Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
കേരള ബാങ്കിന് മുണ്ടകൈയിലും ചൂരല്‍മലയിലും ശാഖകൾ ഇല്ല. എന്നിട്ടും ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചു.
Fact
കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖയുണ്ട്. ആ ശാഖ ദുരന്തത്തിന് ശേഷം താത്ക്കാലികമായി മേപ്പാടിയിലേക്ക് മാറ്റി.
വയനാട് ജില്ലയിലെ മുണ്ടകൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ, “ചൂരല്‍മലയിലും. മുണ്ടകൈയിലും ഒരു ശാഖ പോലുമില്ലാത്ത കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതി തള്ളി ഒരു ഒന്ന് ഒന്നര തള്ളായിപ്പോയി! ” എന്ന പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ഫെബ്രുവരിയിലേത്
കേരള ബാങ്കിന്റെ വയനാട് ജില്ലയിലെ ശാഖകളെപ്പറ്റിയാണ് അവരുടെ വെബ്‌സൈറ്റില്‍ ഞങ്ങൾ പരിശോധിച്ചു. ഇതില്‍ ചൂരല്‍മല ശാഖയുടെ വിവരങ്ങളും ലഭ്യമാണ്. MKH ബില്‍ഡിംഗ്, ചൂരല്‍മല, വെള്ളാര്‍മല പിഓ എന്ന വിലാസത്തിൽ KSBK0001683 എന്ന IFSC കോഡ് സഹിതമുള്ള വിലാസം വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. അതിൽ നിന്നും ചൂരൽമലയിൽ ബാങ്കിന് ശാഖയുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി.
ബാങ്കിന് മുണ്ടകൈയിൽ ശാഖയില്ല. എന്നാൽ, ഗൂഗിൾ മാപ്പ് പ്രകാരം ചൂരമലയും മുണ്ടകൈയും തമ്മിലുള്ള ദൂരം 2.7 കിലോമീറ്ററും മുണ്ടകൈയിൽ നിന്ന് ചൂരമലയിലേക്കുള്ള യാത്രാ സമയം മാപ്പ് പ്രകാരം 7 മിനിറ്റും മാത്രമാണ്.
തുടർന്ന്, ഞങ്ങൾ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചൂരല്‍മല ശാഖയിലെ വായ്‌പകൾ എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി.അപ്പോൾ, 2024 ഓഗസ്റ്റ് 14ന് ദേശാഭിമാനി ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത കിട്ടി.
” മുണ്ടകൈ ഉരുൾപൊട്ടലിൽ സർവം നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളിയ കേരള ബാങ്ക് തീരുമാനം മാതൃകാപരം. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിനും ഈട് നൽകിയ വീടും വസ്‌തുവും നഷ്ടമായവർക്കും സഹായം ലഭിക്കും,” എന്നാണ് വാർത്തയിൽ പറയുന്നത്.
” മുണ്ടകൈ, ചൂരൽമല, അട്ടമല, പുത്തുമല പ്രദേശവാസികളായ 213 വായ്‌പക്കാരാണ് ബാങ്ക് ബ്രാഞ്ചിലുള്ളത്. 6.63 കോടി രൂപയാണ് വായ്‌പ നൽകിയത്. നാന്നൂറിലധികം സ്വർണ വായ്‌പകളുമുണ്ട്,” എന്നും വാർത്ത പറയുന്നു.
“ചൂരൽമല ബ്രാഞ്ചിലെ വായ്‌പക്കാരായ ഒമ്പതുപേരുടെ മൃതദേഹം ഇതിനകം ലഭിച്ചു. 15 പേർ കാണാതായ പട്ടികയിലുണ്ട്. ക്യാമ്പിലുള്ളവരുടെ കണക്കുകളും ശേഖരിക്കുകയാണ്,” വാർത്ത കൂട്ടിച്ചേർക്കുന്നു.
ചൂരല്‍മല ബ്രാഞ്ചിലെ വായ്പകള്‍ സംബന്ധിച്ച ഔദ്യോഗിക വിശദീകരണത്തിന് ഞങ്ങള്‍ കേരള ബാങ്ക് പബ്ലിക് റിലേഷന്‍സ് വിഭാഗവുമായി ബന്ധപ്പെട്ടു.
” മുണ്ടക്കൈയില്‍ കേരള ബാങ്കിന് ശാഖയില്ല, എന്നാല്‍ ചൂരല്‍മലയിലുണ്ട്. ഇവിടെ നിന്ന് വായ്പയെടുത്ത ദുരന്തബാധിതരുടെ കടം എഴുതി തള്ളാന്‍ തീരുമാനമെടുത്തിട്ടുണ്ട്,”കേരള ബാങ്ക് പിആര്‍ വിഭാഗം അറിയിച്ചു.
“ഉരുള്‍പൊട്ടലില്‍ ചൂരല്‍മല ശാഖയ്ക്ക് കാര്യമായ തകരാറുണ്ടായില്ലെങ്കിലും,ചെളിയും മണ്ണും അടിഞ്ഞ നിലയിലായതിനാല്‍ അവിടേയ്ക്ക് ജീവനക്കാര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കില്ല. അത് കൊണ്ട് മേപ്പാടിയിലാണ് ബ്രാഞ്ച് താത്ക്കാലികമായി പ്രവർത്തിക്കുന്നത്. ” പിആര്‍ വിഭാഗം കൂട്ടിച്ചേർത്തു.
കേരള ബാങ്കിന്റെ പിആർ വിഭാഗം ഞങ്ങൾക്ക് ചൂരല്‍മല ബ്രാഞ്ചിന്റെ ഉരുൾപൊട്ടലിന് ശേഷമുള്ള ദൃശ്യവും അയച്ചു തന്നു. അത് താഴെ ചേർത്തിട്ടുണ്ട്.
ഇവിടെ വായിക്കുക: Fact Check: കെനിയൻ താരത്തെ സ്പാനിഷ് താരം സഹായിച്ചത് പാരീസ് ഒളിംപിക്‌സിൽ അല്ല
കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖയുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആ ശാഖ ദുരന്തത്തിന് ശേഷം താത്ക്കാലികമായി മേപ്പാടിയിലേക്ക് മാറ്റി.
Sources
Branches of Kerala Bank in Wayanad
News Report by Deshabhimani on August 14,2024
Google maps
Telephone Conversation with PR Section, Kerala Bank
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.