Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ ആറുപേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു,”എന്നൊക്കെ അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
കേരളം താലിബാനോ? എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ഹാഷ്ടാഗ് ആക്കി വർഗീയമായാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്.
ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ സംഘ സാരഥി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 69 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ പരിശോധിക്കുമ്പോൾ Adv Shine G Kurup എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 69 ഷെയറുകൾ ഉണ്ടായിരുന്നു.
Rajesh R Rajesh R എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 52 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
ആർ എസ് എസിനെ അനുകൂലിക്കുന്ന മലയാളം വാർത്ത ചാനലായ ജനം ടിവി കൊടുത്ത ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് ഈ പ്രചരണം നടക്കുന്നത്.
മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്ന വാദത്തിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ കീ വേർഡ് സെർച്ച് നടത്തി.മനോരമ ഓൺലൈനിന്റെ വാർത്ത കിട്ടി. “പത്തനംത്തിട്ട ആനിക്കാട് ചായ കടയിൽ സ്ഫോടനം രാവിലെ 9 മണിയോടെ പുന്നവേലിലെ ബഷീറിന്റെ കടയിലാണ് സ്ഫോടനം ഉണ്ടായത്. കിണറുകളിലെ പാറ പൊട്ടിക്കുന്ന ജോലി ചെയ്യുന്ന സണ്ണിയുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്നാണ് സ്ഫോടനമുണ്ടായത്,” എന്നാണ് ഡിസംബർ 22 തിയതി പ്രസിദ്ധീകരിച്ച വാർത്ത പറയുന്നത്.” കിണറുകളിലെ പാറ പൊട്ടിക്കുന്ന ജോലി ചെയ്യുന്നയാളാണ് സണ്ണി ചാക്കോ. ജോലിക്കായി സണ്ണി കരുതിയിരുന്ന ഡിറ്റനേറ്റർ പൊട്ടിത്തെറിച്ചെന്നാണ് പൊലീസിന്റെ നിഗമനം” എന്നും വാർത്ത പറയുന്നു.
പാറപൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം എന്ന്, മനോരമ ന്യൂസിന്റെ വാർത്തയും പറയുന്നു.
“പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. സ്‌ഫോടക വസ്തുവുമായി എത്തിയ വ്യക്തി കിണറിലെ പാറ പൊട്ടിക്കുന്ന വ്യക്തിയാണ്,” എന്ന് ട്വന്റി ഫോർ ന്യൂസിന്റെ വാർത്ത പറയുന്നു.
ദേശാഭിമാനി വാർത്ത പ്രകാരം, “ആനിക്കാട് പിടന്നപ്ലാവിൽ ചായക്കടയിലുണ്ടായ സ്‌ഫോടനത്തിൽ ആറുപേർക്ക് പരിക്ക് പറ്റി. പുന്നവേലിയിൽ പുളിപ്ലാമാക്കൽ പി എം ബഷീറിന്റെ ചായക്കടയിലാണ് രാവിലെ ഒൻപതോടെ സ്ഫോടനം ഉണ്ടായത് എന്നും കടയിൽ ചായ കുടിക്കാനെത്തിയ വേലൂർ വീട്ടിൽ സണ്ണി ചാക്കോയുടെ കൈയിൽ സൂക്ഷിച്ചിരുന്ന പാറ പൊട്ടിക്കാനുപയോഗിക്കുന്ന സ്ഫോടകവസ്തു അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ദേശാഭിമാനി വാർത്ത പറയുന്നു.
“കൈപ്പത്തി അറ്റുപോയ സണ്ണിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സമാനമായ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്,” എന്നും വാർത്ത വ്യക്തമാക്കുന്നുണ്ട്.
മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്ന വാർത്തയെ കുറിച്ച് കൂടുതൽ വ്യക്തത വരാൻ സ്ഫോടനം നടന്ന സ്ഥലത്തിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനായ കീഴ്‌വായ്പൂർ എസ് ഐ കെ.സുരേന്ദ്രനോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത്, “സ്‌ഫോടനത്തിൽ ഒരു ദുരൂഹതയുമില്ല എന്നാണ് എന്നാണ് പ്രാഥമിക നിഗമനം.”
“ആകസ്മികമായി സംഭവിച്ച അപകടമാണ് അത് എന്നാണ് ഇതുവരെയും ഉള്ള അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന സൂചന,” കീഴ്‌വായ്പൂർ എസ് ഐ പറഞ്ഞു.
“കടയിൽ ചായ കുടിക്കാൻ വന്ന ആളുടെ കയ്യിൽ ഉണ്ടായിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. അയാൾ കിണർ കുഴിക്കാനായി പാറ പൊടിക്കാനായി കയ്യിൽ കരുതിയതാണ് അത്. എന്നാൽ അയാൾക്ക് സ്‌ഫോടക വസ്തു ഉപയോഗിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പോലീസ് അയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്,”കീഴ്‌വായ്പൂർ എസ് ഐ പറഞ്ഞു.
മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് അല്ല പൊട്ടിത്തെറിച്ചതെന്നു അതിൽ നിന്നും വ്യക്തമായി.
2008ലെ എക്സ്പ്ലോസിവ് റൂൾ പ്രകാരം, സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കാനും ഉപയോഗിക്കാനും എക്സ്പ്ലോസിവ് ലൈസൻസ് ആവശ്യമുണ്ട്. അത് നൽകാനുള്ള അധികാരം പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷന്റെ കീഴിലുള്ള ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ്സിനാണ്.
മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത് ആണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്. ചായ കുടിക്കാൻ വന്ന സണ്ണി ചാക്കോ എന്ന ആളുടെ കൈവശം ഇരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. കിണറുകളിലെ പാറ പൊട്ടിക്കുന്ന ജോലി ചെയ്യാൻ കരുതിയ സ്‌ഫോടക വസ്തു ആകസ്മികമായി പൊട്ടിതെറിക്കുകയായിരുന്നു.
വായിക്കാം: ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്
Our Sources
Manoramaonline
Manoramanews
Deshabhimani
Twentyfournews
https://legislative.gov.in/
Telephone conversation with Keezhvaipur SI K Surendran
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.