അപകടത്തിൽ മരിച്ച ഭാര്യയുടെയും ഭർത്താവിന്റെയും വൃക്കകൾ ദാനം ചെയ്യുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.”പ്രിയരേ, 4 വൃക്കകൾ ലഭ്യമാണ്. ഇന്നലെ അപകടത്തിൽപ്പെട്ട ഞങ്ങളുടെ സുഹൃത്ത് ശ്രീ സുധീറിന്റെയും ഭാര്യയുടെയും (എന്റെ സുഹൃത്തിന്റെ സേവന സഹപ്രവർത്തകർ) മരണത്തെത്തുടർന്ന്, ഡോക്ടർമാർ അവരെ മസ്തിഷ്ക മരണം പ്രഖ്യാപിച്ചു. മിസ്റ്റർ സുധീർ B+ ആണ്, ഭാര്യ O+ ആണ്. അവന്റെ കുടുംബം മനുഷ്യരാശിക്ക് വേണ്ടി വൃക്കകൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു .പ്ലീസ് സർക്കുലേറ്റ് ചെയ്യുക. 9837285283 എന്ന നമ്പറിൽ ബന്ധപ്പെടുക. 9581544124, 8977775312. മറ്റൊരു ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുക, അത് ആരെയെങ്കിലും സഹായിച്ചേക്കാം.” എന്നാണ് പോസ്റ്റ് പറയുന്നത്.
Venu Gopal എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 50 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Sethu Kumar എന്ന ഐഡിയിൽ നിന്നും 45 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Bindhu Sree Hari എന്ന ഐഡിയിൽ നിന്നും 16 പേരാണ് ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

Syam Pta എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 13 പേർ പോസ്റ്റ് ഷെയർ ചെയ്തു.

Fact check/Verification
ഇതേ സന്ദേശം 2019 മുതൽ പ്രചരിക്കുന്നുണ്ട് എന്ന് ഞങ്ങൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ മനസ്സിലായി.

പിന്നീട് ഞങ്ങൾ നോക്കിയത് മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ കുടുംബത്തിന് ഇഷ്‌ടമുള്ളവർക്ക് കിഡ്‌നി ദാനം ചെയ്യാൻ കഴിയുമോ എന്നാണ്.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാം വഴി രജിസ്റ്റര്‍ ചെയ്യുന്നവരുടെ മുന്‍ഗണാ ക്രമത്തിലാണ് അവയവദാനം നടക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ട്രാൻസ്‌പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻ ആക്ട് 1994ലെ വ്യവസ്ഥകൾ പ്രകാരം മാത്രമേ കിഡ്‌നി തുടങ്ങിയ അവയവങ്ങളുടെ ദാനം നടത്താനാവൂ. കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ്(KNOS) എന്ന സര്‍ക്കാര്‍ മേല്‍നോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് കീഴിലുള്ള മൃതസഞ്ജീവനി’ എന്ന സംവിധാനം വഴിയാണ് കേരളത്തിൽ കിഡ്‌നി ദാനം നടക്കുന്നത്.അവർ കൃത്യമായ ഒരു വെയിറ്റ് ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ആ ലിസ്റ്റിലെ മുൻഗണന അനുസരിച്ച് മാത്രമേ അവയവദാനം പറ്റൂ.

മസ്തിഷ്‌ക്കമരണം സ്ഥീരികരിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവുണ്ട്. അത് പ്രകാരം മൃതസഞ്ജീവനിയിലെ നാലു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘംരണ്ടു തവണ വീതം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുവാനുള്ള പല ടെസ്റ്റുകള്‍ ആറുമണിക്കൂര്‍ ഇടവേളയിൽ നടത്തണം. അതിന് ശേഷം മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിക്കണം . തുടർന്ന് അവരുടെ അനുവാദത്തോടെ വേണം അവയവദാനം നടത്താൻ.
തുടർന്ന്,ഞങ്ങള്‍ മൃതസഞ്ജീവനിയുടെ ഹെൽപ്‌ലൈൻ നമ്പറുമായി ബന്ധപ്പെട്ടു.”ഇതൊരു വ്യാജ സന്ദേശമാണ്,” അവർ പറഞ്ഞു.”മൃതസഞ്ജീവനി വഴി ഞങ്ങളുടെ വെയ്റ്റിംഗ് ലിസ്റ്റിലെ പ്രയോറിറ്റിയ്ക്ക് അനുസരിച്ചാണ് ആർക്ക് കിഡ്‌നി കൊടുക്കണം എന്ന് തീരുമാനിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളുടെ അവയവങ്ങൾ മാത്രമേ ദാനം ചെയ്യാൻ കഴിയൂ. കിഡ്‌നി കൊടുക്കുന്ന ആൾക്ക് ഏതെങ്കിലും അണുബാധയുണ്ടോ ഡയബറ്റിക് ആണോ എന്നിവയൊക്കെ പരിശോധിച്ചതിന് ശേഷമാണ് കിഡ്‌നി മാറ്റിവയ്ക്കുന്നത്, അല്ലാതെ അപകടത്തിൽ മരിച്ച ആളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും കിഡ്‌നി ആർക്ക് കൊടുക്കണം എന്ന് തീരുമാനിക്കാനാവില്ല,”ഹെൽപ്‌ലൈൻ നമ്പറിൽ നിന്നും അറിയിച്ചു.
” മസ്തികഷ്‌ക മരണം തീരുമാനിക്കുന്നത് മൃതസഞ്ജീവനിയിലെ എംപാനല്‍ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന് ശേഷമാണ്.റോഡ് അപകടം, മുങ്ങിമരണം, ഇന്റേണല്‍ ബ്ലീംഡിംഗ് തുടങ്ങിയ ചില അവസ്ഥയിലുള്ളവർക്കാണ് മസ്തിഷ്‌ക്കമരണം സാധാരണ സംഭവിക്കുന്നത്,”ഹെൽപ്‌ലൈൻ നമ്പറിൽ നിന്നും അറിയിച്ചു.
ഞങ്ങൾ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ചു നോക്കി. രണ്ടു നമ്പറുകൾ നിലവിലില്ല എന്ന് ഉത്തരം ലഭിച്ചു. ഒരു നമ്പറിൽ വിളിച്ചപ്പോൾ ആരും എടുത്തില്ല.
വായിക്കുക:ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC കണ്ടെത്തിയോ? പ്രചരണത്തിന്റെ വാസ്തവം അറിയുക
Conclusion
മൃതസഞ്ജീവനി വെയിറ്റ് ലിസ്റ്റിലെ പ്രയോറിറ്റിയ്ക്ക് അനുസരിച്ചാണ് ആർക്ക് കിഡ്‌നി കൊടുക്കണം എന്ന് തീരുമാനിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അല്ലാതെ അപകടത്തിൽ മരിച്ച ആളുടെ ബന്ധുക്കൾക്ക് ആർക്ക് കിഡ്‌നി കൊടുക്കണം എന്ന് തീരുമാനിക്കാനാവില്ല.
Result: False
Sources
Norms published in Directorate of Health Services Website
The Transplantation of Human Organ Act, 1994
Norms for Declaration of brain death
Wait list in the website of Kerala Network of Organ Sharing
Telephone conversation with the helpline of Mrithasanjeevani
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.