Fact Check
Fact Check: ചാണ്ടി ഉമ്മൻ ബിജെപി നേതാവിനൊപ്പം ക്ഷേത്ര ദർശനം നടത്തിയോ?
Claim:കോൺഗ്രസ്സ് എംഎൽഎ ചാണ്ടി ഉമ്മൻ ബിജെപി കൗൺസിലർ ആശാനാഥിനൊപ്പം ക്ഷേത്ര ദർശനം നടത്തുന്നു.
Fact:ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ നിന്നും സിപിഎം നേതാക്കളുടെ ഫോട്ടോകൾ മറച്ചു വെച്ചു കൊണ്ടുള്ള പ്രചരണം.
പുതുപ്പള്ളി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ആശാനാഥിനൊപ്പം ചാണ്ടി ഉമ്മന്‍ ക്ഷേത്ര സന്ദർശനം നടത്തി എന്ന പ്രചരണം വ്യാപകമാണ്.’ചാണ്ടി ഉമ്മനുമൊത്ത് അമ്പല ദർശനം നടത്തുന്ന ഈ വനിതയെ നിങ്ങൾക്ക് അറിയാമോ? തിരുവനന്തപുരം കോർപ്പറേഷൻ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ആശാനാഥാണ്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ വന്ന രാമൻ സീത കഥയും BJP വോട്ടും ഒക്കെ മനസിലായി. എന്താ ഇതിൽ ബി.ജെ.പി/ കോൺഗ്രസ് നേതൃത്വത്തിന് പറയാനുള്ളത്?’ എന്നാണ് പോസ്റ്റ്.
പോരാളി ഷാജി (Official) എന്ന ഗ്രൂപ്പിൽ Ali Alangadan എന്ന വ്യക്തി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 1.8 K ഷെയറുകൾ ഉണ്ടായിരുന്നു.

പോരാളി ഷാജി എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 403 ഷെയറുകൾ ഉണ്ടായിരുന്നു.

Ajayan Kollaka എന്ന ഐഡിയുടെ പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 25 ഷെയറുകൾ ഉണ്ടായിരുന്നു.

പോസ്റ്റിൽ പറയുന്ന മറ്റ് കാര്യങ്ങൾ ഒരാളുടെ വ്യക്തിപരമായ അഭിപ്രയമായത് കൊണ്ട് ഞങ്ങൾ പരിഗണിച്ചില്ല. എന്നാൽ ചാണ്ടി ഉമ്മനും ബിജെപിയിൽ കൗൺസിലർ ആശാനാഥും നിൽക്കുന്ന ഫോട്ടോയുടെ വാസ്തവം പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഇവിടെ വായിക്കുക:Fact Check: രാജ്ഞിയെ ആർഎസ്എസുകാർ സല്യൂട്ട് ചെയ്യുന്ന എഡിറ്റഡാണ്
Fact Check/Verification
ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡ് കൗൺസിലറായ Asha Nath G.S സെപ്റ്റംബർ 12,2023ൽ ഫേസ്ബുക്കിലിട്ട പോസ്റ്റ് കിട്ടി.
“തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കർമ്മം എന്ന പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം സൈബർ പ്രവർത്തകർ വളരെ മോശവും, നീചവുമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലെ വിവിധ സിപിഎം പേജുകളിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും ചാണ്ടി ഉമ്മനോടൊപ്പം ഉള്ള ഫോട്ടോ വെച്ച് പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു,” എന്ന ആമുഖത്തോടെയാണ് പോസ്റ്റ്.
“കോൺഗ്രസ്സ് MLA ചാണ്ടി ഉമ്മൻ, MLA വിൻസെന്റ്, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ, ബിജെപി നേതാവ് ചെങ്കൽ രാജശേഖരൻ തുടങ്ങി നിരവധി പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്ത പരിപാടി ആണ് അതിൽ നിന്നും ഒരു ഫോട്ടോ മാത്രം അടർത്തിയെടുത്ത് അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്,” എന്നും അവർ പറയുന്നു.

കൂടാതെ ഞങ്ങളുടെ അന്വേഷണത്തിൽ ഈ പരിപാടിയുടെ മറ്റൊരു ഫോട്ടോ കിട്ടി. ആ ഫോട്ടോയിൽ കാണുന്ന നീല ചുരിദാറിട്ട, സ്ത്രീയാണ് സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം.

സെപ്റ്റംബർ 11,2023ൽ ഡിസിസി ജനറൽ സെക്രട്ടറി Vinodsenന്റെ പോസ്റ്റും കൂടുതൽ തിരച്ചിലിൽ കിട്ടി.
“ഇത് നെയ്യാറ്റിൻകര ചെങ്കലിലെ ശിവക്ഷേത്രമാണ്. ഏറ്റവും വലിപ്പമുള്ള ശിവലിംഗമടക്കമുള്ള വിസ്മയങ്ങളുടെ കേദാരം. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികൾക്കും ഭാരവാഹികൾ രാഷ്ട്രീയക്കാരെ വിളിക്കുക പതിവാണ്. നെയ്യാറ്റിൻകര എംഎൽഎയും കടകംപള്ളി സുരേന്ദ്രനും ഇതര കമ്മ്യൂണിസ്റ്റ് നേതാക്കളും സ്ഥിരമായി വന്നു പോകുന്ന ഭക്തിയുടെ കേദാരം.,” എന്ന ആമുഖത്തോടെയാണ് പോസ്റ്റ്
“അവിടെ ഇന്നലത്തെ അതിഥി പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനായിരുന്നു. ഒപ്പം സിപിഎം പ്രതിനിധി ആയി ബ്ളോക്ക് പഞ്ചായത്തിൽ വിജയിച്ച ജോജിനും ജില്ലാ പഞ്ചായത്തംഗം സൂര്യ.എസ്.പ്രേമും ബി.ജെ.പിയിലെ ആശാനാഥും.ഇന്ന് രാവിലെ മുതൽ നിലവാരമില്ലാത്ത വ്യാജവാർത്തകളുടെ പ്രചാരകരും സോളാർ സരിതയുടെ ആരാധകരുമായ സൈബർ പോരാളികൾ ചാണ്ടി ഉമ്മനും ആശാനാഥും മാത്രമുള്ള ചിത്രം അsർത്തിയെടുത്ത് നീചമായ വ്യാജപ്രചാരണം ആരംഭിച്ചിട്ടുണ്ട്,” എന്നും പോസ്റ്റ് പറയുന്നു.

Maheswaram Sri Sivaparvathi Temple Trust Chenkal Neyyattinkara സെപ്റ്റംബർ 11,2023ൽ ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിൽ ഈ ചടങ്ങിനെ കുറിച്ചുള്ള പത്രവാർത്തകളുടെ ഒരു കൊളാഷ് കൊടുത്തിരുന്നു. ആ വാർത്തകളിൽ നിന്നും പരിപാടിയിൽ പങ്കെടുത്തവരിൽ പിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ എന്നിവരുണ്ട് എന്ന് വ്യക്തമാണ്. തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന ചടങ്ങിനിടെ പകർത്തിയ ചിത്രമാണിതെന്നും പത്രവാർത്തകളിൽ നിന്നും വ്യക്തം.

Maheswaram Sri Sivaparvathi Temple Trust Chenkal Neyyattinkara നിയുക്ത എം എൽ എ ചാണ്ടി ഉമ്മൻ മഹേശ്വരം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ എന്ന വിവരണത്തോടെ സെപ്റ്റംബർ 10,2023ൽ ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിൽ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം ആശാനാഥിനും ചാണ്ടി ഉമ്മനും ഒപ്പം നിൽക്കുന്ന ഫോട്ടോയുണ്ട്.

ഇവിടെ വായിക്കുക:Fact Check: മോദിയുടെ സ്വർണ്ണ പ്രതിമ സൗദിയിലേതല്ല
Conclusion
തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന ചടങ്ങിൽ ചാണ്ടി ഉമ്മനും ബിജെപി നേതാവായ ആശാനാഥും മാത്രമല്ല, സിപിഎമ്മിന്‍റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേം ഉള്‍പ്പടെയുള്ളവർ പങ്കെടുത്തിരുന്നു എന്ന് പരിപാടിയുടെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
Result:Missing Context
ഇവിടെ വായിക്കുക:Fact Check: ആകാശത്തിൽ ഓടുന്ന കുതിരയുടെ മേഘരൂപം എഡിറ്റഡ് ആണ്
Sources
Facebook post by Asha Nath G.S on September 12, 2023
Facebook post by Vinodsen Sen on September 11,2023
Facebook post by Maheswaram Sri Sivaparvathi Temple Trust Chenkal Neyyattinkara on September 11,2023
Facebook post by Maheswaram Sri Sivaparvathi Temple Trust Chenkal Neyyattinkara on September 10,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.