗമിച്ചവരെല്ലാം നേപ്പാളികളായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ്‌ചെക്കർ കൂടുതൽ അന്വേഷണങ്ങൾ നടത്തി. വധുവിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. വൈറൽ വീഡിയോയിലെ സ്ത്രീ ചൈനക്കാരിയാണെന്ന ആരോപണങ്ങൾ വധു സുമ്‌നിമ ഉദാസിന്റെ പിതാവും മ്യാൻമറിലെ മുൻ നേപ്പാൾ അംബാസഡറുമായ ഭീം ഉദാസ് നിഷേധിച്ചു , “വിവാഹത്തിൽ ഒരു ചൈനീസ് പൗരൻ പോലും പങ്കെടുത്തിട്ടുണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.കൂടുതൽ അന്വേഷിച്ചപ്പോൾ, “യുവതി സുമ്‌നിമയുടെ സുഹൃത്തായപത്രപ്രവർത്തകയാണെന്നും നിലവിൽ സ്വന്തം ബിസിനസ്സ് നോക്കുകയാണ്, ” അദ്ദേഹം വെളിപ്പെടുത്തി.
വൈറൽ വീഡിയോയിൽ കാണുന്ന യുവതി ഹോങ്കോങ്ങിൽ നിന്നുള്ളവരാണെന്ന് വധു സുമ്‌നിമ ഉദസിന്റെ സഹോദരൻ സംയക് ഉദാസ് ന്യൂസ്‌ചെക്കറിനോട് വ്യക്തമാക്കി. ഗാന്ധിക്കൊപ്പം കണ്ട സ്ത്രീ ചൈനീസ് അംബാസഡറോ (നേപ്പാളിലെ) ചൈനീസ് നയതന്ത്രജ്ഞയോ അല്ല. ഹോങ്കോങ്ങിൽ വധു ജോലി ചെയ്തപ്പോൾ മുതൽ അവൾ വധുവിന്റെ സുഹൃത്താണ്, ” അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയോടൊപ്പം കണ്ട യുവതി ഒരു മുൻ സിഎൻഎൻ പത്രപ്രവർത്തകയാണെന്നും ഇപ്പോൾ തിരക്കഥാകൃത്ത് ആയി ജോലി ചെയ്യുന്നുവെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ന്യൂസ്‌ചെക്കർ മനസ്സിലാക്കി.
വായിക്കാം: കേണൽ അശുതോഷ് ശർമ വീര മൃത്യു വരിച്ച വാർത്ത 2020ലേതാണ്
Conclusion
നേപ്പാളിലെ ചൈനീസ് അംബാസഡർ ഹൗ യാങ്കിയോടൊപ്പം രാഹുൽ ഗാന്ധി പാർട്ടി നടത്തിയെന്ന വൈറലായ അവകാശവാദം വാസ്തവ വിരുദ്ധമാണ്. ഫോട്ടോയിലെ സ്ത്രീ ഹൗ യാങ്കി അല്ല. അവൾ സിഎൻഎനിൽ ജോലി ചെയ്തിട്ടുള്ള ഒരു പഴയ പത്രപ്രവർത്തകയാണ്.
(ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് ന്യൂസ് ചെക്കർ ഇംഗ്ലീഷിലാണ്. വസുധ ബെറിയായിരുന്നു ലേഖിക)
Result: Misleading Content/Partly False
Sources
News report by Hindustan Times
News report by Kathmandu Post
News Report by Zee News
Direct Contact With Sahadev Sedhai, Fund Manager At Lord of the Drinks
Direct Contact With Bhim Udas
Direct Contact With Samyak Udas
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.