ഫിഫ വേൾഡ് കപ്പ് പടിവാതിക്കൽ എത്തി നിൽക്കുമ്പോൾ,മലയാള സമൂഹ മാധ്യമങ്ങളിൽ ഫുട്ബോൾ പനി പടരുകയാണ്.വിവിധ ടീമുകളുടെ ഫ്ലക്സുകൾ കവല തോറും വെച്ച് ആഘോഷമാക്കുകയാണ് ഫാൻസ്. അവ അവർ ഫേസ്ബുക്കിലും ഷെയർ ചെയുന്നു.
പ്രധാനമായും അര്‍ജന്‍റീനയ്‌ക്കും ബ്രസീലിനുമാണ് ഫാൻസും സമൂഹ മാധ്യമങ്ങളിൽ സാന്നിധ്യവും കൂടുതൽ ഉള്ളത്.
എന്നാൽ ജർമനി, പോർച്ചുഗൽ തുടങ്ങിയ ടീമുകൾക്കും സമൂഹ മാധ്യമങ്ങളിൽ ആരാധകരുണ്ട്.
ഫ്ളക്സുകൾ പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യുമെന്നതിനാൽ ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുളള ഫ്ലക്സുകൾ ഫൈനൽ മത്സരം കഴിഞ്ഞാൽ മാറ്റണമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ് ആവശ്യപ്പെട്ടത് വാർത്തയായിരുന്നു. ടീമുകൾ പുറത്താകുന്നതിന് അനുസരിച്ച് ബോർഡുകൾ നീക്കം ചെയ്യാൻ ആരാധകർ തയ്യാറാകണം. പ്ലാസ്റ്റിക് അധിഷ്ഠിത പ്രന്റിങ് രീതികൾ കഴിവതും ഒഴിവാക്കണം. കോട്ടൺ തുണി, പേപ്പർ അധിഷ്ഠിത പ്രിന്റിങ് രീതികൾ എന്നിവക്ക് പരിഗണന നൽകണം. ലോകകപ്പിന്റെ പ്രചരണാർത്ഥം നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബർ 21 ന് വേൾഡ് കപ്പിന് 30 ദിവസം മാത്രം എന്ന പേരിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരും സിപിഎം നേതാക്കളുമായി എം എം മണിയേയും കടകംപള്ളി സുരേന്ദ്രന്റെയും ടാഗ് ചെയ്ത ഒരു പോസ്റ്റ് ഇട്ടിരുന്നു. അർജെന്റിന ഫാൻസ് ആയ ഇവരെ പ്രകോപിപ്പിക്കാൻ കപ്പ് ഇത്തവണ ബ്രസീലിന് എന്നാണ് ശിവൻ കുട്ടി പോസ്റ്റിൽ പറഞ്ഞത്.
അതിനെ ട്രോൾ ചെയ്തു കൊണ്ട്, ”ബ്രസീൽ ആരാധകർ ഇവിടെ കമോൺ. നിങ്ങൾക്കുള്ള കാവിലെ അടുത്ത പാട്ട് മത്സരം എത്താറായി, എന്ന ഒരു മറുപടി പോസ്റ്റുമായി എം എം മണിയും രംഗത്ത് വന്നു.”
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കട്ടൗട്ടുകള്‍ ലോകശ്രദ്ധ നേടിയിത് കോഴിക്കോട് പുള്ളാവൂര്‍ ചെറുപുഴയില്‍ സ്ഥാപിച്ചതാണ്. ഫിഫയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വരെ ഇതിന്റെ ഫോട്ടോ ഷെയർ ചെയ്തിരുന്നു. പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ ചെറുപുഴയിലെ മണ്‍തിട്ടയില്‍ മെസ്സിയുടെ 30 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചു. അതിന് ശേഷം നെയ്മറുടെ 40 അടി ഉയരമുള്ള കട്ടൗട്ട് പുഴയുടെ തീരത്ത് ഉയർന്നു. അധികം താമസിയാതെ പോര്‍ചുഗല്‍ ആരാധകരും റൊണാള്‍ഡോയുടെ 50 അടിയുള്ള കട്ടൗട്ട് ഇതേ പുഴയുടെ തീരത്ത് കൊണ്ട് വെച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടൗട്ടിന്റെ ചിത്രം പങ്കുവച്ചതിന് ഫിഫയ്ക്ക്, നന്ദി അറിയിച്ച് പോസ്റ്റിട്ടതും ശ്രദ്ധേയമായി.
ചെറുപുഴയിലെ കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ.ശ്രീജിത് പെരുമന എന്ന ഒരാൾ രംഗത്ത് വന്നത് ഒരു വിവാദത്തിന് കാരണമായി.” കോഴിക്കോട് ചാത്തമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായും,. ഡേപ്യുട്ടി അപ്പീസാറുമായും, ഡി എഫ് ഓയുമായും അല്പം മുൻപ് സംസാരിച്ചു. അവരുടെ അനുമതി ഇതുമില്ലാതെയാണ് അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത് പുഴയിലെ തുരുത്തിൽ അപകടകരമാം നീന്തി എത്തി അനുവദനീയമല്ലാത്ത രീതിയിൽ കൂറ്റൻ കട്ട് ഔട്ട് ഫ്ളക്സ് ബോർഡുകൾ വെക്കുകയും തുടർന്ന് ബ്രസീൽ ആരാധകർ എന്ന് പറയപ്പവടുവർ നെയ്മരുടെ അതിനേക്കാൾ കൂറ്റൻ ഫ്ലാക്സുകൾ അതീവ പരിസ്ഥിതി ലോല പ്രദേശത്ത് സ്ഥാപിച്ചു മത്സരം നടത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വന്ന വാർത്തകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ സ്ഥലം DFO റേഞ്ചർ എന്നുവർക്ക് പരാതി നൽകിയിട്ടിട്ടുണ്ട്.ഈ പരാതി തെളിവ് സഹിതം സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനും കൈമാറുന്നതാണ്,”എന്നാണ് ശ്രീജിത്തിന്റെ പോസ്റ്റ് പറയുന്നത്.
ചെറുപുഴയിൽ സ്ഥാപിച്ച നെയ്മറുടെയും മെസ്സിയുടെയും കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് ഈ കട്ടൗട്ടുകൾ തടയുമെന്നാണ് പരാതിയിൽ ശ്രീജിത് പെരുമന പറഞ്ഞത്. അതിനെ തുടർന്ന് അയാളെ വിമർശിച്ചു കൊണ്ട് ധാരാളം പോസ്റ്റുകൾ ഉണ്ടായി.
“അറ്റൻഷൻ സീക്കിങ് ഒരു മാരക രോഗമാണ്. ചികിത്സ ഉണ്ടോന്നു അറിയില്ല. ഉണ്ടെങ്കിൽ ഇത്തരം രോഗമുള്ളവർ ആ ചികിത്സ എടുത്ത് മറ്റുള്ളവരെ സന്തോഷമായി ജീവിക്കാൻ അനുവദിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു” എന്നാണ് ശ്രീജിത് പെരുമനയെ വിമർശിച്ച് സുനിത ദേവദാസ് എന്ന പ്രൊഫൈൽ തന്റെ പോസ്റ്റിൽ പറഞ്ഞത്.
ഫിഫ വേൾഡ് കപ്പ്:വ്യാജ പ്രചരണങ്ങളും
ഇതിന്റെ പശ്ചാത്തലത്തിൽ, ”ലോക ശ്രദ്ധ നേടിയ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ മാറ്റാന്‍ പുള്ളാവൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശം;” എന്ന പേരിൽ ഒരു വാർത്ത സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ മീഡിയകളിലും വന്നിരുന്നു.
എന്നാൽ പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ നീക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനെ ചാത്തമംഗലം പഞ്ചായത്ത് അധികൃതർ അറിയിച്ചു. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമെന്ന പരാതി ലഭിച്ചപ്പോൾ അന്വേഷിക്കുക മാത്രമായിരുന്നുവെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
“മെസിയുടെയും, നൈയ്മറുടെയും കട്ടൗട്ടുകൾ സ്ഥാപിച്ച പുഴയും പുഴയോരവും കൊടുവള്ളി നഗരസഭയുടെതാണ് എന്ന അവകാശവാദവുമായി കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർമാൻ അബ്ദു വെള്ളരിയും രംഗത്ത് വന്നു. ആരാധകർ സ്ഥാപിച്ച മെസിയുടെയും, നെയ്മറുടെയും കട്ടൗട്ടുകൾ സ്ഥാപിച്ച പുഴ കൊടുവള്ളി നഗരസഭ പരിധിയിൽ ഉള്ളതും പുഴയും, ഇരുകരകളിലേ പുഴ പുറമ്പോക്കും കൊടുവള്ളി നഗരസഭയുടെ ആസ്തിയിൽ പെട്ടതുമാണ്.
കട്ടൗട്ടുകൾ സ്ഥാപിച്ചത് സംബന്ധിച്ച് നഗരസഭക്ക് ഇത് വരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ല. പരിശോതനയിൽ പുഴയുടെ സ്വാഭാവിക നിരോഴുക്കിനെ ഒരു നിലക്കും തടസ്ഥപെടുത്തുന്നുമില്ല. മാത്രമല്ല പുഴക്ക് ഒരു തരത്തിലുമുള്ള നാശനഷ്ടവും ഇത് വഴി ഉണ്ടായിട്ടുമില്ല. നഗരസഭ പൂർണ്ണമായും കളിക്കാരുടെ ആവേശത്തിനും, വികാരത്തിനുമൊപ്പമാണ്,” മുൻസിപ്പൽ ചെയർമാൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
”പുള്ളാവൂരിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ല,” എന്ന വാദത്തോയുടെ സ്ഥലം ഉൾപ്പെടുന്ന കുന്നമംഗലത്തെ എംഎല്‍എ പിടിഎ റഹീമും രംഗത്ത് വന്നു. മെസ്സിയുടെയും നെയ്മറിന്റെയും റൊണാൽഡോയുടെയും കട്ടൗട്ടുകൾക്കൊപ്പം നിന്നുള്ള ഒരു ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. “മെസ്സിയുടെയും നെയ്മറിന്റെയും റൊണാൽഡോയുടെയും ആരാധകർക്ക് ഐക്യദാർഢ്യം.ലോക ഫുട്ബോൾ
ഇതിഹാസങ്ങളുടെ കട്ടൗട്ടുകൾ ഉയർന്നു നിൽക്കുന്ന പുള്ളാവൂരിലെ ആരവങ്ങൾക്കൊപ്പം,” എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്.
വായിക്കാം: ഭാരത് ജോഡോ യാത്ര ടി ഷര്‍ട്ട് ധരിച്ചുള്ള വിരാട് കോഹ്ലിയുടെ പടം എഡിറ്റ് ചെയ്തത്
ലോകകപ്പ് ഫുട്ബോള്‍ തുടങ്ങുന്നതിന് മുന്നോടിയായി മീഡിയ വണ്‍ നടത്തിയ ഒരു അഭിമുഖത്തിൽ മുൻമന്ത്രിയും എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി.ജയരാജന് വന്ന ഒരു നാക്ക് പിഴയാണ് സമൂഹ മാധ്യമങ്ങളിലെ മറ്റൊരു ചർച്ച വിഷയം. തന്‍റെ ഇഷ്ട ടീം അര്‍ജന്‍റീനയാണെന്നും ഇഷ്ട താരം മെസ്സിയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. മെസ്സി എന്നതിന് പകരം അദ്ദേഹം മെഴ്‌സി എന്നാണ് ജയരാജന്‍ പറയുന്നത്. അദ്ദേഹത്തെ ട്രോളി കൊണ്ട് ധാരാളം പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കാൻ തുടങ്ങി.
ഇതിനെ തുടർന്ന് സിപിഎം മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ജയരാജന്‍റെ പരാമര്‍ശത്തില്‍ പ്രതികരിച്ചു എന്ന തരത്തില്‍ മാധ്യമം നല്‍കിയ വാര്‍ത്ത എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കാന്‍ തുടങ്ങി. ”ഇപിയുടെ നല്ല മനസ്സിന് നന്ദി. പക്ഷെ ഞാന്‍ ഒരിക്കലും വേള്‍ഡ് കപ്പ് ആഗ്രഹിച്ചിട്ടില്ല,എന്ന് മെഴ്‌സിക്കുട്ടിയമ്മ,” എന്നാണ് ന്യൂസ്‌കാർഡ് പറയുന്നത് .

മാധ്യമം വെബ്‌സൈറ്റ് ഇ.പി.ജയരാജന്‍റെയും മെഴ്സിക്കുട്ടിയമ്മയുടെയും പേരില്‍ പ്രചരിക്കുന്നത് വ്യാജ പോസ്റ്ററാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.”എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെയും മേഴ്സിക്കുട്ടിയമ്മയുടെ പേരിൽ ‘മാധ്യമ’ത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജപോസ്റ്റർ. കപ്പും കൊണ്ടേ പോകൂവെന്ന് ഇ.പി ജയരാജൻ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വൈറലായിരുന്നു.മെസ്സി എന്നതിന് പറയുന്നതിന് പകരമാണ് മേഴ്സി എന്ന് പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാജപോസ്റ്റർ ഇറക്കിയിരിക്കുന്നത്,” മാധ്യമം വ്യക്തമാക്കുന്നു.

ഫിഫ വേൾഡ് കപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഫാൻ ഫൈറ്റും ട്രോളും മീമുമായി ആരാധകർ സമൂഹ മാധ്യമങ്ങളിൽ സജീവമായി കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ മലയാളം സമൂഹ മാധ്യങ്ങളിൽ ഫുട്ബാൾ ആവേശം വർദ്ധിക്കാനുള്ള സാധ്യതയാണ് കാണുന്നത്. എന്തായാലും ഫിഫ വേൾഡ് കപ്പ് ആര് ജയിച്ചാലും തോറ്റാലും മലയാളികൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുക തന്നെ ചെയുമെന്നാണ് വ്യക്തമാവുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.