രാഹുൽ ഗാന്ധി ഒരു സന്ന്യാസി വേഷം ധരിച്ച് റോഡിലൂടെ നടക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട് . മുമ്പ്, ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹിന്ദു മത വസ്ത്രത്തിൽ പ്രാർത്ഥന നടത്തുന്നതായി ഒരു വീഡിയോ പ്രചരിച്ചിരുന്നു.
കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, ദിഗ് വിജയ് സിങ് എന്നിവരും ഒപ്പമുണ്ട്. മുകളിൽ നിന്നും താഴെ വരെ നീളമുള്ള വെള്ള വസ്ത്രം ധരിച്ച് കഴുത്തിൽ പലതരത്തിലുള്ള മാലകളുമായാണ് രാഹുൽ ഫോട്ടോയിലുള്ളത്. തലയിൽ മുടി കെട്ടി വെച്ചിരിക്കുന്നതും കാണാം.
“ജോഡാനന്ദ സ്വാമികളുടെ ഈ ഫോട്ടോ പത്ത് പേർക്ക് ലിങ്ക് ചെയ്തു കൊടുക്കൂ. പത്ത് മിനിറ്റുനുള്ളിൽ ഒരു സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തും,” എന്നാണ് ഫോട്ടോയോടൊപ്പമുള്ള കുറിപ്പ്.
സഖാവ് മണ്ടൂർ നാറാത്ത് എന്ന ഐഡിയിൽ നിന്നും ഞങ്ങൾ സഖാക്കൾ എന്ന ഗ്രൂപ്പിലിട്ട ഫോട്ടോ 98 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടു.

ഞങ്ങൾ കാണും വരെ Rajesh P എന്ന ഐഡിയിൽ നിന്നും 27 പേർ ഇതേ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

മുനീർ എം.കെ എന്ന ഐഡിയിൽ നിന്നും 14 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Fact Check/Verification
ഗൂഗിളിൽ വൈറലായ ഫോട്ടോ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ എൻഡിടിവിയുടെ ഒരു റിപ്പോർട്ട് കണ്ടെത്തി. ഈ വാർത്തയിലെ ഫോട്ടോ കണ്ടാൽ വൈറലായ ചിത്രം വ്യാജമാണെന്ന് വ്യക്തമാകും. എൻഡിടിവിയുടെ വാർത്തയിലെ ഫോട്ടോയിൽ, മധ്യപ്രദേശിലെ വിവാദ സന്യാസി കമ്പ്യൂട്ടർ ബാബയാണ് (നാംദേവ് ദാസ് ത്യാഗി) സന്യാസിമാരുടെ വസ്ത്രത്തിലുള്ളത്.സച്ചിൻ പൈലറ്റിന് പകരം രാഹുൽ ഗാന്ധിയാണ് ഈ ഫോട്ടോയിൽ ഉള്ളത്.

ഡിസംബർ മൂന്നിന് , മധ്യപ്രദേശിലെ മഹുദിയ ഗ്രാമത്തിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ കമ്പ്യൂട്ടർ ബാബ പങ്കെടുത്തിരുന്നു. ഇതിനിടെ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ചയും നടത്തി. വാർത്താ ഏജൻസിയായ ANI ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈറലായ ഫോട്ടോയിൽ ബാബയുടെയും രാഹുലിന്റെയും മുഖം മാറ്റി വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് ഇതിൽ നിന്നും മനസിലാവും.
ആജ് തക്കിന്റെ ഒരു വാർത്ത അനുസരിച്ച്, കമ്പ്യൂട്ടർ ബാബയുടെ യഥാർത്ഥ പേര് നാംദേവ് ദാസ് ത്യാഗി എന്നാണ്. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയെ പ്രകീർത്തിച്ച് ദിഗ്വിജയ് സിംഗ് ത്യാഗിയെ കമ്പ്യൂട്ടർ ബാബ എന്ന് നാമകരണം ചെയ്തു. കമ്പ്യൂട്ടർ ബാബ മധ്യപ്രദേശ് രാഷ്ട്രീയത്തിലും അദ്ദേഹം സജീവമാണ്. 2018ൽ ശിവരാജ് സർക്കാർ കംപ്യൂട്ടർ ബാബയ്ക്ക് സഹമന്ത്രി പദവി നൽകിയിരുന്നു.
പിന്നീട് കമ്പ്യൂട്ടർ ബാബ കോൺഗ്രസിൽ ചേർന്നു. കമൽനാഥ് സർക്കാർ അദ്ദേഹത്തിന് സഹമന്ത്രി പദവിയും നൽകി. ശിവരാജ് സർക്കാർ തിരിച്ചെത്തിയ ശേഷം, 2020 നവംബറിൽ, ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമി കമ്പ്യൂട്ടർ ബാബ അനധികൃത കൈവശം വെച്ചതായി ആരോപിച്ച് നടപടി സ്വീകരിച്ചു.
വായിക്കുക:EctoLife facility എന്ന കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള വീഡിയോയുടെ യാഥാർഥ്യം അറിയൂ
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ വൈറലായ ഫോട്ടോയിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. എഡിറ്റിംഗ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കമ്പ്യൂട്ടർ ബാബയുടെ മുഖം മാറ്റി രാഹുൽ ഗാന്ധിയുടെ മുഖം ഒട്ടിച്ചാണ് ഈ ഫോട്ടോ നിർമിച്ചത്.
Result: Altered Photo
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ അർജുൻ ഡിയോഡിയയാണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.