Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേണല്‍ ദിനേശ് പതാനിയ എന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയോടൊപ്പം ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. കാശ്മീരിലെ മച്ചില്‍ 2010ല്‍ നടന്ന ‘വ്യാജ ഏറ്റുമുട്ടല്‍’ കേസിലെ പ്രതികളായ സൈനികരുടെ ശിക്ഷാ നടപടി റദ്ദ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്.
മോദി സർക്കാർ ആ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ‘എന്തെങ്കിലും ചെയ്യുന്നതിൽ വിജയിച്ചുവെന്നാണ്’ പോസ്റ്റ് പറയുന്നത്. കേസിൽ പ്രതിയായ സരിന്‍ ലഖ്വിന്ദറിന് മോദി സര്‍ക്കാര്‍ ജാമ്യം നല്‍കിയെന്നും പോസ്റ്റ് പറയുന്നു. കോൺഗ്രസ്സ് സർക്കാർ പ്രീണനത്തിനായി ഈ സൈനികരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മോദി സർക്കാർ അവരെ മോചിപ്പിച്ചുവെന്നുമാണ് പോസ്റ്റിലെ വാദം.
മനോജ് സാരഥി എന്ന ഐഡിയിൽ നിന്നും വീരപഴശ്ശി കണ്ണൂർ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഈ കുറിപ്പിന് 1.2 k റിയാക്ഷനുകളും 411 ഷെയറുകളും ഉണ്ടായിരുന്നു.
മനോജ് സാരഥി’s Facebook post
അഘോരി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 85 ഷെയറുകൾ ഉണ്ടായിരുന്നു.
അഘോരി’ s Facebook post
ഫോട്ടോയിലെ വ്യക്തിയുടെ നെയിംപ്ലേറ്റിൽ സൂം ഇൻ ചെയ്‌തപ്പോൾ അതിൽ സുരേന്ദ്ര പുനിയ എന്ന് എഴുതിയിരിക്കുന്നതായി കാണാൻ കഴിഞ്ഞു.

ഗൂഗിളിലെ കീവേഡ് സെർച്ചിൽ നിന്നും , ഫോട്ടോയിലുള്ള വ്യക്തി മേജർ സുരേന്ദ്ര പുനിയയാണെന്ന് തീർച്ചപ്പെടുത്താനായി.

Ssbcrack എന്ന വെബ്‌സൈറ്റ് ജൂലൈ 30, 2016നു കൊടുത്ത ലേഖനത്തിൽ നിന്നും പൂനെയിലെ എഎഫ്എംസിയിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം മേജർ പൂനിയ 2001 ഓഗസ്റ്റിൽ ഇന്ത്യൻ ആർമിയിൽ കമ്മീഷൻ ചെയ്യപ്പെട്ടുവെന്ന് മനസിലായി. 2008-ൽ, മേജർ സുരേന്ദ്ര പൂനിയയെ രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ പാരാ-കാവൽറി റെജിമെന്റായ പിബിജിയിൽ നിയമിച്ചു. ഇന്ത്യയുടെ രണ്ട് രാഷ്ട്രപതിമാരുടെ കീഴിൽ – പ്രതിഭാ ദേവി സിംഗ് പാട്ടീൽ, പ്രണബ് മുഖർജി- അദ്ദേഹം സേവനമനുഷ്ഠിച്ചു.

ക്രൊയേഷ്യയിൽ 2009ൽ നടന്ന ലോക മെഡിക്കൽ ഗെയിംസിലെ 3 മെഡലുകൾ അദ്ദേഹം നേടി. തുടർന്ന്, 2011-ൽ സ്പെയിനിലെ ലാസ്-പാൽമാസിൽ ഇതേ മീറ്റിൽ 2 സ്വർണവും 2 വെള്ളിയും 1 വെങ്കലവും നേടി.
2012-ൽ തുർക്കിയിലെ അന്റാലിയയിൽ നടന്ന ലോക മെഡിക്കൽ ഗെയിംസിൽ 2 സ്വർണ്ണ മെഡലുകളും 5 വെള്ളി മെഡലുകളും അദ്ദേഹം നേടി. ലോക മെഡിക്കൽ ഗെയിംസിൽ പവർ ലിഫ്റ്റിംഗ് ഇനത്തിൽ തുടർച്ചയായി 3 തവണ സ്വർണ്ണം നേടുന്ന ആദ്യത്തെ അത്‌ലറ്റായി അദ്ദേഹം, Ssbcrackലെ ലേഖനം പറയുന്നു.
മാർച്ച് 23,2019ലെ ബിസിനസ്സ് സ്റ്റാൻഡേർഡിലെ വാർത്ത അനുസരിച്ചു, മുൻ ആം ആദ്മി പാർട്ടി (എഎപി) നേതാവായ മേജർ (റിട്ട.) സുരേന്ദ്ര പൂനിയ മുതിർന്ന നേതാക്കളായ ജെപി നദ്ദയുടെയും രാം ലാലിന്റെയും സാന്നിധ്യത്തിൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു.
പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ (എഎഫ്എംസി) ബിരുദം നേടിയ മേജർ പൂനിയ ഇന്ത്യൻ ആർമിയുടെ മുൻ സ്‌പെഷ്യൽ ഫോഴ്‌സ് ഓഫീസറാണ്. രാജ്യാന്തര അവാർഡ് നേടിയ കായികതാരവും രാജ്യത്തിന്റെ രക്തസാക്ഷികളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രത്യേക മാരത്തണായ സോൾഡിയറത്തണിന്റെ സ്ഥാപകനുമാണ് അദ്ദേഹം,ബിസിനസ്സ് സ്റ്റാൻഡേർഡിലെ വാർത്ത പറയുന്നു.
രാജസ്ഥാനിലെ സിക്കാറിൽ താമസിക്കുന്ന അദ്ദേഹം 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവിടെ നിന്നും എഎപി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാളുമായുള്ള ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി 2015 ൽ അദ്ദേഹം എഎപിയിൽ നിന്ന് രാജിവച്ചു, ബിസിനസ്സ് സ്റ്റാൻഡേർഡിലെ വാർത്ത വ്യക്തമാക്കുന്നു.
ജൂലൈ . 27, 2017ലെ എൻ ഡി ടിവിയുടെ വാർത്ത പ്രകാരം അഞ്ച് സൈനികർക്കെതിരെ, കൃത്യമായ തെളിവുകളില്ലാത്തത് കൊണ്ടാണ് അവരുടെ ജീവപര്യന്തം തടവ്, റദ്ദ് ചെയ്തുകൊണ്ട് ആര്‍മി ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. അവർക്ക് ജാമ്യം ലഭിച്ചതായും എൻ ഡി ടിവിയുടെ വാർത്ത പറയുന്നു.

2010ലെ മച്ചിൽ എറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് 2015ലാണ് എന്നും എൻ ഡി ടിവി റിപ്പോർട്ട് പറയുന്നു.
കേണല്‍ ദിനേശ് പതാനിയയെ കൂടാതെ, ക്യാപ്റ്റന്‍ ഉപേന്ദ്ര, ഹവില്‍ദാര്‍ ദേവേന്ദര്‍ കുമാര്‍, ലാന്‍സ് നായിക് ലഖ്മി, ലാന്‍സ് നായിക് അരുണ്‍കുമാര്‍, ടെറിട്ടോറിയല്‍ ആര്‍മിയുടെ റൈഫിള്‍മാന്‍ അബ്ബാസ് ഹുസൈന്‍ എന്നിവരാണ് മച്ചിൽ ‘വ്യാജ ഏറ്റുമുട്ടല്‍’ കേസിലെ മറ്റു പ്രതികൾ എന്ന് ഇക്കണോമിക്ക് ടൈംസ് ജൂലൈ 11 2017 റിപ്പോർട്ട് ചെയ്യുന്നു.

അതിൽ നിന്നും ഫോട്ടോയിൽ ഉള്ള മേജര്‍ സുരേന്ദര്‍ പുനിയയ്ക്ക് മച്ചില്‍ ഏറ്റമുട്ടലുമായി ബന്ധമില്ലെന്നു മനസ്സിലാവുന്നു.
2010ല്‍ കേണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരായിരുന്നു കേന്ദ്രം ഭരിച്ചിരുന്നത് എന്നത് ശരിയാണ്. 2017ല്‍ സൈനീകര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്ന സമയത്ത് മോദി പ്രധാനമന്ത്രിയായിരുന്നുവെന്നതും ശരിയാണ്. എന്നാല്‍ സൈനീക കോടതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ഇളവ് ലഭിച്ചതും സൈനീക കോടതിയുടെ കണ്ടെത്തലിനെ തുടർന്നാണ് എന്ന് വാർത്തകളിൽ നിന്നും വ്യക്തമാണ്.
ആർമിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം അഭിഭാഷകനായ നവദീപ് സിങ്ങ് ഞങ്ങളോട് പറഞ്ഞത്, കോർട്ട് മാർഷലിൽ രാഷ്ട്രീയ ഇടപെടലുകൾ സാധ്യമല്ല എന്നാണ്. അതൊരു ജുഡീഷ്യൽ പ്രക്രിയയാണ്,അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോട്ടോയിൽ ഉള്ളത് മച്ചിൽ വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രതിയായ കേണല്‍ ദിനേശ് പതാനിയ അല്ല. അദ്ദേഹം അടക്കം അഞ്ച് സൈനികർക്ക് ശിക്ഷ വിധിച്ചതും പിന്നീട് അവരുടെ ശിക്ഷ റദ്ദ് ചെയ്തതും സൈനിക കോടതിയാണ്. അവിടെ ഒരു രാഷ്ട്രീയ ഇടപെടലും സാധ്യമല്ല.
Whatsapp chat with Navdeep Singh
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
July 26, 2021
Sabloo Thomas
September 3, 2021
Sabloo Thomas
October 1, 2021