”ഒരു നിലയുള്ള ക്ലിഫ് ഹൗസ് എന്ന കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് പുതിയ ലിഫ്റ്റ് നിർമ്മിക്കുന്നതിനായി 25.50 ലക്ഷം അനുവദിച്ച് സർക്കാർ,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. നേരത്തെ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു.
ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാനുള്ള തീരുമാനം. ഇതാണ് ഈ പ്രചാരണത്തിന്റെ കാരണം.ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

Shajahan Perimbalam എന്ന ഐഡിയിൽ നിന്നും 83 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഞങ്ങൾ കാണും വരെ Tatwamayi TV എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് 46 ഷെയറുകൾ ഉണ്ടായിരുന്നു.

മുസ്ലിം ലീഗിന്റെ മുഖ പത്രമായ Chandrika Dailyയുടെ ഫേസ്ബുക്ക് പേജിൽ നിന്നും ഈ പോസ്റ്റ് 30 പേര് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിരുന്നു.

Fact Check/Verification
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് 25.50 ലക്ഷം രൂപ കൊടുത്ത് ലിഫ്റ്റ് സ്ഥാപിക്കുന്നുവെന്നത് വാസ്തവമാണോ എന്നറിയാൻ ഞങ്ങൾ കീ വേർഡ് സേർച്ച്ചെയ്തു. അപ്പോൾ ഡിസംബർ,2, 2022 ൽ ഏഷ്യാനെറ്റ് ന്യൂസ് കൊടുത്ത ഒരു വാർത്ത കിട്ടി.

“മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ഇതാദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റാണ് പണിയുന്നത്. നേരത്തെ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെയാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാനുള്ള തീരുമാനം,” എന്നാണ് വാർത്ത പറയുന്നത്. അതിനൊപ്പം ക്ലിഫ് ഹൗസിന്റെ പടവും കൊടുത്തിട്ടുണ്ട്, അതിൽ നിന്നും കെട്ടിടം രണ്ടു നിലയാണ് എന്ന് മനസിലാക്കാം.
മറ്റ് നിരവധി മാധ്യമങ്ങളും ഈ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിൽ എല്ലാം ക്ലിഫ് ഹൗസിന്റെ ചിത്രമുണ്ട്. അവയിൽ നിന്നും അത് രണ്ടു നിലയാണ് എന്ന് മനസിലാക്കാം. അവ ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.
സെപ്റ്റംബർ 1,2017 ന് ക്ലിഫ് ഹൗസിനെ കുറിച്ച് ദി ഹിന്ദു കൊടുത്തിരിക്കുന്ന ലേഖനത്തിനൊപ്പം കൊടുത്ത പടവും പറയുന്നത് അത് ഒരു രണ്ടു നില കെട്ടിടമാണെന്നാണ്.”നിലവിൽ 78 വർഷം പഴക്കമുള്ള വീട് മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും വസതിയാണ്. രണ്ട് നിലകളുള്ള ഈ വീട് പ്രാദേശിക വാസ്തുവിദ്യയുടെയും കൊളോണിയൽ സവിശേഷതകളുടെയും സമന്വയമാണ്. 15,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന് ചുറ്റും വിശാലമായ വരാന്തയുണ്ട്,”ലേഖനം പറയുന്നു.

മേയ് 22,2006ൽ ദി ഹിന്ദു ഇമേജസ് കൊടുത്ത ചിത്രത്തിലും ക്ലിഫ് ഹൗസ് രണ്ടു നിലയയാണ് കാണപ്പെടുന്നത്.
ഈ കാര്യത്തെ കുറിച്ചുള്ള ഒരു വ്യക്തതയ്ക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പി എം മനോജിനെ ഞങ്ങൾ വിളിച്ചു.”ക്ലിഫ് ഹൗസ് രണ്ടു നിലയുള്ള ഒരു പഴയ കെട്ടിടമാണ്. അതിന്റെ നിലകൾ വളരെ ഉയരം ഉള്ളവയാണ്. മാത്രമല്ല, അതിന്റെ പടികൾ തടിയിൽ ഉള്ളതും ഇടുങ്ങിയതും പഴയതുമാണ്. വളരെ മുൻപ് കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെയുള്ള പ്രൊപോസൽ ആണിത്. ഇപ്പോൾ അനുമതി കിട്ടിയെന്ന് മാത്രം,” മനോജ് പറഞ്ഞു.
Conclusion
ക്ലിഫ് ഹൗസിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 25.50 ലക്ഷം സർക്കാർ അനുവദിച്ചുവെന്ന വാർത്ത ശരിയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ ക്ലിഫ് ഹൗസ് പ്രചരിപ്പിക്കെപ്പെടുന്നത് പോലെ ഒരു നില കെട്ടിടമല്ല. രണ്ട് നില കെട്ടിടമാണത്.
Sources
News Report in Asianet news on December 2,2022
News Report in The Hindu on September 1.2017
Picture in The Hindu Images on May 22,2006
Telephone conversation with P M Manoj Press Secretary to the Chief Minister
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.