കൊറോണയെ തുരത്താൻ ഉപ്പ് വെള്ളം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വീണ്ടും വൈറൽ ആവുകയാണ്.മാർച്ച് 23,2020 ൽ ഭാരത് ലൈവ് എന്ന പ്രൊഫൈലിൽ നിന്നും ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോയ്ക്ക് 1,24,432 വ്യൂകളും 13 ലൈക്കുകളും 20 K ഷെയറുകളും ഉണ്ടായിട്ടുണ്ട്. ഈ വീഡിയോ അവസാനമായി ക്യൂവിലേക്ക് ചേർക്കപ്പെട്ടത് ഏപ്രിൽ 28നാണ്.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തന്നെ വീഡിയോയ്ക്ക് 40 K ലൈക്കുകൾ ഉണ്ട്.

കേരളത്തില്‍ കൊറോണ വൈറസ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോകൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. ഇന്ന് സംസ്‌ഥാനത്തു 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,57,99,524 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5308 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 330 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇത്തരം ഒരു സാഹചര്യം കൂടി കണക്കിലെടുത്തു വേണം ഇത്തരം വീഡിയോകളെ സമീപിക്കാൻ.

Fact Check/Verification
കൊറോണ വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നു. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും.തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന, ഛർദി എന്നീ ലക്ഷണങ്ങളും ഉണ്ടാകും.
ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവതുള്ളികളിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരും. അത് അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തിക്കുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ, അയാൾക്ക് ഹസ്തദാനം ചെയ്യുമ്പോഴോ, രോഗം മറ്റെയാളിലേക്ക് പടരാനുള്ള സാധ്യത ഉണ്ട്. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിലും വൈറസ് സാന്നിധ്യം ഉണ്ടാകാം. അത് കൊണ്ട്’ ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചതിന് ശേഷം ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം വരാൻ സാധ്യത ഉണ്ട്.
കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല.എന്നാൽ പ്രതിരോധ വാക്‌സിൻ ഇപ്പോൾ ലഭ്യമാണ്. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ, ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് ഇപ്പോൾ നൽകി വരുന്നത്. പനിക്കും വേദനയ്ക്കുമുള്ള മരുന്നുകൾ രോഗികൾ ഇപ്പോൾ നൽകുന്നുണ്ട്.രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.
വൈറസ് പടരുന്നത് തടയാൻ ഇത്തരം ഒരു പൊടികൈയും ഇത് വരെ കണ്ടെത്തിയിട്ടില്ല. ഓരോ വ്യക്തിയും സ്വയം എടുക്കുന്ന മുൻകരുതലിന് മാത്രമേ വൈറസ് പടരുന്നത് തടയാൻ കഴിയൂ.
ഇതിന് ശരിയായി മാസ്ക് ധരിക്കുന്നത്, കൃത്യമായ ഇടവേളകളിൽ കൈകഴുന്നത് തുടങ്ങി ഒട്ടേറെ മുൻകരുതലുകൾ ഇപ്പോൾ ഉണ്ട്. അല്ലാതെ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ചില നുറുങ്ങു വിദ്യകൾ എന്ന പേരിൽ ഇപ്പോൾ ജനങ്ങൾക്കിടയിൽ പരക്കുന്ന കാര്യങ്ങൾ അതിനു സഹായിക്കില്ല. ഉപ്പ് വെള്ളം കവിൾ കൊള്ളുക എന്നതും ഇത് പോലെ പരക്കുന്ന ഒരു നുറുങ്ങു വിദ്യയാണ്.ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ആയതിനാൽ തന്നെ തൊണ്ട വൃത്തിയായി സൂക്ഷിച്ചാൽ അണുബാധ ഉണ്ടാകില്ല എന്ന ഒരു ധാരണയുണ്ട്. കാരണം ധാരാളം വെള്ളം കുടിക്കുക, കൃത്യമായ ഇടവേളകളിൽ ചൂട് വെള്ളം കുടിക്കുക, ഉറങ്ങുന്നതിന് മുമ്പ് ഉപ്പ് വെള്ളം കവിളിൽ കൊള്ളുക എന്നതൊക്കെ ശ്വാസകോശത്തെ സംബന്ധിക്കുന്ന അസുഖങ്ങൾക്ക് പ്രതിവിധിയായി പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്ന ഗാർഹിക രീതികളാണല്ലോ.

എന്നാൽ കൊറോണ ബാധിക്കാതിരിക്കാൻ വായിൽ ഉപ്പുവെള്ളം കൊണ്ടാൽ മതിയെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തള്ളിക്കളയണം. ഉപ്പുവെള്ളം നല്ലൊരു അണുനാശിനിയാണ്. എന്നാൽ കൊറോണയെ തുരത്താൻ അതിനാവില്ല.ഇത് കൂടാതെ വൈറസിനെ തുരത്താൻ മറ്റ് ചില നാട്ടു ചികിത്സകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. വെളുത്തുള്ളിയ്ക്ക് കൊറോണയെ തുരത്താൻ സാധിക്കുമെന്ന തരത്തിലുള്ള വാട്ട്സ് ആപ്പ് ഫോർവേഡ് മെസ്സേജുകൾ സോഷ്യൽ മീഡിയയിൽ ധാരാളം പ്രചാരത്തിലുണ്ട്. ഇവയെല്ലാം വ്യാജമാണ്.
സാധാരണ ഉപ്പിന് കൊറോണ വൈറസിനെ കൊല്ലാൻ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഉപ്പ് വെള്ളം കവിളിൽ കൊള്ളുന്നത് കൊണ്ടും വൈറസ് നശിക്കില്ലെന്നു അവർ പറയുന്നു.

ധാരാളം വെള്ളം കുടിയ്ക്കുകയും ഉപ്പ് ചേർത്തതോ വിനാഗിരി ചേർത്തോ ആയ വെള്ളം കവിളിൽ കൊണ്ടാൽ കൊറോണ അകന്നു നിൽക്കുമെന്ന പ്രചാരണത്തിന് സാധുകരിക്കുന്ന ഒരു തെളിവും ഇപ്പോഴും ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇത്തരം പ്രചാരണങ്ങൾ അസത്യമാണ്.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ജോൺഹോപ്കിൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവരുടെ വെബ്‌സൈറ്റുകൾ എല്ലാം കൊടുത്തിട്ടുള്ള വിവരങ്ങൾ ഇത് അടിവരയിട്ട് പറയുന്നു.

Conclusion
മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ തന്നെയാണ് ഇപ്പോഴും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. അല്ലാതെ ഉപ്പ് വെള്ളം കൊണ്ട് കൊറോണയെ പ്രതിരോധിക്കാനാവും തുടങ്ങിയ അവകാശവാദങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
Result: Misleading
Our Source
https://www.who.int/emergencies/diseases/novel-coronavirus-2019/advice-for-public/myth-busters
https://www.jhsph.edu/covid-19/articles/coronavirus-facts-vs-myths.html
https://www.pih.org/article/covid-19-fact-vs-fiction
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.