Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
കാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ.
Fact
ഫോട്ടോ എഡിറ്റ് ചെയ്തു നിർമ്മിച്ചതാണ്.
കാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് തൃശൂർ പൂരത്തിനിടയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വം ആർക്കാണ് എന്നതിനെ സംബന്ധിച്ച് എൽഡിഎഫും യുഡിഎഫും തമ്മിൽ നടക്കുന്ന വാദ പ്രതിവാദങ്ങൾക്കിടയിലാണ് ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.
“ഇനി ഈ വർഷവും പൂരത്തിന്റെ ഭാഗമായി കലക്കൽ ഉണ്ടാകും,” എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.
തൃശൂർ പൂരം വിവാദം എന്താണ്?
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടന്ന തൃശൂര്‍ പൂരം കലക്കിയതിനു പിന്നില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് പങ്കുണ്ടെന്ന പിവി അന്‍വറിന്റെ ആരോപണത്തെ തുടർന്നാണ് വിവാദം ഉണ്ടായത്.. തുടർന്ന്, തൃശൂര്‍ പൂര വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുറത്തു വിടാത്തതെന്തെന്ന ചോദ്യവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തിയിരുന്നു.
ഈ വർഷത്തെ തൃശൂര്‍ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആള്‍വരവിനും തടസമാകും വിധം പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് റോഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് പൂരം നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടിയുണ്ടായത്. തുടർന്ന്,തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകിനെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
‘തൃശൂർ പൂരം കലക്കി സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാൻ എഡിജിപി അജിത്ത് കുമാർ വഴിവെട്ടി’ എന്ന് സിപിഎം പിന്തുണയോടെ ജയിച്ച സ്വന്തന്ത്ര സ്ഥാനാർത്ഥി പിവി അൻവർ ആരോപണം ഉന്നയിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയ്ക്ക് വന്നത്.
അതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അറിവോടെ ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് പൂരം കലക്കലിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഹൈന്ദവ വികാരം ഉണ്ടാക്കി ബിജെപി സഹായിക്കാനാണ് ഇത് ചെയ്തത് എന്നാണ് വിഡി സതീശൻ പറഞ്ഞിരുന്നു.
തുടർന്ന്,എഡിജിപി എംആർ അജിത്ത് കുമാറിന് പിന്നിൽ വിഡി സതീശനാണെന്ന് അൻവർ ആരോപിച്ചിരുന്നു.
“എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണെന്ന്,” പിവി അൻവർ പറഞ്ഞു.
“എഡിജിപിയും ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേൽ ചാർത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എഡിജിപിക്ക് ആർഎസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. ഇവർ ഇത്തരത്തിൽ പല പ്രശ്നങ്ങളും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ഉണ്ടാക്കുന്നുണ്ട്. പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്. പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ പുനർജനി കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെടട്ടെയെന്നും'” പിവി അൻവർ വെല്ലുവിളിച്ചു.
പുനര്‍ജനി പദ്ധതിക്കായി വിദേശ സംഭാവനാ നിയന്ത്രണ നിയമം ലംഘിച്ചാണ് പണം പിരിച്ചെന്ന ആരോപണമാണ് പുനർജനി കേസ്.
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പറവൂർ മണ്ഡലത്തിൽ സതീശൻ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പുനർജനി. പ്രദേശത്ത് വീടുവെച്ച് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്.
അൻവറിന്റെ പ്രസ്താവനയുടെ പിന്നാലെ, തൃശൂർ പൂരം കലക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ ശ്രമം നടന്ന സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.
ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയ്ക്ക് പുറമേ റാം മാധവിനെയും എഡിജിപി സന്ദർശിച്ചുവെന്ന് സതീശൻ ആരോപിച്ചു. ആ സന്ദർശന സമയത്ത് ഡിജിപിയ്ക്കൊപ്പം ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഈ ഒരു പശ്ചാത്തലത്തിലാണ് പൂരം കലക്കിയതിന് പിന്നിൽ സതീശനാണ് എന്ന ആരോപണത്തോടൊപ്പം കാവി വേഷമിട്ട് സംഘപരിവാർ അനുകൂലിയാണെന്ന് തോന്നിക്കുന്ന താരത്തിലുള്ള സതീശന്റെ ഫോട്ടോ ഷെയർ ചെയ്യുന്നത്.
ഇവിടെ വായിക്കുക:Fact Check: വെള്ളക്കെട്ടുള്ള തകർന്ന റോഡ് ഇന്ത്യയിൽ നിന്നല്ല
Fact Check/Verification
പ്രചരിക്കുന്ന ഫോട്ടോ ഞങ്ങൾ ആദ്യം റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ, ഇതിനോട് സാമ്യമുള്ള ഒരു ഫോട്ടോ മുൻ ഡിജിപി ടിപി സെൻകുമാർ തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയായി ഷെയർ ചെയ്തത് ഞങ്ങൾ കണ്ടു. 14 ഏപ്രിൽ 2021ലാണ് സെൻകുമാർ ഈ ഫോട്ടോ ഫേസ്ബുക്കിൽ ആദ്യമായി ഷെയർ ചെയ്തത്.
ആ ഫോട്ടോയിൽ ഉള്ളത് സെൻകുമാർ തന്നെയാണ്. സതീശൻ എന്ന പേരിൽ ഷെയർ ചെയ്യുന്ന ഫോട്ടോയിൽ കാണുന്ന അതെ വേഷമാണ് സെൻകുമാർ ധരിച്ചിരിക്കുന്നത്. സതീശന്റെ ഫോട്ടോയിൽ ഉള്ള അതെ കറുത്ത നിറത്തിലുള്ള ഗണേശ വിഗ്രഹവും വിഗ്രഹത്തിന്റെ കഴുത്തിൽ കാണുന്ന അതെ മാലയും സെൻകുമാറിന്റെ പടത്തിലും ഉണ്ട്.
ഇതിൽ നിന്നും സെൻകുമാറിന്റെ പടത്തിൽ സതീശന്റെ മുഖം വെട്ടി ഒടിച്ചാണ് ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായി.
റിട്ടയർ ചെയ്തതിന് ശേഷം സംഘപരിവാർ സഹയാത്രികനായി മാറിയ ആളാണ് സെൻകുമാർ.
തുടർന്ന്, ഈ പടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്സ് സെക്രട്ടറി സിജി ജിഎസിനെ വിളിച്ചു. “ഫോട്ടോയിൽ ഉള്ളത് വിഡി സതീശൻ അല്ലെന്നും മറ്റാരുടെയോ ഫോട്ടോയിൽ സതീശന്റെ മുഖം വെട്ടി ഒടിച്ചതാണ്” എന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ വായിക്കുക: Fact Check: നടി ചാർമിള നടത്തിയ വെളിപ്പെടുത്തലിൽ മോഹൻലാലിന്റെ പടം ഏഷ്യാനെറ്റ് ഉപയോഗിച്ചിട്ടില്ല
Conclusion
കാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ എഡിറ്റഡാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. മുൻ ഡിജിപി സെൻകുമാറിന്റെ ഫോട്ടോയിൽ തല വെട്ടി മാറ്റി പകരം സതീശന്റെ തല ചേർത്താണ് ഈ ഫോട്ടോ നിർമ്മിച്ചത്.
Result: Altered Photo
ഇവിടെ വായിക്കുക: Fact Check: ഊട്ടിയിലെ യുവതിയുടെ കൊലപാതകം ലൗ ജിഹാദിനെ തുടർന്നല്ല
Sources
Facebook Post by Dr TP Senkumar on April 14, 2021
Telephone Conversation with Seeji G S, Press Secretary, Opposition Leader Kerala
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.