Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളി പൊളിക്കുന്ന ദൃശ്യങ്ങൾ.
Fact
2022ലെ ത്രിപുരയിൽ നിന്നുള്ള ദൃശ്യം.
മണിപ്പൂരിൽ ധാരാളം ക്രിസ്ത്യൻ ആരാധനാലയങ്ങൾ പൊളിച്ചു മാറ്റി എന്ന ആരോപണം സജീവമായി സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്നുണ്ട്. ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് പലതരം കണക്കുകളും പലരും പുറത്തു വിട്ടുന്നുണ്ട്.
ഇതിനിടയിലാണ് മണിപ്പൂരിൽ താത്കാലിക ക്രിസ്ത്യൻ ആരാധനാലയം പൊളിച്ചു മാറ്റുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.
“മണിപ്പൂരിൽ താൽക്കാലികമായി കെട്ടി ഉണ്ടാക്കിയ ക്രിസ്ത്യൻ ആരാധനാലയങ്ങൾ പോലും വലിച്ചു കീറുന്നത് കാണുക.#മണിപ്പൂർ_കലാപം.#ഹിന്ദുവും_ഹിന്ദുത്വവും,” എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ.
സുനീർ ഖാൻ റശീദി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 7.1 K ഷെയറുകൾ ഉണ്ടായിരുന്നു.
CPI-M Elappara AC എന്ന ഐഡിയിൽ നിന്നും പോസ്റ്റിന് 245 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ, Pravasi Malayalee Council എന്ന ഐഡിയിൽ നിന്നുള്ള റീൽസിന് 108 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: Fact Check:യുവതിയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്ന വീഡിയോ ഇന്ത്യയിൽ നിന്നാണോ?
വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. അതിൽ ഒരു കീ ഫ്രേം റിവേഴ്സ് ഇമേജ് സെർച്ച് നടത്തി.
അപ്പോൾ, EastMojo എന്ന യൂട്യൂബ് ചാനലിൽ ഒക്ടോബർ 3,2022 ൽ കൊടുത്ത വാർത്ത കണ്ടു. ആമ്പിയിലെ കമലായ് എന്ന ഗ്രാമത്തിൽ ക്രൈസ്തവ പ്രാര്‍ഥനയ്ക്കായി തയ്യാറാക്കിയ താല്‍ക്കാലിക പ്രാർത്ഥനാ ഹാൾ പൊളിച്ചു നീക്കിയെന്നാണ് വാർത്ത പറയുന്നത്.
വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ പറയുന്നു: “ഗോമതി ജില്ലയിലെ അമർപൂർ സബ് ഡിവിഷന് കീഴിലുള്ള ആമ്പിയിലെ കമലായ് എന്ന ജമാതിയ ഗോത്രവർഗക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനാ ഹാൾ പോലെയുള്ള താൽക്കാലിക ഘടന “ഏകപക്ഷീയമായി” പൊളിച്ചുമാറ്റി.”
പരമ്പരാഗതമായി ഓഗസ്റ്റിൽ നടത്തിയിരുന്ന കേർപൂജയ്ക്ക് ഉപയോഗിച്ചിരുന്ന പ്രദേശത്തിന്റെ “വിശുദ്ധ അതിർത്തിയുടെ” അധികാരപരിധിയിൽ വരുന്നതിനാലാണ് ഈ ഘടന പൊളിച്ചുമാറ്റിയത്,” കുറിപ്പ് കൂടിച്ചേർത്തു.
“സംസ്ഥാനത്തെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷമായ ദുർഗാപൂജയോട് അനുബന്ധിച്ചായിരുന്നു സംഭവം. സർക്കാർ ഭൂമിയിൽ കയ്യേറ്റം നടത്തി നിർമിച്ചത് കൊണ്ടാണ് ഈ കെട്ടിടം ഒഴിപ്പിക്കേണ്ടി വന്നതെന്ന്,” ത്രിപുരയിലെ ഗോമതി എസ്പി സസ്വത് കുമാർ EastMojo യോട് പറഞ്ഞു.
“മതപരമായ ആചാരങ്ങൾ നടത്താനായിട്ട്, ക്രിസ്തുമത വിശ്വാസികളായ ഗ്രാമവാസികൾ സർക്കാർ ഭൂമിയിൽ താല്‍ക്കാലിക പ്രാർഥന ഹാൾ നിർമ്മിച്ചു. ആ ഹാളിനെതിരെ ഹിന്ദു അയൽവാസികളിൽ നിന്ന് എതിർപ്പ് ഉയർന്നു. കെർ പൂജയ്ക്ക് വേണ്ടി മാറ്റി വെച്ച സ്ഥലത്തിന്റെ അതിരുകൾക്ക് ഉള്ളിലാണ് പ്രാർത്ഥനാ ഹാൾ കെട്ടിയതെന്ന് ഹിന്ദുക്കൾ വാദിച്ചു,” എസ്പി സസ്വത് കുമാർ EastMojo യോട് പറഞ്ഞു.
സംഘര്‍ഷമൊന്നുമില്ല. പത്ത് ദിവസം മുമ്പ് മാത്രമാണ് ടെന്‍റ് നിര്‍മ്മിച്ചത്. ഗ്രാമത്തിന്‍റെ അതിരുകളിൽ നിന്ന് അവരുടെ ഘടന നീക്കം ചെയ്യാൻ ഹിന്ദു ജമാത്യർ ക്രിസ്ത്യാനികളോട് അഭ്യർത്ഥിച്ചു. പോലീസ് അവിടെ പോയിരുന്നു. എതിർപ്പ് സംഘര്‍ഷമായി മാറാന്‍ പോലീസ് അനുവദിച്ചില്ല,” ഗോമതി എസ്പി സസ്വത് കുമാർ EastMojoയോട് പറഞ്ഞു.
HornbillTVയുടെ ഫേസ്ബുക്ക് പേജിലും ഈ വീഡിയോ ഒക്ടോബർ 3,2022 ൽ ഈ വീഡിയോ കണ്ടു. അതിലും കാണുന്നത് East Mojoയുടെ യൂട്യൂബ് വിഡിയോയിൽ കാണുന്നതിന് സമാനമായ വിവരങ്ങളാണ്.
ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ടൈംസ് ഓഫ് ഇന്ത്യ ഒക്ടോബർ 6,2022ൽ ഈ വാർത്ത കൊടുത്തിട്ടുണ്ട് എന്ന് മനസ്സിലായി.
“ഒരു താൽക്കാലിക ക്രിസ്ത്യൻ പ്രാർത്ഥനാ ഹാൾ അമർപൂരിലെ കമലായി ഗ്രാമത്തിൽ ഒരു കൂട്ടം ഗോത്രവർഗ്ഗക്കാർ പൊളിച്ചുനീക്കിയതായി ആരോപണം ഉയർന്നു,” ടൈംസ് ഓഫ് ഇന്ത്യ വാർത്ത പറയുന്നു.
“ഒക്ടോബർ 2 ന് ത്രിപുരയിലെ ഗോമതി ജില്ലയിൽ നടന്ന സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദുർഗാ പൂജ ആഘോഷങ്ങൾക്കിടയിലാണ് സംസ്ഥാനത്തുടനീളം അമർഷം ഉണ്ടാക്കിയ സംഭവം,” ടൈംസ് ഓഫ് ഇന്ത്യ വാർത്ത തുടരുന്നു.
“ഹിന്ദു ഗോത്രങ്ങളുടെ മതപരമായ ഉത്സവമായ കേർ പൂജയുടെ വേദിയുടെ,”വിശുദ്ധ പരിസരത്താണ്” പ്രാർത്ഥനാ ഹാൾ സ്ഥാപിച്ചത്. പ്രദേശത്തെ പ്രബലമായ ഹിന്ദു ജമാതിയയുടെ പരമോന്നത സംഘടനയായ ജമാതിയ ഹോദ ആരോപണം നിഷേധിച്ചു,”ടൈംസ് ഓഫ് ഇന്ത്യ വാർത്ത കൂടിച്ചേർത്തു.
“ പോലീസിന്റെ സാന്നിധ്യത്തിൽ താത്കാലിക പ്രാർത്ഥനാ ക്യാമ്പ് ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും പ്രാദേശിക അംഗങ്ങളുമായി ഉണ്ടാക്കിയ പരസ്പര ധാരണയെ തുടർന്നാണ് പ്രാർത്ഥനാ ഹാൾ പൊളിച്ചത്, ജമാതിയ ഹോദയുടെ സെക്രട്ടറി ജ്യോതിഷ് ജമാതിയ പറഞ്ഞു,” ടൈംസ് ഓഫ് ഇന്ത്യ വാർത്ത പറയുന്നു.
“സമുദായ അംഗങ്ങളുമായി പോലീസ് തിങ്കളാഴ്ച സമാധാന ചർച്ച നടത്തി. ക്രിസ്ത്യാനികൾ ഇനി അവിടെ പ്രാർത്ഥനകൾ വേണ്ടെന്ന് സമ്മതിച്ചു. മൂന്നാഴ്ചയ്ക്കിടെ കൂടാരം പൊടുന്നനെ ഉയർന്നുവന്നതാണ് പോലീസ് വൃത്തങ്ങൾ പറഞ്ഞു,”ടൈംസ് ഓഫ് ഇന്ത്യ വാർത്ത കൂടിച്ചേർത്തു.
ഇവിടെ വായിക്കുക: Fact Check: പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ മണിപ്പൂരിൽ നിന്നോ ഗുജറാത്തിൽ നിന്നോ അല്ല
മണിപ്പൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2022 ഒക്ടോബറില്‍ ത്രിപുരയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ആണിത്.
ഇവിടെ വായിക്കുക:Fact Check:നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ മണിപ്പൂരിൽ നിന്നുള്ളതാണോ?
Sources
Youtube video by East Mojo on October 3, 2022
Facebook post by Hornbill TV on October 3, 2022
News report by Times of India on October 6, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.