പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അവഗണിച്ച് അപമാനിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജപ്പാനിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അടുത്തിടെയാണ് പ്രധാനമന്ത്രി മോദി രാജ്യത്ത് തിരിച്ചെത്തിയത്. അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാല് അംഗരാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, പ്രധാനമന്ത്രി മോദി എന്നിവർ പങ്കെടുത്തു.
ഈ പശ്ചാത്തലത്തിലാണ് ,ക്വാഡ് ഉച്ചകോടിയ്ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവഗണിച്ച് അപമാനിച്ചുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്ക് ഉപയോക്താക്കൾ പങ്കുവെക്കുന്നത്. പോരാളി വാസു എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 61 ഷെയറുകൾ ഞങ്ങളുടെ പരിശോധനയിൽ കണ്ടു.

RED of RED എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ നോക്കുമ്പോൾ 45 ഷെയറുകൾ കണ്ടു.

ഞങ്ങൾ പരിശോധിച്ചപ്പോൾ കോൺഗ്രസ് കേരളം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 16 ഷെയറുകൾ കണ്ടു.

Fact Check/Verification
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഗണിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അദ്ദേഹത്തെ അപമാനിച്ചു എന്ന വിവരണത്തോടെ പങ്കുവെച്ച ഈ അവകാശവാദത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ, ഞങ്ങൾ യൂട്യൂബിൽ ‘quad leaders tokyo’ എന്ന കീവേഡ് ഉപയോഗിച്ച് തിരഞ്ഞു. എബിസി ന്യൂസ് (ഓസ്‌ട്രേലിയ), സ്കൈ ന്യൂസ് ഓസ്‌ട്രേലിയ, ഡിഡി ഇന്ത്യ എന്നിവയുൾപ്പെടെ വിവിധ പ്രസിദ്ധീകരണങ്ങൾ അപ്‌ലോഡ് ചെയ്‌ത വീഡിയോകൾ അപ്പോൾ ഞങ്ങൾക്ക് ലഭിച്ചു.

2022 മെയ് 24-ന് ഡിഡി ഇന്ത്യ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ തുടക്കത്തിൽ യുഎസ് പ്രസിഡന്റും ജപ്പാൻ പ്രധാനമന്ത്രിയും നിൽക്കുന്നത് കാണാം. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം വേദിയിലേക്ക് വരുന്നത് കാണാം. അപ്പോൾ, യുഎസ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ ചൂണ്ടിക്കാണിക്കുന്നു, അതിനുശേഷം മൂന്ന് നേതാക്കളും ചിരിച്ച് സംസാരിക്കാൻ തുടങ്ങി. അതിനർത്ഥം യു എസ് പ്രസിഡന്റ് മോദിയെ അവഗണിച്ചില്ലെന്നാണ്.
യൂട്യൂബിൽ എഡിറ്റർജി എന്ന ഐഡി അപ്‌ലോഡ് ചെയ്‌ത വീഡിയോ റിപ്പോർട്ടിൽ ഇപ്പോൾ വൈറലായ വീഡിയോ മറ്റൊരു ആംഗിളിൽ നിന്ന് കാണാൻ സാധിക്കും. ഈ റിപ്പോർട്ടിലും യുഎസ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ ചൂണ്ടി അദ്ദേഹത്തോട് സംസാരിക്കുന്നത് കാണാം.
എൻഡിടിവി പ്രസിദ്ധീകരിച്ച ഒരു വീഡിയോ റിപ്പോർട്ടിൽ, ക്വാഡ് അംഗരാജ്യങ്ങളിലെ നേതാക്കൾ പരസ്പരം കണ്ടുമുട്ടുന്നതും ജോ ബൈഡൻ മോദിയ്ക്ക് കൈ കൊടുക്കുന്നതും കാണാം.
വായിക്കാം: മെഡിക്കൽ കോളേജ് ഫ്‌ളൈ ഓവർ: നിർമാണ ചുമതല PWDയ്ക്കല്ല
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ,അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഗണിച്ച് അവഹേളിക്കുകയാണ് എന്ന പേരിൽ പങ്കുവെക്കപ്പെടുന്ന വൈറൽ വീഡിയോയിൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. സത്യത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ അവഗണിച്ചില്ല, ക്വാഡ് ഉച്ചകോടിയുടെ വേദിയിൽ നിന്നുള്ള ക്രോപ്പ് ചെയ്ത വീഡിയോയാണ് പങ്കുവെക്കുന്നത്. ആശയക്കുഴപ്പം സൃഷ്‌ടിക്കാനായാണ് ഇത് പ്രചരിപ്പിക്കുന്നത്.
Result: False Context/Missing Context
Our Sources
YouTube video published by DD India on 24 May, 2022
YouTube video published by editorji on 24 May, 2022
YouTube video published by NDTV on 24 May, 2022
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിംഗ് ടീമാണ്. അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സാബ്‌ളു തോമസ് ആണ്. അത് ഇവിടെ വായിക്കാം.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.