ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ നിന്നും ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാനുള്ള മരുന്ന് സൗജന്യമായി നൽകുമെന്ന ഒരു പ്രചരണം വാട്ട്സാപ്പിൽ നടക്കുന്നുണ്ട്. ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ 9999499044ൽ ഒന്നിലധികം പേർ ഇത് ഫാക്ട്ചെക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ധാരാളം ഫോർവേഡ് ചെയ്യപ്പെടുന്ന പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:ദയവായി കൂടുതൽ ഷെയർ ചെയ്യുക!!,മാരക രോഗമായിരുന്ന ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാൻ പുതിയ മരുന്ന് കണ്ടുപിടിച്ചു.ആ മരുന്നിന്റെ പേര് “Imitinef Mercilet” എന്നാണ്.ഈ മരുന്ന് ഞങ്ങളുടെ ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ സൗജന്യമായി നൽകുന്നു.”
ക്യാൻസർ റിസർച്ച് സെന്റർ, അടയാറിന്റെ അഡ്രസ്സും ഫോൺ നമ്പറും ചേർത്താണ് പോസ്റ്റുകൾ. “സുഹൃത്തുക്കളെ, നമ്മൾ കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായാൽ പോലും അതിന് ദൈവത്തോട് നന്ദി പറയണം.frnzz plz ഈ msg അയച്ചു കൊടുക്കൂ. എല്ലാവർക്കും !ധാരാളം ആളുകൾ കാണേണ്ട ഉപയോഗപ്രദമായ വാർത്ത, ദയവായി ഷെയർ ചെയ്യുക!ഇത് കൂടുതൽ ഫോർവേഡ് ചെയ്ത് മറ്റുള്ളവരെ ബോധവാന്മാരാക്കുക.ഇത് ഫോർവേഡ് ചെയ്തിട്ട് എന്ത് പ്രയോജനം എന്ന് ചിന്തിച്ച് ഇത് ഫോർവേഡ് ചെയ്യാത്ത സഹോദരങ്ങളെ, ഒരു ദിവസം അത് നിങ്ങളെയും സഹായിച്ചേക്കാം എന്നത് മറക്കരുത്.ഇത് ശ്രദ്ധയോടെ ഫോർവേഡ് ചെയ്ത എല്ലാ നല്ല മനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി,” എന്ന ഒരു സന്ദേശത്തോടൊപ്പമാണ് പോസ്റ്റുകൾ.
വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ചിലർ ഇത് ഷെയർ ചെയ്യുന്നുണ്ട്. Fazal Vallana എന്ന ഐഡിയിൽ നിന്നും ഞങ്ങൾ പരിശോധിക്കുമ്പോൾ 22 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Shaji George എന്ന ഐഡിയിൽ നിന്നും 5 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങളുടെ പരിശോധനയിൽ കണ്ടു.

ഞങ്ങൾ കാണുമ്പോൾ Bindhu Minnuz എന്ന ഐഡിയിൽ നിന്നും 4 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Sree Hari JB Achankovil എന്ന ഐഡിയിൽ നിന്നും 4 പേർ ഞങ്ങൾ കാണുമ്പോൾ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Fact Check /Verification
ഞങ്ങൾ പോസ്റ്റിൽ പറഞ്ഞ Imitinef Mercilet എന്ന മരുന്നിനായി സേർച്ച് ചെയ്തു. അപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ഒക്ടോബർ 9,2021 ൽ പ്രസീദ്ധീകരിച്ച ഒരു റിപ്പോർട്ട് കിട്ടി. അടയാർ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ പേരിൽ പ്രചരിക്കുന്ന ഇതേ സന്ദേശം പൂനയിലെ ഒരു ആശുപത്രിയുടെ പേരിൽ നടന്നതിനെ കുറിച്ചാണ് റിപ്പോർട്ട്. റിപ്പോർട്ട് ഇങ്ങനെ പറയുന്നു, ” ധാരാളമായി ഫോർവേഡ് ചെയ്യപ്പെടുന്ന ഒരു മെസ്സേജ് ഇങ്ങനെയാണ്: Imitinef Mercilet എന്ന മരുന്ന് ബ്ലഡ് ക്യാൻസർ ഭേദമാക്കുന്നു. പൂനെയിലെ ഒരു ആശുപത്രിയിൽ സൗജന്യമായി ഇത് ലഭ്യമാണ്. TOI യുടെ ടൈംസ് വെരിഫൈഡ് വിദഗ്ധ സമിതി പരിശോധിച്ചപ്പോൾ, സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. വാസ്‌തവത്തിൽ, സമാന ലൈനുകളിലെ സന്ദേശങ്ങൾ വ്യത്യസ്തമായി സ്ഥലങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി. അതത് നഗരത്തിൽ നിന്നുള്ള ഒരു ആശുപത്രിയുടെ പേരിലാണ് സന്ദേശം,”
ആ റിപ്പോർട്ടിൽ തുടർന്ന്,ഹെമറ്റോളജിസ്റ്റ് സമീർ മെലിങ്കേരിയെ ഉദ്ധരിക്കുന്നുണ്ട്. ”ഓരോ വർഷവും ഉയർന്നുവരുന്ന ഒരു സ്പാം സന്ദേശമാണ് ഇത്. കൂടുതൽ സൂക്ഷ്മമായാ പരിശോധനയിൽ സന്ദേശം ആദ്യം ഉയർന്നുവന്നത് 2010ലാണ് എന്ന് മനസിലായി. അതിനുശേഷം ഏതാനും വർഷങ്ങളുടെ ഇടവേളയിൽ ഈ സന്ദേശം വൈറലായിക്കൊണ്ടിരിക്കുകയാണ്,” ഡോക്‌ടറെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

തുടർന്നുള്ള പരിശോധനയിൽ അടയാർ ക്യാൻസർ ഇൻസ്റ്റിട്യൂട്ട് തന്നെ പ്രചരണം വ്യാജമാണ് എന്ന് അവരുടെ വെബ്‌സെറ്റിൽ കൊടുത്ത ഒരു കുറിപ്പിൽ വ്യക്തമാക്കിയിട്ടണ്ട് എന്ന് ബോധ്യപ്പെട്ടു.
ആ കുറിപ്പ് ഇങ്ങനെ പറയുന്നു:” ഇമെയിലായും ആയും ഇൻറർനെറ്റിലൂടെയും ഫേസ്ബുക്കിലൂടെയും കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, അഡയാർ, ചെന്നൈയിൽ സൗജന്യമായി ലഭിക്കുന്ന ‘Imitinef mercilet’ എന്നഒരു മരുന്നിനെ പറ്റിയുള്ള വിവരം എന്ന പേരിൽ ഒരു സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എല്ലാ ബ്ലഡ് ക്യാൻസറുകളും ഈ മരുന്ന് ദേദമാക്കുമെന്നാണ് പ്രചരണം. തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണ് പ്രചരിക്കുന്നതെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. ‘imatinib mesylate’ എന്ന മരുന്നാണ് പേര് തെറ്റിച്ച് പ്രചരിപ്പിക്കുന്നത്. ഇത് ക്രോണിക് മൈലോയ്ഡ് ലുക്കീമിയ’ (chronic myeloid leukemia)എന്ന് വിളിക്കപ്പെടുന്ന ഒരു തരം ബ്ലഡ് ക്യാൻസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ്.
ഈ മരുന്ന് ഇന്ത്യയിലുടനീളം എല്ലാ കാൻസർ സെന്ററുകളിലും ലഭ്യമാണ്. അഡയാറിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമുള്ള മരുന്നല്ല അത്. രാജ്യത്തെ എല്ലാ പ്രധാന കാൻസർ സെന്ററുകളിലും ഡ്രഗ് സപ്പോർട്ട് പ്രോഗ്രാം സജീവമാണ്.അതിനാൽ ഇന്റർനെറ്റ് വഴി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം കാണുന്നവർ ഒഴിവാക്കണമെന്ന് അത് പ്രചരിപ്പിക്കുന്നത് അഭ്യർത്ഥിക്കുന്നു ,” ആ കുറിപ്പ് പറയുന്നു.
Imitinef Mercilet എന്ന പേരിൽ ഒരു മരുന്നില്ല എന്നാൽ, Imatinib mesylate എന്ന പേരിൽ ഒരു മരുന്നുണ്ട് എന്ന് ഞങ്ങൾ ഇൻറർനെറ്റിൽ തിരഞ്ഞപ്പോൾ ബോധ്യപ്പെട്ടു. കു ട്ടികളിലെ ലുക്കീമിയയുടെ (paediatric leukaemia) ചികിത്സയ്ക്ക് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അംഗീകരിച്ച മരുന്നാണ് അത് എന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ വെബ്‌സൈറ്റിൽ നിന്നും മനസിലായി.
വായിക്കാം:തിരുവനന്തപുരം ലുലു മാൾ പിണറായി വിജയനെ ചുറ്റി കാണിച്ചത് ലുലുവിലെ സ്റ്റാഫ് അല്ല
Conclusion
“Imitinef Mercilet എന്ന പേരിൽ ഒരു മരുന്നില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഉള്ളത് ‘imatinib mesylate എന്ന മരുന്നാണ്. അത് ഇന്ത്യയിലെ എല്ലാ കാൻസർ സെന്ററിലും കിട്ടും. ആ മരുന്നാണ് പേര് തെറ്റിച്ച് Imitinef Mercilet എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. അത് അടയാർ ക്യാൻസർ ഇൻസ്റ്റിട്യൂട്ട് സൗജന്യമായി കൊടുക്കുന്നില്ല. ക്രോണിക് മൈലോയ്ഡ് ലുക്കീമിയ’ (chronic myeloid leukemia)എന്ന് വിളിക്കപ്പെടുന്ന ഒരു തരം ബ്ലഡ് ക്യാൻസർ ചികിൽസയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ്. അത് എല്ലാ തരം ബ്ലഡ് ക്യാൻസറിനും ഉപയോഗിക്കാൻ ആവില്ല.
Result: False
Sources
The Times of India report dated October 9,2021
Notice in the website of Cancer Institute Adayar
Information in WHO website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.