Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
28 ദിവസം കാലാവധിയുള്ള പ്ലാനുകളെല്ലാം അവസാനിപ്പിക്കാൻ ട്രായ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയെന്ന് ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ഇത്തരം പ്ലാനുകളുടെ കാലാവധി 30 ദിവസമാക്കി നീട്ടി എന്നാണ് ഈ പോസ്റ്റുകൾ പറയുന്നത്.ഇന്ത്യയിലെ ടെലികോം കമ്പനികളുടെ റീച്ചാർജിംഗ് കൊളളയ്ക്ക് കേന്ദ്ര സർക്കാർ വിലക്കിട്ടു എന്നും പോസ്റ്റ് പറയുന്നു. മൊബൈൽ റീച്ചാർജ് പ്ലാനുകൾ സംബന്ധിച്ച് പുതിയ നിയമഭേദഗതി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)ഈ അടുത്ത ദിവസം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പോസ്റ്റുകൾ.
BJP Ward 6 Thodiyoor Panchayathu എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 122 ഷെയറുകൾ ഉണ്ടായിരുന്നു.

Bjp Karakulam Area എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് 55 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Surej Rajasekharan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 38 ഷെയറുകൾ ഉണ്ടായിരുന്നു.

P. Pradeepkumar Panamgottu എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് 26 പേർ ഷെയർ ചെയ്തതും ഞങ്ങൾ കണ്ടു.

ഞങ്ങൾ ആദ്യം 28 ദിവസം കാലാവധിയുള്ള പ്ലാനുകൾ അവസാനിപ്പിച്ചോ എന്നറിയാൻ Vi, എയർടെൽ എന്നിവരുടെ സൈറ്റുകളിൽ ആദ്യം കയറി നോക്കി ആ പ്ലാനുകൾ ഇപ്പോഴും ഈ കമ്പനികൾ ഓഫർ ചെയ്യുന്നുണ്ട് എന്ന് മനസിലായി.


തുടർന്ന് ഞങ്ങൾ, ‘did government make 30 days plan mandatory for telecom companies?,’ എന്ന് ഗൂഗിളിൽ തിരഞ്ഞു. അപ്പോൾ ട്രായുടെ പുതിയ മൊബൈൽ റീച്ചാർജ് പ്ലാനുകൾ സംബന്ധിച്ച് പുതിയ നിയമഭേദഗതിയുടെ വാർത്തകൾ ലഭിച്ചു.
സെപ്തംബർ 13, 2022ലെ വാർത്തയിൽ ഡിഎൻഎ ഇങ്ങനെ പറയുന്നു: ”എല്ലാ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് 30 ദിവസം വാലിഡിറ്റി ഉള്ള ഒരു പ്ലാൻ വൗച്ചർ, പ്രത്യേക താരിഫ് വൗച്ചർ, കോമ്പിനേഷൻ വൗച്ചർ എന്നിവ ഉപഭോകതാക്കൾക്ക് നൽകണമെന്ന നിബന്ധന ട്രായ് കൊണ്ട് വന്നു.”

സെപ്തംബർ 13, 2022ലെ വാർത്തയിൽ എക്കണോമിക്ക് ടൈംസും,”ഓരോ ടെലികോം സേവന ദാതാവും കുറഞ്ഞത് മുപ്പത് ദിവസത്തെ കാലാവധിയുള്ള ഒരു പ്ലാൻ വൗച്ചറും ഒരു പ്രത്യേക താരിഫ് വൗച്ചറും ഒരു കോംബോ വൗച്ചറും വാഗ്ദാനം ചെയ്യും,” എന്ന് പറയുന്നു.
കൂടുതൽ തിരച്ചിലിൽ,ഇത് സംബന്ധിച്ച പ്രസ് റിലീസ്,സെപ്തംബർ 12 2022ന് ട്രായ് ട്വീറ്റ് ചെയ്തത് ഞങ്ങൾ കണ്ടെത്തി.
ഈ പ്രസ് റീലീസ് ട്രായ് സെപ്തംബർ 12 2022ന് അവരുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് മനസിലായി.

ഈ പത്രക്കുറിപ്പ് വിശദമായി പരിശോധിച്ചപ്പോൾ 28 ദിവസം കാലാവധിയുളള പ്ലാനുകളെല്ലാം 30 ദിവസമുമാക്കി മാറ്റണം എന്ന് അതിൽ ഒരിടത്തും പറഞ്ഞിട്ടില്ല എന്ന് മനസിലായി.
പത്രക്കുറിപ്പ് പറയുന്നത്,” രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും കുറഞ്ഞത് മുപ്പത് ദിവസത്തെ കാലാവധിയുള്ള ഒരു പ്ലാൻ വൗച്ചർ, ഒരു പ്രത്യേക താരിഫ് വൗച്ചർ, ഒരു കോംബോ വൗച്ചർ എന്നിവയെങ്കിലും നൽകണം എന്നാണ്.”
”മാസത്തിന്റെ അവസാന തീയതിയിലോ ചാർജ് ചെയ്ത കഴിഞ്ഞു വരുന്ന മാസം അതേ തീയതിയിലോ റീചാർജ് ചെയ്യാവുന്ന തരത്തിലുള്ള പ്ലാൻ വൗച്ചർ, പ്രത്യേക താരിഫ് വൗച്ചർ എന്നിവ കമ്പനികൾ നൽകണം,” എന്നും പത്രക്കുറിപ്പ് പറയുന്നു. ”പുതുക്കാനുള്ള തീയതി ആ മാസം വരുന്നില്ലെങ്കിൽ, ആ മാസത്തിലെ അവസാന ദിവസം റീചാർജ് ചെയ്യാനുള്ള തീയതിയായി കണക്കാക്കും,” എന്നും പത്രക്കുറിപ്പ് പറയുന്നു.
28 ദിവസം കാലാവധിയുള്ള എല്ലാ മൊബൈൽ റീച്ചാർജ് പ്ലാനുകളുടെയും കാലാവധി ട്രായ് നിർദ്ദേശ പ്രകാരം 30 ദിവസമാക്കി നീട്ടി എന്നത് തെറ്റായ പ്രചരണമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.എല്ലാ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് 30 ദിവസം വാലിഡിറ്റി ഉള്ള ഒരു പ്ലാൻ വൗച്ചർ, പ്രത്യേക താരിഫ് വൗച്ചർ, കോമ്പിനേഷൻ വൗച്ചർ എന്നിവ ഉപഭോകതാക്കൾക്ക് നൽകണമെന്ന നിബന്ധന മാത്രമാണ് ട്രായ് കൊണ്ട് വന്നത്.
Sources
News report in DNA dated September 13,2022
News report in Economic Times dated September 13,2022
Tweet by TRAI on September 12,2022
Press release by TRAI on September 12,2022