ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്നലെ (മാർച്ച് 8 ) അവസാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പെട്രോൾ വില ഉടന്‍ വര്‍ദ്ധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയും സൂചന നല്‍കി. റഷ്യ- ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നുണ്ട്. ഇന്ത്യയിലെ ഇന്ധന വില സംബന്ധിച്ച് എണ്ണ കമ്പനികള്‍ തീരുമാനമെടുക്കും, രാജ്യത്ത് അസംസ്കൃത എണ്ണയ്ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ധനവില കുറച്ചതെന്നും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വീണ്ടും വില വര്‍ധിപ്പിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപം മന്ത്രി തള്ളി കളയുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ, “ഇന്നലെ രാത്രി പെട്രോൾ പമ്പുകളിൽ ഉണ്ടായ ഈ തിരക്ക് ഒരു ജനതയ്ക്ക് തന്റെ ഭരണാധികാരിയോട് ഉള്ള വിശ്വാസമാണ് തെളിയിക്കുന്നത്,” എന്നു അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. ഈ പോസ്റ്റ് ഷെയർ ചെയ്യുന്നവരെല്ലാം ഒരേ ചിത്രം അല്ല ഉപയോഗിക്കുന്നത്. രണ്ട് വ്യത്യസ്ത ചിത്രങ്ങൾക്കൊപ്പം ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നുണ്ട്. അതിൽ ആദ്യത്തെ ചിത്രം പങ്ക് വെക്കുന്ന, Adv. KS Arun Kumar ന്റെ പോസ്റ്റിന് ഞങ്ങൾ പരിശോധിക്കുന്ന സമയത്ത് 337 ഷെയറുകൾ ഉണ്ടായിരുന്നു.

രണ്ടാമത്തെ ചിത്രം പങ്ക് വെച്ച Roy Thomas Eluvathingalന്റെ പോസ്റ്റിനു 31 ഷെയറുകൾ ഉണ്ടായിരുന്നു.

Factcheck/ Verification
ആദ്യ നോട്ടത്തിൽ തന്നെ,ഈ അടുത്ത ദിവസങ്ങളിൽ എടുത്ത ചിത്രങ്ങൾ ഇത് എന്ന് ഞങ്ങൾക്ക് സംശയം തോന്നി. കാരണം രണ്ട് ചിത്രങ്ങളിലും ജനങ്ങൾ മാസ്ക് വെച്ചിട്ടില്ല. കൊറോണ കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊണ്ട് മാസ്ക് വെച്ചാണല്ലോ ഭൂരിപക്ഷം പേരും പുറത്തിറങ്ങുന്നത്. ഇത് കൊണ്ട് തന്നെ ഞങ്ങൾ രണ്ടു ചിത്രങ്ങളും റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.
ആദ്യത്തെ ചിത്രം ഫസ്റ്റ് പോസ്റ്റ് വെബ്സൈറ്റ്, 2012 മെയ് 24 ന് എപിയ്ക്ക് ക്രെഡിറ്റ് കൊടുത്ത് പ്രസീദ്ധീകരിച്ചിട്ടുണ്ട്. അഹമ്മദാബാദിൽ നിന്നുള്ളതാണ് ഈ ചിത്രം എന്ന് ഫസ്റ്റ് പോസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

“ഇന്നലെ വൈകിട്ടാണ് ഇന്ധന വില ലിറ്ററിന് 6.28 രൂപ കൂട്ടുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. വിലകുറഞ്ഞ് നിൽക്കുന്ന സമയത്ത് പെട്രോൾ വാങ്ങാൻ പെട്രോൾ പമ്പുകളിലേക്ക് ഓടിയെത്തിയ ഇന്ത്യൻ പൊതുജനം ഒരു നിമിഷം പോലും പാഴാക്കിയില്ല,” എന്ന വിവരണത്തോടൊപ്പം പ്രസിദ്ധീകരിച്ച ഒരു ഫോട്ടോ ഫീച്ചറിലാണ് ഈ ചിത്രം ഉള്ളത്. Indian against petrol price hike എന്ന ഫേസ്ബുക്ക് പേജിൽ ജൂൺ 2 2012ൽ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.

രണ്ടാമത്തെ ചിത്രവും ഫസ്റ്റ് പോസ്റ്റ് വെബ്സൈറ്റ് 2012 മെയ് 24 ന് പിടിഐയ്ക്ക് ക്രെഡിറ്റ് കൊടുത്ത് തങ്ങളുടെ ഫോട്ടോ ഫീച്ചറിൽ കൊടുത്തിട്ടുണ്ട്. ഗുഡ്ഗാവിൽ നിന്നുള്ളതാണ് ചിത്രം എന്ന് അടിക്കുറിപ്പ് വ്യക്തമാക്കുന്നു.

ഹിന്ദുസ്ഥാൻ ടൈംസും ഈ ചിത്രം ജൂൺ 1 2012 ൽ പിടിഐയ്ക്ക് ക്രെഡിറ്റ് കൊടുത്ത് പ്രസീദ്ധീകരിച്ചിട്ടുണ്ട്. അതിലും ചിത്രം ഗുഡ്ഗാവിൽ നിന്നുള്ളതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വായിക്കാം: 1850 കൊടുംകുറ്റവാളികളെ വിട്ടയക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ തടഞ്ഞുവെന്ന വാർത്തയുടെ വാസ്തവം
Conclusion
പെട്രോൾ പമ്പിലെ ഇന്നലത്തെ തിരക്കിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന രണ്ട് ചിത്രങ്ങളും 2012 ലേത് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഒരു ചിത്രം ഗുഡ്ഗാവിൽ നിന്നുള്ളതും മറ്റേത് അഹമ്മദാബാദിൽ നിന്നുള്ളതുമാണ്.
Result: False Context/ False
Facebook page of Indian against petrol price hike
Photo feature published in Hindustan Times
Photo feature published in First Post
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.