ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC (Regional Cancer Centre)യുടെ റിസർച്ച് വിഭാഗം കണ്ടെത്തി എന്ന് പറയുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. തിരുവനന്തപുരം RCC യുടെ റിസർച്ച് വിഭാഗം ഏറ്റവും അവസാനമായി പുറത്തിറക്കിയ കണക്കുകളും നിർദേശങ്ങളും എന്ന തലക്കെട്ടിലാണ് ഈ പോസ്റ്റ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്യപ്പെടുന്നത്.
“ക്യാൻസർ ചികിത്സക്ക് എത്തിയവരിൽ ക്രിസ്ത്യാനികൾ 34%പേർ,മുസ്ലിം വിഭാഗം 30% പേർ,മറ്റുവിഭാഗങ്ങൾ 36% പേർ എന്നാണ് പോസ്റ്റ് പറയുന്നത്.
ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളിൽ മാംസത്തിന്റെ ഉപയോഗം വളരെ കൂടുതൽ ആയതിനാൽ ആണ് എന്നാണ് കണ്ടെത്തിയത്. ഇതിൽ തന്നെ ഉപയാഗം കൂടുതൽ ഉള്ളവരിലാണ് 80%വും കണ്ടെത്തിയത്. (48 ദിവസം കൊണ്ട് ഒരു കോഴിയെ 3. 5കിലോ ആക്കി എടുക്കുന്നു അമിതമായി ഹോർമോണുകൾ കൊടുക്കുന്നതിനാലാണ്). ഇതിന്റെ ഉപയോഗം കുട്ടികളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്,”എന്നാണ് പോസ്റ്റ് പറയുന്നത്.
പ്രതി വിധികളായി ചില കാര്യങ്ങൾ ശ്രദ്ധിക്കുക എന്നും പോസ്റ്റ് പറയുന്നുണ്ട്. പോസ്റ്റിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ താഴെ ലിസ്റ്റ് ചെയ്യുന്നു:
1 ബ്രോയ്ലർ കോഴി യുടെ ഉപയോഗം പൂർണമായി ഉപേക്ഷിക്കുക (നാടൻ കോഴി അത്യാവശ്യം ആവാം).
2 മറ്റു ഇറച്ചികളുടെ ഉപയോഗം മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ആക്കുക.
3ബ്രോയ്‌ലർ മുട്ട ഒട്ടും കഴിക്കരുത് (അത്യാവശ്യം നാടൻ കോഴിമുട്ട ആവാം ).
4 പാലിന്റെ ഉപയോഗം കുട്ടികളിൽ കുറക്കുക (നാടൻ പശുവിന്റെ പാൽ നല്ലതാണ്).
5 പഞ്ചസാര ഉപയോഗം കുറക്കുക.
6 മൈദ കൊണ്ടുള്ള എല്ലാ ആഹാരവും ഒഴിവാക്കുക.
7 ചെറുപയർ, പഴവർഗങ്ങൾ, ഇവ കൂടുതൽ കഴിക്കുക.
8 കപ്പളങ്ങ എല്ലാവിധത്തിലും ഉപയോഗിക്കുക.
9 ബേക്കറി ഉത്പന്നങ്ങൾ കുറക്കുക.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ 9999499044ൽ ഒരാൾ ഇത് ഫാക്ട്ചെക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Manu Vellayani എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 115 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ Santhosh S M എന്ന ഐഡിയിൽ നിന്നും 55 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Babu Paul Marachery എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 38 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Fact check/Verification
ഇതേ സന്ദേശം 2017 മുതൽ പ്രചരിക്കുന്നുണ്ട് എന്ന് ഞങ്ങൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ മനസ്സിലായി.

തുടർന്ന്, ഞങ്ങൾ റീജിയണൽ ക്യാൻസർ സെൻറർ (RCC) പബ്ലിക് റിലേഷൻസ് ഓഫീസർ വി സുരേന്ദ്രൻ നായരുമായി ബന്ധപ്പെട്ടു. “ഇത്തരം പല സന്ദേശങ്ങളും RCCയുടെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ട്. ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന പേരിൽ ഒരു സന്ദേശം RCC നൽകിയിട്ടില്ല. ഞങ്ങൾ രണ്ടു കൊല്ലം മുമ്പ് ഇതിനെതിരെ സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും വീണ്ടും ഈ വ്യാജ സന്ദേശം പ്രചരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ സെർജിക്കൽ ഓങ്കോളജിസ്റ്റ് ജോജോ വി ജോസഫിനെ ഞങ്ങൾ ബന്ധപ്പെട്ടു.
“ബ്രോയ്‌ലർ കോഴി ക്യാൻസർ ഉണ്ടാക്കുമെന്ന വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ല. ആർസിസി അങ്ങനെ ഒരു ഗവേഷണം നടത്തിയിട്ടില്ലെന്ന് എന്ന് ഞാൻ അന്വേഷിച്ചതിൽ നിന്നും ബോധ്യമായി. മതം തിരിച്ചുള്ള ഒരു ഡാറ്റ മെഡിക്കൽ ഗവേഷണ ഫലങ്ങളിൽ ഉണ്ടാവാറില്ല. അങ്ങനെ ഒരു ഡാറ്റ ശേഖരിക്കുന്നത് അൺഎത്തിക്കൽ ആയത് കൊണ്ടാണിത്. ഈ പ്രചരണത്തിന്റെ സ്വഭാവം കണ്ടിട്ട് ഏതെങ്കിലും വെജിറ്റേറിയനിസം പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും ആളുകൾ സൃഷ്‌ടിച്ചതാണ് എന്ന് തോന്നുന്നു. കാരണം അവർ ഇപ്പോഴും ബ്രോയ്‌ലർ കോഴിയുടെ ഉപയോഗത്തിനെ എതിർക്കുന്നവരാണ്,”അദ്ദേഹം പറഞ്ഞു. “ഹോർമോണുകൾ ബ്രോയ്‌ലർ കോഴിയിൽ ഉപയോഗിക്കാറില്ല എന്നാണ് വാസ്തവം. ബ്രോയ്‌ലർ കോഴികളെ ഉല്പാദിപ്പിക്കുന്നത് പല വട്ടം റീബിൽഡ് ചെയ്തു കൊണ്ടുള്ള ഒരു പ്രോസസ്സിൽ കൂടിയാണ്,”അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്നാൽ മനുഷ്യരിൽ ഉപയോഗിക്കുന്ന തരം ആന്റി ബയോട്ടിക്കുകൾ ബ്രോയ്‌ലർ കോഴികളിൽ ഉപയോഗിക്കുന്നുണ്ട് എന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നതിന്ന് കാരണമാവും,”അദ്ദേഹം പറഞ്ഞു.
“പഞ്ചസാര, മൈദാ തുടങ്ങിയ റിഫൈൻഡ് കാർബോ ഹൈഡ്രേറ്റുകളുടെ അമിത ഉപയോഗം ആരോഗ്യത്തിന് നല്ലതല്ല എന്നത് വാസ്തവമാണ്. അത് പോലെ തന്നെ പ്രോസസഡ് മാംസാഹാരങ്ങളുടെയും അൽഫാം തുടങ്ങിയ ഗ്രിൽ ചെയ്ത മാംസാഹാരങ്ങളുടെയും അമിത ഉപയോഗം ആരോഗ്യത്തിനു നല്ലതല്ല. അവ ഓവർ ഹീറ്റ് ചെയ്യുന്ന പ്രോസസ്സിലൂടെയാണ് ഉണ്ടാക്കുന്നത് എന്നത് കൊണ്ടാണിത്. എന്നാൽ ഈ പ്രചരണം പറയുന്നത് പോലെ ബ്രോയ്‌ലർ കോഴി ക്യാൻസർ ഉണ്ടാക്കുമെന്ന വാദം ശരിയല്ല,” അദ്ദേഹം പറഞ്ഞു.
വായിക്കുക:മോദിയെ കുനിഞ്ഞു വണങ്ങുന്ന കെജ്‌രിവാളിന്റെ ഫോട്ടോ എഡിറ്റഡാണ്
Conclusion
ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന സന്ദേശം RCC പുറപ്പെടുവിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. പോരെങ്കിൽ ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന പ്രചരണത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൾ തെളിഞ്ഞു.
Result: False
Sources
Telephone conversation with RCC PRO Surendran Nair
Telephone conversation with Dr Jojo V Joseph Senior Surgical Oncologist of Caritas Hospital
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.