Fact Check
Fact Check:കെഎസ്ആർടിസി ടിക്കറ്റിൽ സെസ്സ് ഏർപ്പെടുത്തിയത് 2014ലാണ്

കെഎസ്ആർടിസി ടിക്കറ്റിൽ പുതിയതായി സെസ്സ് ഏർപ്പെടുത്തി എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. “സെസ്സ് പെട്രോളിന് മാത്രമല്ല നിഷ്കളങ്കരെ. നമ്മൾ ആരുമറിയാതെ വിവാദങ്ങൾ ഭയന്ന് പിണു തമ്പ്രാൻ സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ആരുമറിയാതെ സെസ്സ് നടപ്പിലാക്കുന്നത് കണ്ടില്ലേ? രണ്ടു രൂപയല്ല കെഎസ്ആർടിസിയുടെ ചെറിയ ഒരു യാത്രക്ക് പോലും മൂന്നു രൂപയാ സെസ്സ് ഏർപ്പെടുത്തിയിട്ടുള്ളത്. നാം പാവപ്പെട്ട മലയാളികൾ രണ്ടറ്റം മുട്ടിക്കാൻ പ്രയാസപ്പെടുന്നവർ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവർ. എന്തായാലും കമ്മ്യൂണിസ്റ്റ് തമ്പ്രാക്കന്മാർ വാഴട്ടെ.” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
Biju Punathil എന്ന ഐഡിയിൽ നിന്നും 354 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഞങൾ കാണുമ്പോൾ Indian National Congress – Okkal എന്ന ഐഡിയിൽ നിന്നും 326 പേര് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

എന്‍റെ അരൂർ ENTE AROOR എന്ന ഗ്രൂപ്പിലേക്ക് Jayakumar Shenoy എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ അതിന് ഷെയറുകൾ ഉണ്ടായിരുന്നു.

2023 ഫെബ്രുവരി 3 ന് അവതരിപ്പിച്ച കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും 2 രൂപ നിരക്കിൽ സാമൂഹ്യക്ഷേമ സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. സംസ്‌ഥാന ബഡ്ജറ്റിൽ ബജറ്റിൽ വർദ്ധിപ്പിച്ച ഇന്ധന സെസിനെതിരെ പ്രതിപക്ഷ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് ഇടയിലാണ് കെഎസ്ആർടിസി ബസ് ടിക്കറ്റിനും പുതിയതായി സെസ്സ് ഏർപ്പെടുത്തിയെന്ന പ്രചരണം പ്രചരണം. നിയമസഭയിലും പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ പ്രതിഷേധം പ്രതിപക്ഷം സമരം തുടരുകയാണ്. അതിന്റെ ഭാഗമായി പ്ലക്കാർഡുകളുമായാണ് ഫെബ്രുവരി 27,2023 നു സഭ സമ്മേളനം പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ വന്നത്.
Fact Check/Verification
വടക്കാഞ്ചേരി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ടിക്കറ്റിന്റെ ചിത്രമാണ് പോസ്റ്റിലുള്ളത് എന്ന് പരിശോധനയിൽ വ്യക്തമായി. ചിത്രത്തിൽ കാണുന്ന ഫെബ്രുവരി 24ന് മേല്‍മുറിയില്‍ നിന്ന് കൊണ്ടോട്ടിയിലേക്കുള്ള ടിക്കറ്റില്‍, രേഖപ്പെടുത്തിയിരിക്കുന്നത് 26 രൂപ ടിക്കറ്റ് ചാർജ്ജും മൂന്ന് രൂപ സെസ് ചാര്‍ജും ഉള്‍പ്പെടെ 29 രൂപയാണ്.
കെഎസ്ആർടിസി ടിക്കറ്റിൽ സെസ്സ് ഏർപ്പെടുത്തിയത് നിയമസഭാ പാസ്സാക്കിയ ബിൽ പ്രകാരം
കെഎസ്ആര്‍ടിസി സെസ് ചാര്‍ജ് എന്ന് കീ വേർഡ് സേർച്ച് ചെയ്തു. 2014 ഡിസംബര്‍ 18ന് നിയമസഭ പാസാക്കിയ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബില്‍ 2014നെ കുറിച്ചുള്ള വാർത്ത ഡിസംബർ 19,2014 ലെ ഇക്‌ണോമിക്ക് ടൈംസിൽ നിന്നും കിട്ടി.

“25 മുതൽ 29 രൂപവരെയുള്ള യാത്രാ നിരക്കിൽ രണ്ട് രൂപയുടെ വർധനയും ഉണ്ടാകും. 50 രൂപ മുതൽ 79 രൂപവരെയുള്ള യാത്രാ നിരക്കിൽ മൂന്ന് രൂപയും, 75 മുതൽ 95 വരെ നിരക്കുകളിൽ 4 രൂപയും, 100 ന് മുകളിൽ 10 രൂപയുമാണ് വർദ്ധനവ്. സെസിലൂടെ കണ്ടെത്തുന്ന തുക ഉപയോഗിച്ച് യാത്രക്കാർക്ക് അപകട ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും ബില്ലിൽ പറയുന്നുണ്ട്,” ഇക്‌ണോമിക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.
13-ാം കേരള നിയമസഭയില്‍ 325-ാമത്തെ ബില്ലായ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബില്‍ 2014ന്റെ വിശദാംശങ്ങൾ നിയമസഭാ വെബ്‌സൈറ്റിലും ലഭ്യമാണ്. അന്ന് അധികാരത്തിൽ എൽഡിഎഫ് സർക്കാരല്ല. കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി മുഖമന്ത്രിയും അതേ പാർട്ടിയിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ട്രാൻസ്‌പോർട്ട് മന്ത്രിയുമായ കാലത്താണ് സെസ്സ് നടപ്പിലാക്കിയത്.
“ഇത് കൂടാതെ എല്ലാ ടിക്കറ്റിലും ഒരു രൂപ പെൻഷൻ സെസ്സും ചാർജ്ജ് ചെയ്യുന്നുണ്ട്,” എന്ന് കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഒരു കണ്ടക്റ്റർ അറിയിച്ചു. “അതായത് രണ്ടു രൂപ ഇൻഷുറൻസ് സെസും ഒരു രൂപ പെൻഷൻ സെസ്സും ചേർത്ത് മൂന്ന് രൂപയാണ് 26 രൂപയുടെ ടിക്കറ്റിന് സെസ്സ് കൊടുക്കേണ്ടത്. ഓർഡിനറി ബസ്സിന് സെസ്സില്ല. എന്നാൽ ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട് സെസ്സ് ഉണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വ്യക്തത കിട്ടാനായി കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി അനിൽകുമാറിനെ ഞങ്ങൾ വിളിച്ചു. “ഈ അടുത്ത കാലത്തൊന്നും കെഎസ്ആർടിസി പുതിയ സെസ്സ് ഏർപ്പെടുത്തുകയോ നിലവിലുള്ള സെസ്സ് വര്ധിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന്,”അദ്ദേഹം പറഞ്ഞു.
വായിക്കാം:കാശ്മീരിൽ നിന്നുള്ള മുസ്ലിം വിദ്യാർഥികൾക്കുള്ള സൗജന്യ ഹോസ്റ്റൽ: വാസ്തവം എന്താണ്?
Conclusion
പെട്രോൾ സെസ്സിന് പുറമേ,ആരുമറിയാതെ സർക്കാർ കെഎസ്ആർടിസിയിൽ സെസ്സ് ഏർപ്പെടുത്തി എന്ന വാർത്ത തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. കെഎസ്ആര്ടിസിയിൽ സെസ്സ് ഏർപ്പെടുത്തിയത് 2014ലാണ്.
Result: False
Sources
News report in Economic Times on December 18,2014
Kerala Road Transport Bill 2014
Telephone Conversation with KSRTC Executive Director G Anilkumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.