വയനാടിലേക്കും പാലക്കാടേക്കും നടക്കുന്ന ഉപ തെരഞ്ഞെടുപ്പുകളും അതിനോട് അനുബന്ധിച്ചു ഉള്ള മറ്റ് വാർത്തകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഒരു കാലമാണിത്. ഒപ്പം വർഗീയ ഉള്ളടക്കത്തോടെ യുകെയിലെ ഒരു മുസ്ലിം ജാഥയും ഗവർണ്ണറുടെ മൂകാംബിക യാത്രയും കൃപാസനത്തിലേക്കുള്ള കെഎസ്ആർടിസി സർവീസും എല്ലാം സമൂഹ മാധ്യമങ്ങളിൽ ചിത്രീക്കരിക്കപ്പെട്ടു.

Fact Check: ഇസ്ലാമിക രാഷ്ട്രമായി യുകെയെ പ്രഖ്യാപിക്കണമെന്ന് മുസ്ലീങ്ങൾ ആവശ്യപ്പെട്ടോ?
ഇന്നസെൻസ് ഓഫ് മുസ്ലിംസ് എന്ന ചിത്രത്തിനെതിരായ 2012ലെ പ്രകടനത്തിന്റെ വീഡിയോയാണ് യുകെയെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് മുസ്ലീങ്ങൾ ആവശ്യപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: കമ്മ്യൂണിസ്റ്റുകാർ പരസ്യമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചോ?
വൈറല്‍ വീഡിയോയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചരണം നടത്തുന്നത് യുഡിഎഫിന്റെ സഖ്യകക്ഷിയായ ആര്‍എസ്പിയുടെ യുവജന സംഘടനയായ ആർവൈഎഫിന്റെ പ്രവര്‍ത്തകരാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: കൃപാസനത്തിലേക്ക് കെഎസ്ആർടിസി സൗജന്യ സർവീസ് നടത്തിയോ?
കൃപാസനം മാനേജ്മെന്‍റ് മുന്‍കൂട്ടി കെഎസ്ആര്‍ടിസിയില്‍ പണം കെട്ടിവെച്ച് നടത്തിയ സർവീസാണ് ആലപ്പുഴയിലെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് കെഎസ്ആർടിസി സൗജന്യ സര്‍വീസ് നടത്തിയെന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Fact Check: അഡ്വക്കേറ്റ് കൃഷ്ണരാജ് ഗവർണർ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിനെ വിമർശിച്ചോ?
നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും പൂർണ്ണത്രയീശ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെയാണ് അഡ്വക്കേറ്റ് കൃഷ്ണരാജ് വിമർശിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: വയനാട്ടിൽ എത്തിയ പ്രിയങ്ക പോർക്ക് ഫ്രൈ ആവശ്യപ്പെട്ടോ?
ഞങ്ങള്‍ എംഎല്‍എ ടി സിദ്ദിഖിന്റെ ഓഫീസുമായി സംസാരിച്ചു. തന്‍റെ പേര് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന് ഓഫീസ് അറിയിച്ചു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.