Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
“ചടയമംഗലം ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,”എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ.
Fact
2014 ൽ അർജന്റീനയിൽ നിന്നുള്ള വീഡിയോ.
“ചടയമംഗലം ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി. വിനോദ സഞ്ചാരികൾക്ക് നേരിട്ട് കാണാൻ സാധിച്ചു. അൽപ്പനേരം തന്റെ തലയെടുപ്പോടെ കാഴ്ചയുടെ വിരുന്നൊരുക്കി പറന്നു പോയി,” വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന വീഡിയോയോടൊപ്പമുള്ള വിവരണമാണിത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) ഒരു മെസ്സേജ് ലഭിച്ചിരുന്നു.

ചടയമംഗലം ജടായു പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക്. 64 ഏക്കറാണ് പാർക്കിൻ്റെ ആകെ വിസ്തീർണ്ണം. ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. ജടായുമംഗലമാണ് ചടയമംഗലമായി മാറിയതെന്നാണ് ഐതിഹ്യം. സീതയുമായി രാവണന് പുഷ്പകവിമാനത്തിൽ ലങ്കയ്ക്ക് പോകുമ്പോൾ സീതയുടെ കരച്ചിൽ കേട്ട് ജടായു പുഷ്പകം തടഞ്ഞു. തുടർന്ന് ജടായുവും രാവണനും തമ്മിൽ യുദ്ധമായി. അവരുടെ പോര് നടന്ന സ്ഥലമാണത്രേ ചടയമംഗലത്തിന് തൊട്ടടുത്ത പോരേടം. പോരിനൊടുവിൽ ജടായു വീണത് ഈ പാറയിലാണെന്നാണ് ഐതിഹ്യം. പക്ഷിശ്രേഷ്ഠൻ നിപതിച്ച സ്ഥലം ഒരു കുളമായി. ഒരു കാലത്തും വറ്റാത്ത ഈ കുളം ഇന്നുമിവിടെയുണ്ട്.
വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ചുള്ള റിവേഴ്സ് ഇമേജ് സേർച്ച്, 2014 ലെ ഒരു യൂട്യൂബ് ലിങ്കിലേക്ക് ഞങ്ങളെ നയിച്ചു. ഈ യൂട്യൂബ് ലിങ്ക് ഏപ്രിൽ 12, 2014 ന് Denise vieira pinto എന്ന ഉപയോക്താവ് പോസ്റ്റ് ചെയ്തതാണ്. ഇപ്പോൾ പ്രചരിക്കുന്ന വൈറൽ വീഡിയോ തന്നെയാണ് ഈ യൂട്യൂബ് ലിങ്കിലും ഉള്ളത്. വീഡിയോയിൽ കാണുന്ന പക്ഷി ഒരു കോണ്ടറാണ് (condor).

റിവേഴ്സ് ഇമേജ് സെർച്ചിൽ thedodo.com എന്ന വെബ്സൈറ്റ് ജൂലൈ 9,2018 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടും ലഭിച്ചു. സയാനി എന്ന കോണ്ടറിനെ രക്ഷിച്ച സംഭവത്തെ കുറിച്ചാണ് റിപ്പോർട്ട്.

‘2012 ഡിസംബറിലാണ് അർജന്റീനയിലെ കാറ്റമാർക്കയിൽ വിഷം കഴിച്ച് സയാനിയെ അത്യധികം ഗുരുതരമായ നിലയിൽ കണ്ടെത്തിയത്. വിഷബാധയേറ്റ് ഏതാണ്ട് മരിച്ച നിലയിലായിരുന്നു സയാനി. വിഷം ഭക്ഷിച്ച ആദ്യത്തെ കൊണ്ടറല്ല സയാനി,’ എന്നാണ് റിപ്പോർട്ട് പറയുന്നത്.
“കന്നുകാലികളോട് വേട്ട മൃഗങ്ങൾ കൂടുതൽ അടുക്കുന്നത് ഒഴിവാക്കാൻ ഈ പ്രദേശത്തെ റേഞ്ചർമാർ ചിലപ്പോൾ വിഷം വെക്കാറുണ്ട്. ആൻഡിയൻ കോണ്ടറുകൾ വിഷം കഴിച്ച് മരിച്ച മൃഗങ്ങളുടെ മൃദദേഹം ഭക്ഷിച്ച് സ്വയം വിഷത്തിന് ഇരയാകാം. ലോക്കൽ പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ സയാനിയെ ബ്യൂണസ് അയേഴ്സ് മൃഗശാലയിലേക്ക് അയച്ചു. ഒടുവിൽ, 16 മാസത്തിനുശേഷം, പക്ഷി വീണ്ടും കാട്ടിലേക്ക് വിടാൻ കഴിയുന്ന വിധം ആരോഗ്യം വീണ്ടെടുത്തു. 2014 മാർച്ച് 28 ന്, സയാനിയെ മോചിപ്പിക്കാൻ പക്ഷിയുടെ രക്ഷകർ കാറ്റമാർക്കയിലെ ഒരു മലമുകളിൽ ഒത്തുകൂടി. തുടർന്ന് സയാനി പറന്നു പോയി,”റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 31, 2018-ന് സിൽവാന ആൻഡ്രേഡിന്റെ ഫേസ്ബുക്ക് പേജിലും (ആൻഡ്രഡ് , അർജന്റീനയിലെ കാറ്റമാർക്ക പ്രദേശത്തെ മൃഗക്ഷേമ സംഘടനയായ ANDA യുടെ സ്ഥാപകയാണ്) വീഡിയോ പങ്കിട്ടിട്ടുണ്ട്.

പ്രധാനമായും തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളിൽ കാണപ്പെടുന്ന ആൻഡിയൻ കോണ്ടർ, കാലിഫോർണിയയിലും യു.എസ്.എയിലെ അരിസോണയുടെയും യൂട്ടയുടെയും ചില ഭാഗങ്ങളിൽ വസിക്കുന്ന കാലിഫോർണിയ കോണ്ടർ എന്നിങ്ങനെ രണ്ട് ഇനം കഴുകന്മാരുടെ പൊതുവായ പേരാണ് കോണ്ടർ. 3.2 മീറ്റർ വരെ നീളമുള്ള ചിറകുകളുള്ള ഇവ ഏറ്റവും വലിയ പറക്കുന്ന പക്ഷികളുടെ വർഗ്ഗത്തിൽ ഉൾപ്പെടുന്നു.
“ചടയമംഗലം ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2014 ൽ അർജന്റീനയിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
YouTube video of Denise vieira pinto on April 12, 2014
News report from the website www.thedodo.com on July 9, 2018
Video on the Facebook page of Silvana Andrade on August 31, 2018
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.