Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി.
Fact
നാസർ ഫൈസി കൂടത്തായിയുടെ പേരിലുള്ള ഈ ന്യൂസ്‌കാർഡ് മീഡിയവൺ കൊടുത്തതല്ല.
സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി എന്ന പേരിൽ ഒരു മീഡിയവൺ ന്യൂസ് കാർഡ് പ്രചരിക്കുന്നുണ്ട്. “സ്ത്രികൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരണം,നാടിൻറെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കണം.സ്ത്രി മുന്നേറ്റ വിഷയത്തിൽ ലീഗിനെ പ്രശംസിച്ച് സമസ്ത നേതാവ് നാസർ ഫൈസി. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,”എന്നാണ് ന്യൂസ് കാർഡിൽ ഉള്ളത്. കേരള സുന്നി യുവജന പ്രസ്ഥാനത്തിന്റെ (SYS) സഹ കാര്യദർശിയും, ജംഇയ്യത്തുൽ ഖുതുബാഅ് ജനറൽ സെക്രട്ടറിയുമാണ് നാസർ ഫൈസി കൂടത്തായി.
KP Umer Sa-adi എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 45 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
Musthafa Kkadav Musthafa Kkadav എന്ന ഐഡിയിൽ 21 പേർ പോസ്റ്റ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തു.
മലപ്പുറം സഖാക്കൾ fb/ഗ്രൂപ്പിലെ പോസ്റ്റ് 11 പേർ ഞങ്ങൾ കണ്ടപ്പോൾ ഷെയർ ചെയ്തിട്ടുണ്ട്.
മുൻപ് പലപ്പോഴും സ്ത്രി പ്രാതിനിധ്യ വിഷയത്തിൽ അദ്ദേഹം പ്രകടിപ്പിച്ച നിലപാടിന് വിരുദ്ധമാണ് ഈ പ്രസ്താവന. ഡിസംബർ 22,2022 ൽ കുടുംബ ശ്രീയുടെ ജൻഡർ ന്യൂട്രാലിറ്റി പ്രതിജ്ഞയെ അദ്ദേഹം വിമർശിച്ചിരുന്നു.
“ജൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിൻ്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യും,” എന്നാണ് അദ്ദേഹം അന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാന്തര ചടങ്ങുകൾ… തുടങ്ങിയ സിവിൽ നിയമങ്ങൾ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നൽകുന്ന അവകാശം ഭരണഘടനയുടെ മൗലികതയിൽപ്പെട്ടതാണ്,”അദ്ദേഹം ആ പോസ്റ്റിൽ പറഞ്ഞു.
“കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജൻഡർ കാമ്പയിൻ്റെ ഭാഗമായി കേരള സർക്കാർ 2022 നവമ്പർ 25 മുതൽ ഡിസംബർ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികൾ നടത്തുമ്പോൾ ശ്രേഷ്ടകരമായ പലതിനോടും ചേർത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമുണ്ട്.സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകൾക്കും കുടുംബശ്രീക്കും ജില്ലാ മിഷൻ കോ-ഓഡിനേറ്റർ നൽകുന്ന സർക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്.നാലാമത് ആഴ്ച എല്ലാ കുടുംബശ്രീയിലും ജൻഡർ റിസോഴ്സ് മീറ്റിലൂടെ പ്രതിജ്ഞ ചെയ്യാനുള്ള നിർദേശമുണ്ട്,അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ ഇപ്പോൾ പ്രചരിക്കുന്ന തരം ഒരു വാചകം അദ്ദേഹം പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്ന് ഞങ്ങൾക്ക് തോന്നി.
ഞങ്ങൾ ആദ്യം ഇത്തരം ഒരു ന്യൂസ്‌കാർഡ് മീഡിയവൺ ഷെയർ ചെയ്തിട്ടുണ്ടോ എന്നറിയാൻ അവരുടെ ഫേസ്ബുക്ക് പേജിൽ പോയി നോക്കി. അത്തരം ഒരു കാർഡ് അവർ ഷെയർ ചെയ്തിട്ടില്ലെന്ന് ബോധ്യമായി.
പിന്നീട്, മീഡിയവൺ ഓൺലൈനിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്റർ മുഹമ്മദ് ഷാഫിയുമായും ഞങ്ങൾ ഫോണിൽ സംസാരിച്ചു അദ്ദേഹം ഈ ന്യൂസ് കാർഡ് വ്യാജമാണ് എന്ന് അറിയിച്ചു. അതിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് മീഡിയവൺ ഉപയോഗിക്കുന്നതെല്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന്, ഇപ്പോൾ സൗദി അറേബ്യയിൽ പര്യടനം നടത്തുന്ന നാസർ ഫൈസിയെ ഞങ്ങൾ വാട്ട്സ്ആപ്പിൽ ബന്ധപ്പെട്ടു.ഞങ്ങൾക്ക് വാട്ട്സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ, നാസർ ഫൈസി, ഇത് താൻ പറഞ്ഞതല്ലെന്ന് വ്യക്തമാക്കി. ‘ഞാൻ പറഞ്ഞതല്ല. ഞാൻ പറയാത്തത് ഒരാൾ മീഡിയവണിന്റെ പേരിൽ സൃഷ്‌ടിച്ചതാണ്.അയാൾ അതിന് വിശദീകരണം നൽകിയത്, അയാൾക്ക് മറ്റൊരു ഗ്രൂപ്പിൽ നിന്നും കിട്ടിയത് അയാളുടെ അഭിപ്രായവും കൂടി വെച്ച് കൊണ്ട് ഇടതാണ്. ഞാൻ നടപടിയ്ക്ക് പോവും. അയാളുടെ നിലപാട് എന്താണ് എന്നറിയട്ടെ. അതും കൂടി ചേർത്ത് കൊണ്ട് ഞാൻ നിയമനടപടി എടുക്കും എന്നദ്ദേഹം പറഞ്ഞു. കൂടാതെ ഒരു പോസ്റ്റിന് അദ്ദേഹം കൊടുത്ത മറുപടിയുടെ സ്ക്രീൻ ഷോട്ട് കൂടി നാസർ ഫൈസി ഞങ്ങൾക്ക് ഷെയർ ചെയ്തു.
സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത നേതാവ് എന്ന പേരിൽ പ്രചരിക്കുന്ന മീഡിയവൺ ന്യൂസ് കാർഡ് വ്യജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Telephone conversation with the news editor in charge of Mediaone Online Mohammed Shafi on March 14,2023
WhatsApp conversation with Nasar Faisi Kuttathayi on March 14,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.