Thursday, April 17, 2025

News

Explainer: ചികിത്സ മുറിയിൽ  പോലീസ് വേണ്ടെന്ന വിധിയാണോ ഡോക്ടർ കൊല്ലപ്പെടാൻ കാരണം?

Written By Sabloo Thomas
May 11, 2023
banner_image

ചികിത്സ മുറിയിൽ പോലീസ് വേണ്ടെന്ന വിധിയാണ് ഡോക്ടർ കൊല്ലപ്പെടാൻ കാരണം എന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. 

“പ്രതിയെ പരിശോധിക്കുമ്പോൾ അടുത്ത് പോലീസ് വേണ്ടാ” എന്നുള്ള ഉത്തരവ് പ്രതിഭ എന്ന ഡോക്ടർ ഹൈക്കോടതിയെ സമീപിച്ച് നേടിയെടുതതാണ്. ഈ വിധിയാണ് ഇന്നലെ ഡോക്ടർ കൊല്ലപ്പെടാൻ കാരണമെന്നാണ്,” പോസ്റ്റുകൾ പറയുന്നത്.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ അതിക്രമത്തിനിരയായ വനിതാ ഡോക്ട‍‍ർ മരിച്ചത് വലിയ വാർത്ത ആയിരുന്നു. ഇതിനെ തുടർന്നാണ്, പോസ്റ്റുകൾ പ്രചരിക്കുന്നത്.

ഹൗസ് സ‍ർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്. മെയ് 10,2023ന് നാലുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനാകുകയും കത്രിക കൊണ്ടു ഡോക്ടറെയും പോലീസുകാരെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ആയിരുന്നു. ഗുരുതര പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. അഞ്ചോളം കുത്തുകൾ വന്ദനക്കേറ്റുവെന്നാണ് പ്രാഥമിക നി​ഗമനം. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇ‌യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  പൊലീസുകാർക്കും കൈക്കും ശരീരത്തിലും കുത്തേറ്റു. പ്രതി പൂയപ്പള്ളി സ്വദേശി എസ്  സന്ദീപ് അധ്യാപകനാണ്.

നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനാണ് സന്ദീപ്. നിലവില്‍ സന്ദീപ് സസ്‌പെന്‍ഷനിലാണ്. ഇയാള്‍ ഡീ അഡിക്ഷന്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.

പത്രവാർത്തകളിൽ വിവരങ്ങൾ അനുസരിച്ച്, ഇയാൾ ഒരു കേസിലും പ്രതിയല്ലായിരുന്നു. മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയതിനെ തുടർന്ന്,നാട്ടുകാരുടെ സഹായത്തോടെ പോലീസ് ആശുപത്രിയിൽ എത്തിച്ചതാണ്.

പോരാളി ഷാജി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 785 ഷെയറുകൾ ഉണ്ടായിരുന്നു.

പോരാളി ഷാജി 's Post
പോരാളി ഷാജി ‘s Post

ഞങ്ങൾ കാണുമ്പോൾ, Sunil Valayangadan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 81 ഷെയറുകൾ ഉണ്ട്.

Sunil Valayangadan's Post
Sunil Valayangadan‘s Post

ആശ നീഗി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 42 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ട്.

ആശ നീഗി 's Post
ആശ നീഗി ‘s Post

ചികിത്സ മുറിയിൽ  പോലീസ് വേണ്ടെന്ന വിധിയുടെ പശ്ചാത്തലം 

ഞങ്ങൾ, “പ്രതിയെ പരിശോധിക്കുമ്പോൾ അടുത്ത് പോലീസ് വേണ്ടാ” എന്ന കീവേർഡുകൾ ഉപയോഗിച്ച്, സേർച്ച് ചെയ്തു. അപ്പോൾ മാതൃഭൂമി ജൂൺ 5,2022 ൽ കൊടുത്ത വാർത്ത ലഭിച്ചു.

Screen grab of Mathrubhumi's news
Screen grab of Mathrubhumi’s news

ആ വാർത്തയുടെ ചുരുക്കം ഇങ്ങനെയാണ്: “പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുനിൽക്കരുതെന്ന് സർക്കാർ ഉത്തരവിറക്കി. ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനാണ് നടപടി. എന്നാൽ പ്രതിക്ക് രക്ഷപ്പെടാൻ കഴിയാത്തത്ര അകലം പോലീസ് പാലിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. പോലീസ് കസ്റ്റഡിയിൽ മർദനമേറ്റിട്ടുണ്ടെങ്കിൽ പ്രതിയോട് ചോദിച്ചു മനസ്സിലാക്കാൻ ഇതനുസരിച്ച് ഡോക്ടർക്ക് അവസരമുണ്ട്. കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽപെട്ടതായിരുന്നു പ്രതികളെ പരിശോധിക്കുമ്പോൾ പോലീസ് സാന്നിധ്യം ഒഴിവാക്കണമെന്നത്. താനൂർ സ്വദേശിയും താനാളൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭ ഇതു നടപ്പാക്കിക്കിട്ടാൻ പലവട്ടം സർക്കാരിനെ സമീപിച്ചു. ഒടുവിലവർ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഡോക്ടറുടെ ആവശ്യം അംഗീകരിച്ചതോടെയാണ് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതമായത്.”

എന്താണ് വിധി പറയുന്നത്?

തുടർന്നുള്ള പരിശോധനയിൽ, ലൈവ് ലോ വെബ്‌സൈറ്റിൽ നിന്നും  ഡോക്ടർ പ്രതിഭ കൊടുത്ത കേസിൽ (WP(C) NO. 14291 OF 2021) കോടതി നൽകിയ ഉത്തരവും ഞങ്ങൾക്ക് കിട്ടി. “പ്രതിയുടെ ആന്തരിക പരിക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ പരാജയമാണ് കസ്റ്റഡി പീഡനത്തിനും കസ്റ്റഡി മരണത്തിനും കാരണമെന്ന് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷൻ പറഞ്ഞ കാര്യം കോടതി ഉത്തരവിൽ ചൂണ്ടികാട്ടുന്നുണ്ട്. ഇവ പോലീസ് സാന്നിധ്യത്തിൽ പരിശോധിക്കാൻ ഡോക്ടർമാർക്ക് കഴിയില്ലെന്ന കാര്യം കൂടി കണക്കിലെടുത്താണ് കോടതി  ഉത്തരവ്.

Powered By EmbedPress

ഈ കോടതി ഉത്തരവാണ് തുടർന്നുള്ള സർക്കാർ ഉത്തരവിന് കാരണമായത്. സർക്കാർ ഉത്തരവിൽ ഉള്ളത് കോടതി ഉത്തരവ് നടപ്പാക്കാനുള്ള നിർദേശങ്ങളാണ്.

മെയ് 10,2023 ലെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവൻ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഹരീഷിന്റെ പോസ്റ്റ് പറയുന്നു: “പ്രതിയെ വൈദ്യപരിശോധനയ്ക്കോ മജിസ്‌ട്രേറ്റിന്റെ മുമ്പിലോ ഹാജരാക്കുമ്പോൾ അവർക്ക് ഡോക്ടറോഡോ മജിസ്‌ട്രേറ്റിനോടോ പറയുന്നതിന് സ്വകാര്യത വേണം – പോലീസുകാർ കേൾക്കരുത് എന്നത് നിയമവ്യവസ്ഥ നന്നായി നടക്കാൻ അത്യാവശ്യം വേണ്ട ഒന്നാണ്. മജിസ്‌ട്രേറ്റുമാരുടെ വീട്ടിൽ പ്രതികളെ ഹാജരാക്കാറുണ്ട്. അപ്പോഴും പ്രതിക്ക് പറയാനുള്ളത് പോലീസ് കേൾക്കാതെ മജിസ്‌ട്രേറ്റിനോട് പറയാൻ പറ്റണം.”

“പ്രതിയുടെ വൈദ്യപരിശോധനയിൽ പ്രൈവസി വേണ്ട കാര്യമാണെങ്കിൽ ഡോക്ടർക്കും പ്രതിക്കും അത് കിട്ടുക തന്നെ വേണം. ഒരു ഡോക്ടർ ഇത് ഉന്നയിച്ചപ്പോൾ ആ ബോധ്യം വന്നിട്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. സർക്കാർ ഉത്തരവിട്ടത്. ആ ഡോക്ടർ ചെയ്തതിൽ ഒരു തെറ്റുമില്ല,” എന്നാണ് പോസ്റ്റ് പറയുന്നത്.

വൈദ്യ പരിശോധനയ്ക്ക് കൊണ്ട് വരുന്ന പ്രതികൾക്ക് ഡോക്ടറുമായി സംസാരിക്കാൻ സ്വകാര്യത വേണമെന്നതാണ് വിധിയുടെ അടിസ്ഥാനം. അത് അക്രമാസക്തരായ പ്രതികളിൽ നിന്നും ഡോക്ടർമാരെ സംരക്ഷിക്കാനുള്ള പോലീസിന്റെ അവകാശം കവരുന്നില്ല.

പത്ര റിപ്പോർട്ടുകളുടെയും സ്ഥലത്ത് ഉണ്ടായിരുന്ന പത്രപ്രവർത്തക്കരോട് സംസാരിച്ചതിന്റെയും അടിസ്ഥാനത്തിൽ പോലീസ് സാന്നിധ്യം പരിശോധന മുറിയ്ക്ക് വെളിയിൽ ഉണ്ടായിരുന്നുവെന്ന് മനസ്സിലായി. പരിശോധന മുറിയിൽ ഡോക്ടറും അക്രമകാരിയായ യുവാവും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂന്നുവെന്നാണ് മനസ്സിലാക്കുന്നത്.സന്ദീപിനെ പ്രൊസീജ്യർ റൂമിൽ കയറ്റിയപ്പോൾ പൊലീസ് എവിടെയായിരുന്നുവെന്ന് ഹൈക്കോടതി ചോദിച്ചതും ഈ സന്ദർഭത്തിൽ ഓർക്കാം. അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നുനിന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു

ഇവിടെ വായിക്കുക:Fact Check: കർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്

ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വിധിയ്ക്ക് കാരണമായ കേസ് കൊടുത്ത ഡോക്ടർ പ്രതിഭയെ വിളിച്ചു. തനിക്ക് എതിരെ ഡോക്ടർ കുത്തേറ്റ് മരിച്ചതിന് ശേഷം സൈബർ ആക്രമണം നടക്കുന്നത് ശ്രദ്ധയിൽ വന്നതായി അവർ പ്രതികരിച്ചു. “താൻ കൊടുത്ത കേസിന്റെ വിധിയുമായി ആ സംഭവത്തിന് ബന്ധമൊന്നുമില്ല. ഇത്തരം സൈബർ ആക്രമണങ്ങൾ തന്നെ ബാധിക്കാറില്ലെന്നും,” ഡോക്ടർ പ്രതിഭ പറഞ്ഞു.

ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനുള്ള ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് ആ  വിധിയാണ് ഇന്നലെ ഡോക്ടർ കൊല്ലപ്പെട്ടാൻ കാരണമെന്ന് പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Sources
Newsreport by Mathrubhumi on June 5,2022
Judgment for WP(C) NO. 14291 OF 2021
Facebook post by Harish Vasudevan on May 10, 2023
Government order dated October 31, 2020
Telephone Conversation with Dr K Prathiba


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,830

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.