Fact Check
Weekly Wrap: ഈ ആഴ്ചയിലെ സമൂഹമാധ്യമ പ്രചരണങ്ങൾ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളെ പറ്റിയുള്ള വ്യാജ സന്ദേശങ്ങൾ
ഈ ആഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച തെറ്റായ പ്രചാരണങ്ങളുടെ ഭൂരിഭാഗവും കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളെ കേന്ദ്രമാക്കിയുള്ളവയായിരുന്നു. അതോടൊപ്പം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്, ദുബായ് എയർ ഷോയിൽ ഉണ്ടായ തേജസ് യുദ്ധവിമാന അപകടം എന്നിവയുമായി ബന്ധപ്പെട്ടും തെറ്റായ അവകാശവാദങ്ങൾ വ്യാപിച്ചു.

‘‘ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ’ എന്ന തെരഞ്ഞെടുപ്പ് പോസ്റ്റർ എഡിറ്റ് ചെയ്തതാണ്
സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്ററിൽ ഒരു സ്ഥാനാർഥിയുടെ പേരിനൊപ്പം “ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ” എന്ന വാചകം ചേർത്തു പ്രചരിപ്പിച്ചു. യഥാർത്ഥത്തിൽ ഇത് 2020-ലെ ഒരു തെരഞ്ഞെടുപ്പ് പോസ്റ്ററിന്റെ എഡിറ്റ് ചെയ്ത പതിപ്പാണെന്നാണ് കണ്ടെത്തിയത്.
ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കുക

എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ജിഫ്രി തങ്ങളല്ല എന്ന് അരീക്കോട് ലീഗ് സ്ഥാനാർത്ഥി പറഞ്ഞതായുള്ള 24 ന്യൂസിന്റെ കാർഡ് വ്യാജം
അരീക്കോട് ഡിവിഷനിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ജബ്ബാർ ഹാജി, എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ജിഫ്രി തങ്ങളല്ല, എന്ന് പറഞ്ഞു എന്ന പേരിൽ ഒരു ന്യൂസ് കാർഡ് 24 ന്യൂസിന്റെ പേരിൽ പ്രചരിച്ചു. എന്നാൽ 24 ന്യൂസ് ഇത് തങ്ങളുടെതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കുക

‘അടിച്ചു ഫിറ്റായി’ തേജസ്വി യാദവ്; വീഡിയോ കൃത്രിമത്വം വരുത്തി നിർമ്മിച്ചതാണ്
തേജസ്വി യാദവ് മദ്യപിച്ച ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കുന്നുവെന്നാണ് അവകാശവാദം. പരിശോധനയിൽ വീഡിയോയുടെ വേഗതയും ശബ്ദവും കൃത്രിമമായി മാറ്റി വ്യാജമായ ഭാവം സൃഷ്ടിച്ചാണ് പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തി.
ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കുക

ബിന്ദു അമ്മിണി റാന്നി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന് പ്രചരിച്ച പോസ്റ്റർ വ്യാജം
ശബരിമലയുമായി ബന്ധപ്പെട്ട് പൊതുചർച്ചകളിൽ ഇടംപിടിച്ച ബിന്ദു അമ്മിണിയെ റാന്നി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കി എന്ന പോസ്റ്റർ ആണ് പ്രചരിച്ചത്. എന്നാൽ പോസ്റ്റർ കൃത്രിമമായതാണെന്ന് ബിന്ദു അമ്മിണിയും സിപിഎമ്മും വ്യക്തമാക്കി.
ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കുക

എയർ ചീഫ് മാർഷൽ എ പി സിംഗ് തേജസ് യുദ്ധവിമാനത്തെ വിമർശിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ കൃത്രിമത്വം വരുത്തിയത്
തേജസ് യുദ്ധവിമാനത്തെ വിമർശിക്കുന്നുവെന്ന അവകാശവാദത്തോടെ എയർ ചീഫ് മാർഷൽ എ പി സിംഗിന്റെ ഒരു വീഡിയോ പ്രചരിച്ചു. പരിശോധനയിൽ വീഡിയോയുടെ ശബ്ദം മാറ്റി ചേർത്തതും ദൃശ്യങ്ങൾ പഴയ പത്രസമ്മേളനത്തിൽ നിന്ന് എടുത്തതുമാണെന്ന് കണ്ടെത്തി.
ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കുക