1999-ൽ IC 814 റാഞ്ചിയ കേസിൽ ഉൾപ്പെട്ട ഭീകരരിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നിട്ട് ഒരാഴ്ചയായി. ഇപ്പോൾ, അതേ സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ ഭീകരൻ കൊല്ലപ്പെട്ടതായി ഫേസ്ബുക്കിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിമിന്റെ മരണത്തിന് തൊട്ടുപിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ ഭീകരൻ സഫറുള്ള ജമാലിയ കൊല്ലപെട്ടുവെന്നാണ് വാദം.
Sreelal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 126 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ ॐ ക്ഷത്രിയൻസ് ॐ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 93 ഷെയറുകൾ ഉണ്ടായിരുന്നു.

1999 ഡിസംബർ 24 ന് ഇന്ത്യൻ വിമാനം തട്ടികൊണ്ട് പോയ കേസിലെ പ്രധാന കഥാപാത്രമായിരുന്ന സഫറുള്ള ജമാലിയയെ കറാച്ചിയിൽ വെച്ച് അജ്ഞാതരായ അക്രമികൾ കൊലപ്പെടുത്തി” എന്ന അവകാശവാദത്തോടെ സഫറുള്ള ജമാലി എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ ചിത്രത്തോടൊപ്പമാണ് പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടുന്നത്.
IC 814 തട്ടികൊണ്ട് പോയത് എങ്ങനെ?
80 യാത്രക്കാരുമായി ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം IC 814, 1999 ഡിസംബർ 24-ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ, അഞ്ച് ഭീകരർ റാഞ്ചി. ഇന്ത്യൻ കസ്റ്റഡിയിലുള്ള ഭീകരരെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് വിമാനം റാഞ്ചിയത്.
അമൃത്‌സർ വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി അൽപനേരം നിർത്തിയ ശേഷമാണ് വിമാനം ദുബായിലേക്ക് കൊണ്ടുപോയത്. തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇന്ത്യൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനായി 25 കാരനായ ഇന്ത്യക്കാരൻ രൂപിൻ കത്യാലിനെ ഭീകരർ കൊലപ്പെടുത്തി. കാഠ്മണ്ഡുവിൽ ഹണിമൂൺ കഴിഞ്ഞ് മടങ്ങുകയായിരുന്നു കത്യാലും ഭാര്യയും.
വിമാനം കാണ്ഡഹാറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ദുബായിൽ 27 പേരെ വിട്ടയക്കുകയും കത്യാലിന്റെ മൃതദേഹം ഓഫ്‌ലോഡ് ചെയ്യുകയും ചെയ്തു. അവിടെ വെച്ച് താലിബാൻ യാത്രക്കാരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ പങ്ക് ചേർന്നു. ഭീകരസംഘടനയായ ഹർകത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള മൂന്ന് ഭീകരരായ മസൂദ് അസ്ഹർ, ഒമർ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സർഗർ എന്നിവരെ മോചിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചതോടെയാണ് വിമാനം വിട്ടു കൊടുത്തത്. ഇന്നത്തെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ആയ അജിത് ഡോവൽ, അന്ന് ഇന്റലിജൻസ് ബ്യൂറോയുടെ ചീഫാണ്. അദ്ദേഹമാണ് യാത്രക്കാരുടെ കൈമാറ്റത്തിനും മോചനത്തിനും മേൽനോട്ടം വഹിച്ചത്. ബന്ദിക്കളെ മോചിപ്പിക്കാനുള്ള ശ്രമം 7 ദിവസം നീണ്ടുനിന്നു.
Fact check/Verification
IC 814 ഹൈജാക്കിൽ ഉൾപ്പെട്ട രണ്ടാമത്തെ ഭീകരൻ ഈയടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടോ എന്ന് പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ ‘Zafarullah Jamali’ and ‘IC 814 hijack’ and ‘killed’ എന്നീ വാക്കുകൾ ഉപയോഗിച്ച് കീവേഡ് സേർച്ച്നനടത്തി അപ്പോൾ നിരവധി ലേഖനങ്ങൾ ലഭിച്ചു. എന്നാൽ അവയെല്ലാം മിസ്ത്രി സഹൂർ ഇബ്രാഹിമിന്റെ സമീപ കാലത്ത് നടന്ന മരണവുമായി ബന്ധപ്പെട്ടവയായിരുന്നു.
ഞങ്ങൾ കൂടുതൽ ഗവേഷണം നടത്തി.അപ്പോൾ പത്രപ്രവർത്തകൻ പ്രമോദ് കുമാർ സിംഗിന്റെ ഒരു ട്വീറ്റ് കണ്ടെത്തി. അദ്ദേഹത്തിന്റെ ട്വീറ്റ് ത്രെഡ് ആശയക്കുഴപ്പം സൃഷ്‌ടിച്ചു. തന്റെ ആദ്യ ട്വീറ്റിൽ, സിംഗ് എഴുതുന്നു, “IC 814ന്റെ പ്രധാന ഹൈജാക്കർമാരിൽ ഒരാളായ സഫറുള്ള ജമാലിയെ കറാച്ചിയിൽ വെച്ച് അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നു. ഹൈജാക്കർമാർ കൊലപ്പെടുത്തിയ രൂപിൻ കത്യാലിന്റെ ആത്മാവിന് ഇപ്പോൾ ശാന്തി ലഭിക്കും. പിന്നീട്, അതേ ട്വീറ്റ് ത്രെഡിൽ അദ്ദേഹം തന്റെ തെറ്റ് തിരുത്തി. “സഹൂർ മിസ്ത്രി എന്ന ജമാലിയാണ് ശരിയായ പേര്. അവൻ കൊല്ലപ്പെട്ടുവെന്ന് മാർച്ച് 7 ന് സ്ഥിരീകരിച്ചു.”
മാർച്ച് 7 നാണ് കൊലപാതകം നടന്നതെന്നും ഒരു പുതിയ സംഭവവികാസമല്ലെന്നും ഒരാൾ ചൂണ്ടിക്കാണിച്ചപ്പോൾ, പ്രമോദ് കുമാർ സിംഗ് ഇങ്ങനെ പ്രതികരിച്ചു: “എനിക്ക് അവന്റെ ചിത്രം കിട്ടിയത് കൊണ്ട് ഞാൻ ട്വീറ്റ് ചെയ്തു.”
ഹൈജാക്കിംഗിൽ ഉൾപ്പെട്ട തീവ്രവാദികളുടെ പേരുകൾ കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി വിമാനത്തിന്റെ ഫ്ലൈറ്റ് എഞ്ചിനീയറായിരുന്ന അനിൽ കെ ജഗ്ഗിയ ‘IC 814 Hijacked‘ എന്ന പേരിൽ സൗരഭ് ശുക്ലയുമായി സഹകരിച്ച് എഴുതിയ ഒരു പുസ്തകം കണ്ടെത്തി.

പുസ്തകത്തിന്റെ രചയിതാവിന്റെ വിവരങ്ങൾ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “അനിൽ കെ. ജഗ്ഗിയ, ഹൈജാക്ക് ചെയ്ത IC 814 ഫ്ലൈറ്റ് അതിന്റെ ഫ്ലൈറ്റ് എഞ്ചിനീയർ ആയി പ്രവർത്തിച്ചു. ഇന്ത്യൻ എയർലൈൻസിലെ ഫ്ലൈറ്റ് എഞ്ചിനീയറിംഗ് മേധാവിയായിരുന്ന അദ്ദേഹത്തിന് ഫ്ലൈറ്റ് എഞ്ചിനീയറായി 20,000 ഫ്ലൈറ്റ് മണിക്കൂറിന്റെ അനുഭവ സമ്പത്തുണ്ടായിരുന്നു.”
IC 814 വിമാനം ഹൈജാക്ക് ചെയ്ത അഞ്ച് പേരെ കുറിച്ച് ജഗ്ഗിയയുടെ പുസ്തകം ഇങ്ങനെ പറയുന്നു: “ചീഫ് (റെഡ് ക്യാപ്), ബർഗർ, ശങ്കർ, ഭോല, ഡോക്ടർ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയ അഞ്ച് മുഖംമൂടി ധരിച്ച ഹൈജാക്കർമാരുടെ ഐഡന്റിറ്റി ആഭ്യന്തര മന്ത്രി എൽ കെ അദ്വാനി വെളിപ്പെടുത്തിയിട്ടുണ്ട്. ചീഫ് (റെഡ് ക്യാപ്): ബഹ്വൽപൂർ സ്വദേശിയായ ഇബ്രാഹിം അത്തർ. ബന്ദികൾക്ക് പകരമായി വിട്ടയച്ച തീവ്രവാദികളിലൊരാളായ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനാണ്. ഡോക്ടർ: കറാച്ചിയിലെ ഗുൽഷൻ ഇഖ്ബാൽ പ്രദേശത്തെ ഷാഹിദ് അക്തർ സെയ്ദ്. ബർഗർ: കറാച്ചി ഡിഫൻസ് കോളനിയിലെ സണ്ണി അഹമ്മദ് ഖാസി. ഭോല: കറാച്ചിയിലെ അക്തർ കോളനിയിലെ മിസ്ത്രി സഹൂർ ഇബ്രാഹിം. ശങ്കർ: സുക്കൂർ സിറ്റിയിലെ ഷാക്കിർ.
മേൽപ്പറഞ്ഞ പട്ടിക അനുസരിച്ച്, പട്ടികയിലെ അഞ്ച് പുരുഷന്മാരിൽ ഒരാളുടെയും പേര് സഫറുള്ള ജമാലിയ എന്നല്ല. കൂടുതൽ ഗവേഷണം നടത്തിയപ്പോൾ, മാർച്ച് 7-ന് പ്രസിദ്ധീകരിച്ച Hindustan Timesന്റെ ഒരു ലേഖനവും ഞങ്ങൾ കണ്ടെത്തി.
“ഹൈജാക്കർ മിസ്ത്രി സഹൂർ ഇബ്രാഹിം എന്ന ജമാലിയ മാർച്ച് ഒന്നിന് പാക്കിസ്ഥാനിലെ കറാച്ചിയിൽ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചുകൊന്നതിന് ശേഷം” എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. മിസ്‌ത്രി സഹൂർ ഇബ്രാഹിമിന്റെ വിളിപ്പേര് ജമാലിയാണെന്ന് മുൻപേ വ്യക്തമായതാണല്ലോ. ഈ ലേഖനത്തിലെ പരാമർശങ്ങൾ ഈ കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാവാൻ സഹായിച്ചു..
IC 814 റാഞ്ചിയ അഞ്ച് ഭീകരരിൽ രണ്ട് പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നതെന്നും മറ്റ് മൂന്ന് പേർ മരിച്ചതായും ലേഖനം സ്ഥിരീകരിക്കുന്നു. “ഭീകരവിരുദ്ധ പോരാട്ട വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇബ്രാഹിം അസ്ഹറും ഷാഹിദ് അക്തർ സെയ്ദും മാത്രമാണ് പാകിസ്ഥാനിൽ ജീവിച്ചിരിക്കുന്നത്. അവർ കറാച്ചിയിൽ നിന്ന് നിയമസംവിധാനം നിലവിലില്ലാത്ത പാകിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രദേശത്തിന്റെ ആപേക്ഷിക സുരക്ഷയിലേക്ക് മാറിയാണ് ഇപ്പോൾ ജീവിക്കുന്നത്. ഹൈജാക്കർമാരിൽ ഒരാൾ സ്വാഭാവിക കാരണങ്ങളാൽ മരിച്ചു. മറ്റൊരാൾ 2001 ഡിസംബർ 13-ന് ദയൂബന്ദി ആശയങ്ങളുള്ള സുന്നി ജിഹാദിസ്റ്റ് സംഘം പാർലമെന്റ് ആക്രമിച്ചപ്പോൾ ഇന്ത്യൻ സുരക്ഷാ സേനയാൽ കൊല്ലപ്പെട്ടുവെന്ന് മനസ്സിലാക്കാം,” ലേഖനം പറയുന്നു.
മിസ്ത്രി സഹൂർ ഇബ്രാഹിമും സഫറുള്ള ജമാലിയയും ഒരേ വ്യക്തിയാണെന്ന് വ്യക്തമാക്കുന്ന മാധ്യമപ്രവർത്തകൻ ആദിത്യ രാജ് കൗളിന്റെ ട്വീറ്റും ഞങ്ങൾ കണ്ടെത്തി.
ന്യൂസ്‌ചെക്കറിന്,ട്വീറ്റിനൊപ്പംമുള്ള ചിത്രം ആരുടേതാണ് എന്ന് കണ്ടെത്താനായില്ല. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുബോൾ ഈ ലേഖനം അപ്‌ഡേറ്റ് ചെയ്യും.
ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീം ഈ അവകാശവാദം മുൻപ് പരിശോധിച്ചിട്ടുണ്ട്.
Conclusion
മിസ്‌ത്രി സഹൂർ ഇബ്രാഹിം എന്ന ജമാലിയ, സഫറുള്ള ജമാലിയ എന്ന മറ്റൊരു വ്യക്തിയാണ് എന്ന് തെറ്റിദ്ധരിച്ച് മാധ്യമപ്രവർത്തകൻ പ്രമോദ് കുമാർ സിങ്ങ് നടത്തിയ ട്വീറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുക്കുകയുംIC 814 റാഞ്ചലുമായി ബന്ധപ്പെട്ട രണ്ടാമത്തെ തീവ്രവാദിയുടെ കൊല്ലപ്പെട്ടുവെന്ന അവകാശവാദത്തോടെ പങ്കിടുകയും ചെയ്തു എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Misleading/Partly False
Sources
Hindustan Times
IC 814 Hijacked by Anil K Jaggia
Social media
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.