Monday, December 9, 2024
Monday, December 9, 2024

HomeDaily Readsഎന്താണ് കേരള നിയമസഭ  ചർച്ച ചെയ്യുന്ന ലോകായുക്ത ഭേദഗതി നിയമം?

എന്താണ് കേരള നിയമസഭ  ചർച്ച ചെയ്യുന്ന ലോകായുക്ത ഭേദഗതി നിയമം?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ലോകായുക്ത ഭേദഗതി നിയമം ബിൽ ആയി  കേരള നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ അതിനു അനുകൂലമായും പ്രതികൂലമായും ധാരാളം വാദമുഖങ്ങൾ സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉയർന്ന വരുന്നുണ്ട്.
202 ഓഗസ്റ്റ് 23 ന്  സഭയിൽ അവതരിപ്പിച്ച  ബിൽ   സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. അന്ന് വൈകുന്നേരം തന്നെ സബ്ജക്ട് കമ്മിറ്റി ബിൽ ചർച്ച ചെയ്തു.  സബ്ജക്ട് കമ്മിറ്റി നിർദേശത്തോടെയുള്ള ബിൽ വീണ്ടും ചർച്ച ചെയ്തു നിയമസഭാ പാസാക്കുമ്പോൾ അത്  ലോകായുക്ത നിയമ ഭേദഗതി നിയമം ആവും. എന്നാൽ   ലോകായുക്ത ഭേദഗതി നിയമം  പ്രാബല്യത്തിൽ വരാൻ ഗവർണർ കൂടി ഒപ്പിടണം. 

ആ സാഹചര്യത്തിൽ എന്താണ്  ലോകായുക്ത നിയമ ഭേദഗതി ബിൽ എന്നും എന്താണ് അതിനെ ചൂറ്റിപ്പറ്റിയുള്ള വിവാദങ്ങൾ എന്നും ന്യൂസ് ചെക്കർ പരിശോധിക്കുന്നു.

ലോകായുക്ത ഭേദഗതി നിയമം കൊണ്ട് വരാനുള്ള സാഹചര്യം 

കേരളത്തിൽ അഞ്ച് പ്രധാന കേസുകളിൽ ലോകായുക്ത വിധി വരാനിരിക്കെ ആണ് കേരള നിയമസഭാ ഈ നിയമം ഭേദഗതി ചെയ്യുന്നത്.

സിഎംഡിആർഎഫിൽ നിന്ന്  അന്തരിച്ച എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ മകളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയാണ് അതിൽ ഒന്ന്.മറ്റൊരു ഹർജി അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ  കാർ ലോൺ തിരിച്ചടയ്ക്കാൻ 8  ലക്ഷം രൂപ അനുവദിച്ചതിനെതിരെയാണ്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഏർപ്പെട്ടിട്ടിരുന്ന  പൈലറ്റ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു പോലീസുകാരൻ മരിച്ചു. അദ്ദേഹത്തിന് 20 ലക്ഷം രൂപ അനുവദിച്ചു. ഈ തുക അദ്ദേഹത്തിന്റെ മറ്റ് അർഹമായ ആനുകൂല്യങ്ങൾക്ക് പുറമെയായിരുന്നു..ഇതിനെതിരെയാണ് മറ്റൊരു കേസ്.

Uzhavoor Vijayan/Image courtesy:Onamanorama

ആക്ടിവിസ്റ്റ് ആർ എസ് ശശികുമാറാണ് ഹർജികൾ സമർപ്പിച്ചത്.ദുരിതമനുഭവിക്കുന്നവർക്കുള്ള പണം അനധികൃതമായി അടുപ്പമുള്ളവർക്ക് അനുവദിക്കുകയാണ് സർക്കാർ എന്നായിരുന്നു വാദം.
വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ കേരള സർവകലാശാലയിൽ നിന്ന് ബിരുദവും വിയറ്റ്നാമിൽ നിന്ന് ഡോക്ടറേറ്റും  നേടിഎന്ന അവകാശവാദത്തെ ചോദ്യം ചെയ്ത് വിവരാവകാശ പ്രവർത്തക അഖില ഖാന്റെ ഹർജിയാണ് മറ്റൊന്ന്.

കണ്ണൂർ വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക്   കത്തെഴുതിയെന്നും അത്  അഴിമതിക്ക് തുല്യമായ അധികാര ദുരുപയോഗമാണ് എന്നുമാണ് മറ്റൊരു ആരോപണം.ഇത് സംബന്ധിച്ച് ലോകായുക്തയിൽ കേസ് കൊടുത്തത് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയാണ്. ഈ സാഹചര്യത്തിലാണ്   ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നീക്കം ഉണ്ടായത്. 

എന്താണ്  ലോകായുക്ത നിയമത്തിൽ ഭേദഗതി ചെയ്യുന്നത്?

എം എല്‍ എമാര്‍ക്കെതിരെ ലോകായുക്ത വിധി വന്നാല്‍ സ്പീക്കറും, മന്ത്രിമാര്‍ക്കതിരെ വന്നാല്‍ മുഖ്യമന്ത്രിയും ,മുഖ്യമന്ത്രിക്കെതിരെ വന്നാല്‍ നിയമസഭയും വിഷയം പരിശോധിക്കുമെന്നാണ് ലോകായുക്ത ഭേദഗതി നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇപ്പോൾ ലോകായുക്ത വിധി നിയമന അധികാരികളായ ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ കൈമാറും. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണം എന്നാണ് നിയമം. കേരളത്തിലെ ലോകായുക്ത നിയമത്തിന്റെ 14ാം സെക്ഷനാ ണ് ഈ അധികാരം ലോകായുക്തയ്ക്ക് നൽകുന്നത്.ഇതിലാണ് സർക്കാർ മാറ്റം വരുത്തുന്നത്. അധികാര സ്ഥാനത്തിരിക്കുന്നയാളിന് ഒരു ഹിയറിങ് നടത്തി വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി.   ഭേദഗതി നീക്കത്തിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ സിപിഐയും പ്രതിഷേധിച്ചിരുന്നു.

റവന്യൂ മന്ത്രിയെ കൂടി അപ്പീല്‍ അധികാരിായായി നിയമിച്ച് പുതിയ സമിതി ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം സി പി ഐ മുന്നോട്ട് വച്ചെങ്കിലും നിയമപരമായ തടസമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ ഉഭയകക്ഷി ചര്‍ച്ചയില്‍ സി പി ഐ നേതാക്കളെ അറിയിച്ചു.

പുതിയ ഭേദഗതി പ്രകാരം ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ്  സർക്കാർ കൊണ്ടുവരുന്നത്.   മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധനാ അധികാരം ഗവർണ്ണർക്ക് നൽകുന്ന നേരത്തെയുള്ള ഓർഡിനൻസിലെ വ്യവസ്ഥ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്.ആ സാഹചര്യത്തിൽ നിലവിൽ സർക്കാറുമായി ഉടക്കി നിൽക്കുന്ന ഗവർണർ ഒപ്പിടുമോ എന്ന ഒരു ആശങ്കയും ഉണ്ട്.

നിലവിലെ സാഹചര്യത്തിൽ അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവർണർ, മുഖ്യമന്ത്രി, സർക്കാർ) അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ മാറ്റംവരുത്തി ഇത്തരം വിധിയിൽ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ലോകായുക്ത ഭേദഗതി നിയമം ഉറപ്പാക്കുന്ന  പ്രധാന വ്യവസ്ഥ.

എന്താണ് ഈഭേദഗതി  കൊണ്ട് വരാനുള്ള സാഹചര്യം?

ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ ടി ജലീൽ ബന്ധുനിയമനക്കേസിൽ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കരുതെന്നും ലോകായുക്ത വിധിച്ചിരുന്നു.ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ 13 ഏപ്രിൽ 2021 ന് ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചു. രാജി ഒഴിവാക്കാൻ ജലീൽ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല.ലോകായുക്ത ഭേദഗതി നിയമം വരുന്നതോടെ, സമാന സാഹചര്യത്തിൽ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാം. 

K T Jaeel/Courtesy: Madhyamam

 ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചു എന്നതായിരുന്നു  ജലീലിനെതിരായ ആരോപണം. യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുണ്‍ അല്‍ റഷീദ്  എന്നിവർ ഉത്തരവിലൂടെ ആവശ്യപ്പെട്ടു.രാജി  ഒഴിവാക്കാൻ ജലീൽ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല.

സർക്കാരിനെതിരേ നിലവിൽ ലോകായുക്തയിൽ നിൽക്കുന്ന ചില കേസുകൾ ശക്തമാണെന്ന് മുൻകൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന വിമർശനമാണ്  പ്രതിപക്ഷം  മുന്നോട്ട് വെക്കുന്നത്. അഴിമതി തെളിഞ്ഞാലും സർക്കാരിന്റെ ഇഷ്ടത്തിന് അനുസരിച്ചായിരിക്കും വിധി നടപ്പിലാക്കുക  എന്നും  ലോകായുക്തയെ നോക്കുകുത്തിയാക്കുമെന്നാണ് പ്രധാന വിമർശനം.

പൊതുപ്രവർത്തകരുടെ അഴിമതി അന്വേഷിക്കാനും ഇതുസംബന്ധിച്ച കേസുകൾ വിചാരണ ചെയ്യാനുമാണ്1998ൽ സംസ്ഥാനത്ത് നായനാർ സർക്കാരിന്റെ കാലത്ത്  ലോകായുക്ത സ്ഥാപിച്ചത്. പല കേസുകളിലും ലോകായുക്ത വിധികൾക്ക് നിലവിൽത്തന്നെ ശുപാർശ സ്വഭാവമേയുള്ളൂ. ഉള്ളതിൽ ഏറ്റവും ശക്തമായ ഒന്നായിരുന്നു അഴിമതിയുടെ അന്വേഷണവും കുറ്റംതെളിഞ്ഞാൽ അവർ സ്ഥാനത്തുനിന്ന് മാറണമെന്ന് നിർദേശിക്കാനുള്ള അധികാരവും. പുതിയ ഭേദഗതിയോടെ ഈ അധികാരവും ലോകായുക്തയ്ക്ക് നഷ്ടമാകും.

സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ വിരമിച്ച ചീഫ് ജസ്റ്റിസുമാരായിരിക്കണം ലോകായുക്ത ജസ്റ്റിസ് ആകേണ്ടത് എന്നാണ് നിലവിലെ വ്യവസ്ഥിതി. എന്നാല്‍, ഈ പദവികളില്‍ വിരമിച്ച ജസ്റ്റിസുമാരെ ലഭ്യമാകാത്ത സാഹചര്യമുണ്ടാകാറുണ്ട്. അതുകൊണ്ട് വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൂടി ലോകായുക്ത ജസ്റ്റിസ് പദവിയിലേക്ക് പരിഗണിക്കമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് പുതിയ വ്യവസ്ഥയില്‍ അതുകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
ഭരണഘടനയുടെ 164ാം അനുഛേദത്തെ മറികടക്കുന്നതാണ് ലോകായുക്തയിലെ 14ാം വകുപ്പെന്ന് അഡ്വക്കേറ്റ് ജനറലിന്റെ  നിയമോപദേശത്തെ കൂടി അടിസ്ഥാനമാക്കിയാണ് ഭേദഗതി.
“ഭരണഘടന പ്രകാരം pleasure principle (പ്രീതി) പ്രയോഗിക്കാന്‍ അവകാശമുള്ള ഭരണഘടനാ സ്ഥാപനങ്ങളായ മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍ എന്നിവര്‍ അതേപടി ലോകായുക്‌ത വിധി അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ് എന്ന  മറ്റെങ്ങും ഇല്ലാത്ത വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്. ആ നിയമത്തിലെ സെക്ഷന്‍ 14-ല്‍, മന്ത്രി നിയമം / ചട്ടലംഘനം നടത്തിയതായി ലോകായുക്ത കണ്ടെത്തിയാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്നും പുറത്താക്കാന്‍ നിയമനാധികാരി നിര്‍ബന്ധിതനാണ്. അതിനു മുകളില്‍ അപ്പീല്‍ സാധ്യമല്ല. ഇത് ഭരണഘടനയുടെ 164 അനുച്ഛേദത്തിന്റെ അന്തഃസത്തക്ക് അനുസൃതമല്ല. മുഖ്യമന്ത്രിയും മന്ത്രിമാരും തുടരണമോ എന്നു തീരുമാനിക്കുന്നത് ഗവര്‍ണ്ണറുടെ പ്രീതിയുള്ളിടത്തോളമാണ്. എന്നാല്‍ ഇത് ഗവര്‍ണ്ണറുടെ വിവേചനാധികാരത്തില്‍ പെടുന്നതല്ല, ജനവിധിക്കനുസൃതമാണ്.ഒരു പൊതുസേവകനെ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല എന്ന് പ്രഖ്യാപിക്കാന്‍ വകുപ്പ് 14 പ്രകാരം ലോകായുക്തയ്ക്കുള്ള അധികാരം  ഭരണഘടന പ്രകാരം Pleasure Principle (പ്രീതി) പ്രയോഗിക്കാന്‍ അവകാശമുള്ള ഭരണഘടനാ സ്ഥാപനങ്ങളായ മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍ എന്നിവര്‍ അതേപടി അംഗീകരിക്കണമെന്ന  വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്,” എന്നാണ് സർക്കാർ നിലപാട്.

ലോകായുക്തയ്ക്ക് ശുപാര്‍ശ നല്‍കാന്‍ മാത്രമാണ് അധികാരം. നിര്‍ദേശിക്കാന്‍ അധികാരമില്ലെന്നതാണ് സർക്കാരിന്റെ  വാദം. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല. ഭരണഘടനാമൂല്യം സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നുമാണ് സര്‍ക്കാരിന്റെ വാദം.

അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവന്റെ അഭിപ്രായത്തിൽ അഴിമതി പൂർണമായി തടയുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ട് വന്ന ഒരു നിയമമാണ് ലോകായുക്ത നിയമം. ലോകായുക്ത നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നത് ശരി തന്നെ. എന്നാൽ ഒരു ജുഡീഷ്യൽ ബോഡിയ്ക്ക് മുകളിൽ എക്സിക്യൂട്ടിവിന് അപ്പലേറ്റ് അധികാരം നൽകുന്നത് ആശാസ്യമല്ല. പ്രത്യേകിച്ചും ഈ നിയമത്തിന്റെ പരിശോധനയ്ക്ക് വിധേയരാവേണ്ടി വരുന്ന പൊതു പ്രവർത്തകർ ഉൾപ്പെടുന്ന പാർട്ടിയ്ക്ക് മേധാവിത്വമുള്ളതാവും ആ എക്സിക്യൂട്ടിവ് എന്നത് കൊണ്ട്. എങ്കിലും സർക്കാർ  ഇത്തരം ഒരു ഭേദഗതി  കൊണ്ട് വരുന്നത് ഭരണഘടനയ്ക്ക് എതിരല്ല. അദ്ദേഹം കൂടി ചേർത്തു.

ലോകായുക്ത ഭേദഗതി നിയമം പാസ്സാക്കിയ ശേഷം  എന്ത് സംഭവിക്കാം?

”നിയമസഭാ പാസാക്കിയാലും ഈ ബിൽ  ലോകായുക്ത ഭേദഗതി നിയമം ആവാൻ ഗവർണരുടെ അനുമതി വേണം. ഗവർണർക്ക് ഇത്തരം അനുമതി നൽക്കാതെയിരിക്കാം,”മുതിർന്ന മാധ്യമ പ്രവർത്തകനും ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ബ്യുറോ ചീഫുമായ ബി ശ്രീജൻ പറഞ്ഞു. 

”യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണൽ ബിൽ, സ്വയംഭരണ കോളേജുകളെ റെഗുലേറ്റ് ചെയ്യുന്ന ബിൽ, സഹകരണ സംഘങ്ങളുടെ നിയന്ത്രണ ബില്ലിന്  മേലുള്ള ഭേദഗതി തുടങ്ങി 2021 ഒക്ടോബറിലെ നിയമസഭ പാസ്സാക്കിയ മൂന്ന്  ബില്ലുകൾക്ക് ഇപ്പോഴും ഗവർണറുടെ അനുമതി ലഭിച്ചിട്ടില്ല. കൂടാതെ  ഗവർണർക്ക് ബിൽ പ്രസിഡന്റിന്റെ അനുമതി വേണ്ട നിയമ പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞു പ്രസിഡന്റിന് അയക്കാം. അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്തെ പ്ലാച്ചിമട ട്രൈബുണൽ ബിൽ ഇപ്പോഴും പ്രസിഡന്റിന്റെ അനുമതി കാത്തിരിക്കുകയാണ്,” ശ്രീജൻ പറഞ്ഞു.

CMDRF-ലെ ക്രമക്കേടുകളെ കുറിച്ച് പരാതി കൊടുത്ത ആർ എസ് ശശികുമാറിന്റെ അഭിപ്രായത്തിൽ മുഖ്യമന്ത്രി പ്രതിയായ ഈ കേസിലെ വാദം മാർച്ച് 15 നു ലോകായുക്ത പൂർത്തിയാക്കിയതാണ്. ”ഈ കേസ് തീരാൻ മൂന്ന് സിറ്റിംഗുകൾ കൂടി മാത്രം ഉള്ളപ്പോഴാണ് പ്രതികൂല വിധി വരും എന്ന തോന്നലിൽ സർക്കാർ ഓർഡിനൻസ് കൊണ്ട് വന്നത്. അത് കഴിഞ്ഞു അഞ്ച് മാസമായി വിധി നീണ്ട്  പോവുകയാണ്. വാസ്തവത്തിൽ ഓർഡിനൻസ് വഴി ലോകായുക്തയ്ക്ക് പ്രതികളെ അയോഗ്യനാക്കാനുള്ള അധികാരമാണ് നഷ്‌ടപ്പെട്ടത്‌. ലോകായുക്തയ്ക്ക്  വിധി പ്രഖ്യാപിക്കാനുള്ള അധികാരം ഉണ്ടായിരുന്നു.,” അദ്ദേഹം പറഞ്ഞു.

”ഗവർണർ ഓർഡിനൻസിന് കാലാവധി നീട്ടിനൽക്കാത്തത് കൊണ്ടാണ് ലോകായുക്ത ഭേദഗതി നിയമം കൊണ്ട് വരുന്നത്. മുഖ്യമന്ത്രിക്കെതിരെ വിധി വന്നാൽ അത് പരിശോധിക്കാനുള്ള അധികാരം ഗവർണർക്ക് ആണ് എന്ന   ഓർഡിനൻസിലെ   വ്യവസ്ഥ മാറ്റി ആ അധികാരം  നിയമസഭയ്ക്ക് നല്കുകയാണ് ലോകായുക്ത ഭേദഗതി നിയമം ചെയ്യുന്നത്. അത് കൊണ്ട് തന്നെ തന്റെ അധികാരം വെട്ടിച്ചുരുക്കി എന്ന് ബോധ്യമുള്ള ഗവർണ്ണർ ലോകായുക്ത ഭേദഗതി നിയമം അംഗീകരിക്കേണ്ട കാര്യമില്ല. പോരെങ്കിൽ 1998 ലോകായുക്ത നിയമം രാഷ്ട്രപതിയുടെ അനുമതിയോടെ പാസ്സാക്കിയതാണ്. ആ സാഹചര്യത്തിൽ ലോകായുക്ത ഭേദഗതി നിയമം ഗവർണർ രാഷ്ട്രപതിയ്ക്ക് വിട്ടുമെന്നാണ് ഞാൻ കരുതുന്നത്,” ആർ എസ്‌ ശശികുമാർ പറഞ്ഞു.

വായിക്കാം:‘ഭാരത് മാത’യെ ഹിജാബ് ധരിപ്പിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്നു

Sources

Telephone conversation with Journalist B Sreejan

Telephone conversation with Activist R S Sasikumar

Telephone conversation with Lawyer and Activist Harish Vasudevan


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular