Claim: ഉമ്മന്‍ ചാണ്ടിയുടെ ഇലക്ഷന്‍ പ്രചരണ ചിത്രം. പുതുപ്പള്ളിയിലെ റോഡുകളുടെ അവസ്ഥ കാണിക്കുന്നതാണ് പടമെന്നാണ് സൂചന.
Fact: ഒരു പടം 2015ൽ അരുവിക്കരയിലെ ഉപ തിരഞ്ഞെടുപ്പ് സമയത്ത് എടുത്തത്.
ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന പഴയ ഇലക്ഷന്‍ പ്രചരണ ചിത്രവും, ചാണ്ടി ഉമ്മന്റെ ഇപ്പോഴത്തെ പ്രചാരണ ചിത്രവും ചേർത്ത് വെച്ച് ഉണ്ടാക്കിയ ഒരു കൊളാഷ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ആദ്യ ചിത്രത്തിന് മുകളിൽ “അന്ന്: ഉമ്മൻ ചാണ്ടി” എന്ന് കൊടുത്തിട്ടുണ്ട്. ഒരു തുറന്ന ജീപ്പിൽ ഉമ്മൻ ചാണ്ടി ഇലക്ഷൻ പ്രചാരണത്തിന് പോവുന്നതാണ് പടം. അതിൽ റോഡിൽ വെള്ളം കെട്ടി കിടന്ന് ഒരു കുളം രൂപപ്പെട്ടിരിക്കുന്നത് കാണാം. രണ്ടാമത്തെ പടത്തിന് മുകളിൽ “ഇന്ന്: ചാണ്ടി ഉമ്മൻ” എന്നും കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ പടവും തുറന്ന ജീപ്പിൽ നടത്തുന്ന ഇലക്ഷൻ പ്രചാരണത്തിന്റേതാണ്. ഉമ്മൻ ചാണ്ടിയ്ക്ക് പകരം ചാണ്ടി ഉമ്മനാണ് പടത്തിൽ ഉള്ളത് എന്ന് മാത്രം. ഈ ചിത്രത്തിലെ റോഡ് തകർന്ന നിലയിലാണ്.
പുതുപ്പള്ളിയിൽ നിന്നുള്ളതാണ് പടങ്ങൾ എന്ന് പറഞ്ഞിട്ടില്ലെങ്കിലും പരോക്ഷമായി അത്തരം ഒരു സൂചന നല്കുന്ന വിധമാണ് അത് ഷെയർ ചെയ്യപ്പെടുന്നത്. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പോസ്റ്റുകൾ.
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിനു ശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കാലത്തെ പുതുപ്പള്ളിയുടെ വികസനം ചർച്ചയായിട്ടുണ്ട്. അത് കൊണ്ട് കൂടിയാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
WE Love CPI[M] എന്ന ഐഡിയിൽ നിന്നുള്ള പടം ഞങ്ങൾ കാണും വരെ 92 പേർ ഷെയർ ചെയ്തിരുന്നു.
![WE Love CPI[M]' Post](https://newschecker.dietpixels.net/2023/08/welove-cpm.jpg)
കമ്മ്യൂണിസ്റ്റ്_കേരളം എന്ന ഐഡിയിൽ നിന്നും 29 പേർ പടം ഷെയർ ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല
Fact Check/Verification
പ്രചരിക്കുന്ന പോസ്റ്റിലെ രണ്ടാമത്തെ ചിത്രം അതായത് ചാണ്ടി ഉമ്മൻ തുറന്ന് ജീപ്പിൽ പോവുന്ന ദൃശ്യം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2023 ഓഗസ്റ്റ് 21ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടാണിത് എന്ന് ഞങ്ങൾക്ക് മനസ്സിലായി. പാമ്പാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണമെന്നാണ്പ ചാണ്ടി ഉമ്മന്റെ പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.

ഉമ്മൻ ചാണ്ടി തുറന്ന ജീപ്പിൽ പോവുന്ന പടം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ചിത്രം ഡെക്കാൻ ക്രോണിക്കളിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ കെ ജെ ജേക്കബ് 2015 ജൂൺ 25ന് ഫേസ്ബുക്കിൽ പങ്ക് വെച്ചതായി കണ്ടെത്തി. “വാർത്താ മൂല്യമുള്ള പടങ്ങൾ കണ്ടെത്താൻ പീതാംബരേട്ടനെ ആരും പഠിപ്പിക്കണ്ട. മുഖ്യമന്ത്രിയുടെ റോഡ് ഷോയ്ക്ക് മുൻപേ ഇത് വഴി പോയപ്പോഴാണ് റോഡിലെ തോടുവികസനം പുള്ളി കണ്ടത്. മുഖ്യമന്ത്രിയുടെ മുൻപിൽ റോഡിങ്ങനെ വികസിച്ചു നില്ക്കുന്ന ചിത്രം മനസ്സിൽ കണ്ട പീതാംബരേട്ടൻ ഇത്തിരി നേരം കാത്തുനിന്നു. ബാക്കിയൊക്കെ ചരിത്രം.
ഡെക്കാൻ ക്രോണിക്കിൾ വായനക്കാർ മാത്രം കാണേണ്ടിയിരുന്ന ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനു കാരണക്കാരായ യു ഡി എഫ് പ്രവർത്തകരോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് ഈ വാർത്തകൾ സ്വപ്നപദ്ധതികളുടെ ആരാധകരായ എല്ലാ കേരളീയർക്കും സമർപ്പിക്കുന്നു,” എന്നാണ് ചിത്രം പറയുന്നത്.

അരുവിക്കരയിൽ നിന്നുള്ള പടമാണിത് എന്ന സൂചനയോടെ സഞ്ജു എസ്, 2015 ജൂൺ 26ന് നടത്തിയ ട്വീറ്റും ഞങ്ങൾക്ക് കിട്ടി.
പോസ്റ്റിലെ സൂചന അനുസരിച്ച് കീ വേർഡ് സെർച്ച് ചെയ്തപ്പോൾ, 2015 ജൂൺ 25ന് ന്യൂസ് മിനിറ്റ് ഈ വിഷയത്തിൽ കൊടുത്ത വാർത്ത കിട്ടി. “ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ ക്ലിക്ക് ചെയ്തതിന് ഒരു ഫോട്ടോഗ്രാഫറെ എന്തിനാണ് ആക്രമിച്ചത്,” എന്നാണ് വാർത്തയുടെ തലക്കെട്ട്.

“കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി കഴിഞ്ഞ നാല് വർഷത്തെ തന്റെ സർക്കാരിന്റെ ഭരണത്തിനായുള്ള വോട്ട് എന്ന് തുറന്നടിച്ച് ഒരു ഹൈ വോൾട്ടേജ് ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. അരുവിക്കരയിലെ വിജയം ചാണ്ടിയുടെ അഭിപ്രായത്തിൽ വികസനത്തിന്റെ വോട്ടായി മാറും. റോഡിലെ വലിയ കുഴി അതിൽ ഉൾപ്പെടുത്താനാവില്ല. റോഡിലെ കുഴിയുടെ അരികിലൂടെ യു.ഡി.എഫ് സ്ഥാനാർഥി ശബരിനാഥനൊപ്പം മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ചിത്രം ഒരു ഫോട്ടോഗ്രാഫർ ക്ലിക്ക് ചെയ്‌തത് അനുയായികളെ ചൊടിപ്പിച്ചു. ഡെക്കാൻ ക്രോണിക്കിളിന്റെ ചീഫ് ഫോട്ടോഗ്രാഫർ പീതാംബരൻ പയ്യേരി റോഡിലെ കുഴിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പ്രചാരണ വാഹന ജാഥയുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ റോഡ് ഷോയ്‌ക്കൊപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു,” വാർത്ത പറയുന്നു.
തുടർന്ന് ഞങ്ങൾ ഡെക്കാൻ ക്രോണിക്കളിലെ ഫോട്ടോഗ്രാഫർ ആയിരുന്ന പീതാംബരൻ പയ്യേരിയെ വിളിച്ചു. അദ്ദേഹം പറഞ്ഞത് ആ ഫോട്ടോ താൻ അരുവിക്കര ഉപ തിരഞ്ഞെടുപ്പ് സമയത്ത് എടുത്തതാണ് എന്നാണ്. അരുവിക്കര എംഎല്‍എ ആയിരുന്ന മുൻ മന്ത്രിയും സ്‌പീക്കറുമരുന്ന് ജി.കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ ചിത്രമാണിത്. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ജി. കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്ത ചിത്രമാണിത്.
ഇവിടെ വായിക്കുക:Fact Check:നദി തീരത്ത് സ്ത്രീയെ മുതല പിടിക്കുന്ന ദൃശ്യം 2013ലെ പരസ്യ ചിത്രത്തിലേത്
Conclusion
ഉമ്മന്‍ചാണ്ടിയുടെ ചിത്രം പുതുപ്പള്ളിയിൽ നിന്നുള്ളതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2015ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പ് സമയത്തെ ചിത്രമാണിത്. എന്നാൽ ചാണ്ടി ഉമ്മാന്റെ ചിത്രം പുതുപ്പള്ളിയിൽ നിന്നുള്ളത് തന്നെയാണ്.
Result: Missing Context
ഇവിടെ വായിക്കുക:Fact Check:വിമാനം ഇടിച്ചിറക്കിയ വീഡിയോ അരിപ്ര പാടത്ത് നിന്നല്ല
Sources
Facebook post by Chandy Oommen on August 21, 2023
Facebook post by K J Joseph on June 25, 2015
Tweet by Saanju S on June 26,2015
News Report by News Minute on June 25, 2015
Telephone Conversation with Photographer Peethambaran Payyeri
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.