സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ എന്ന പേരിൽ ഒരു ഫോട്ടോ ഷെയർ ചെയ്യുപ്പെടുന്നുണ്ട്. ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ഡോ. ബി.ആർ. അംബേദ്കർ എന്നിവരുൾപ്പെടെ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പ്രമുഖരായ മുൻകാല നേതാക്കൾ ഭക്ഷണത്തിനായി ഇരിക്കുന്നതാണ് ആ ഫോട്ടോയിൽ കാണുന്നത്.
“ഇന്ത്യയുടെ ആദ്യത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം പണ്ഡിതനുമായിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ജി തൻ്റെ സഹപ്രവർത്തകരായിരുന്ന ജവഹർലാൽ നെഹ്റു, ഡോ. ബി ആർ അംബേദ്കർ, ഡോ.രാജേന്ദ്രപ്രസാദ് അടക്കമുള്ളവരെ ക്ഷണിച്ച് 1947 ൽ നടത്തിയ ഇഫ്താർ വിരുന്ന്. ഈ ചിത്രത്തിൽ എൻ്റെ രാജ്യമുണ്ട്. എൻ്റെ സംസ്കാരമുണ്ട്. എൻ്റെ മതമുണ്ട്. ഞാനദരിക്കേണ്ടുന്ന എൻ്റെ സഹോദരങ്ങളുടെ മതങ്ങളുണ്ട്. അതിനേക്കാളെല്ലാം ഉപരി, ഇതിനെയെല്ലാം ചേർത്തു നിർത്തി കോർത്തിണക്കി കൊണ്ടു നടന്ന എൻ്റെ പ്രസ്ഥാനവുമുണ്ട്. Indian National Congress,”എന്ന വിവരണത്തോടെയാണ് ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. RAHUL GANDHI FANS KERALA എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 25 പേർ ഷെയർ ചെയ്തിട്ടുണ്ട്.

ക്‌ളൗഡ് ടാങ്കിൽ ആപ്പ് ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ ഇത്തരത്തിൽ ധാരാളം പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നുണ്ട് എന്ന് മനസിലായി.



ലോകം മുഴുവനുമുള്ള മുസ്ലീം മത വിശ്വാസികൾ റമദാൻ മാസത്തിൽ നോമ്പ് ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്. റമദാൻ മാസത്തിൽ എല്ലാ ദിവസവും സൂര്യാസ്തമയ സമയത്ത്,നോമ്പ് തുറക്കുമ്പോൾ വിളമ്പുന്ന ഭക്ഷണമാണ് ഇഫ്താർ.
Fact Check/Verification
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന ഫോട്ടോയുടെ ആധികാരികത പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. വൈറലായ ഫോട്ടോ,Wikimedia commons എന്ന സൗജന്യ വിവര വിനിമയ സംവിധാനത്തിൽ നിന്നും കണ്ടെത്തി. “പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിയമമന്ത്രി ഡോ. ബാബാസാഹെബ് അംബേദ്കർ ഉൾപ്പെടെയുള്ള തന്റെ കാബിനറ്റിലെ സഹപ്രവർത്തകരോടൊപ്പം, ഭക്ഷണം കഴിക്കാൻ ഇരിക്കുന്നു, എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.
ചിത്രത്തെക്കുറിച്ചുള്ള വിവരണം ഞങ്ങൾ വിവർത്തനം ചെയ്തു. അത് ഏകദേശം ഇങ്ങനെയാണ്:”വല്ലഭായ് പട്ടേൽ മന്ത്രിസഭയിലെ അംഗങ്ങൾക്ക് നൽകിയ വിരുന്നിൽ ഇന്ത്യൻ വംശജനായ ആദ്യത്തെ ഗവർണർ ജനറലായി ചുമതലയേറ്റ ചക്രവർത്തി രാജഗോപാലാചാരി സന്നിഹിതനായിരുന്നു. ഡോ. ബാബാസാഹെബ് അംബേദ്കർ, ജവഹർലാൽ നെഹ്‌റു, മൗലാന ആസാദ്, മറ്റ് മന്ത്രിമാർ എന്നിവരും പങ്കെടുത്തു.”

2021 ഓഗസ്റ്റ് 15-ലെ Amar Ujalaയുടെ റിപ്പോർട്ടിൽ ഇതേ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ‘ആദ്യത്തെ കാബിനറ്റിലെ അംഗങ്ങൾ ഉച്ചഭക്ഷണം കഴിക്കുന്നത്’ എന്നാണ് ചിത്രത്തിന്റെ അടികുറിപ്പിന്റെ ഏകദേശം വിവർത്തനം. Wikimedia commonsന് ക്രെഡിറ്റ് കൊടുത്താണ് ചിത്രം ഷെയർ ചെയ്യുന്നത്.
Live History India എന്ന വെബ്‌സൈറ്റിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്, “ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിലെ അംഗങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. 1948 ജൂണിൽ സി. രാജഗോപാലാചാരിയെ ആദ്യത്തെ ഇന്ത്യൻ വംശജനായ ഗവർണർ ജനറലായി നിയമിച്ചത് ആഘോഷിക്കാൻ സർദാർ വല്ലഭായ് പട്ടേൽ ഉച്ചയ്ക്ക് വിരുന്ന് നൽകിയപ്പോഴാണ് ഈ ചിത്രം എടുത്തത്,” എന്നാണ് ചിത്രത്തിന് ഈ വെബ്‌സൈറ്റ് കൊടുത്തിരിക്കുന്ന വിവരണം.

Alamy.comലും സമാനമായ അടിക്കുറിപ്പോടെ ചിത്രം അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. ന്യൂസ്‌ചെക്കർ അന്വേഷണം തുടർന്നു. അപ്പോൾ Zoroastrians എന്ന വെബ്‌സൈറ്റിൽ വൈറലായ ഫോട്ടോയുടെ മറ്റൊരു പതിപ്പ് കണ്ടെത്തുകയും ചെയ്തു.

ആ ഫോട്ടോയുടെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “1948-ൽ സി. രാജഗോപാലാചാരി ഗവർണർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തെ ആദരിക്കാൻ സർദാർ പട്ടേൽ സംഘടിപ്പിച്ച ഉച്ചഭക്ഷണ വേളയിൽ നെഹ്രുവിന്റെ കാബിനറ്റ് അംഗങ്ങൾ പങ്കെടുത്തു. ഫോട്ടോയിൽ കാണുന്നവർ:റാഫി അഹമ്മദ് കിദ്വായ്, ബൽദേവ് സിംഗ്, മൗലാനാ ആസാദ്, ജവഹർലാൽ നെഹ്‌റു, സി. രാജഗോപാലാചാരി, സർദാർ വല്ലഭായ് പട്ടേൽ, രാജ് കുമാരി അമൃത് കൗർ, ജോൺ മത്തായി, ജഗ്ജീവൻ റാം, മിസ്റ്റർ ഗാഡ്ഗിൽ, മിസ്റ്റർ നിയോഗി, ഡോ അംബേദ്കർ, ശ്യാമ പ്രസാദ് മുഖർജി, ഗോപാലസ്വാമി അയ്യങ്കാർ, ജയറാംദാസ് ദൗലത്രം.
Conclusion
വൈറലായ ചിത്രം കാണിക്കുന്നത് “സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ വിരുന്നാണ്,” എന്ന വാദം തെറ്റാണ്. ആദ്യത്തെ ഇന്ത്യൻ വംശജനായ ഗവർണർ ജനറലായി സി. രാജഗോപാലാചാരിയെ നിയമിച്ചത് ആഘോഷിക്കാൻ സർദാർ വല്ലഭായ് പട്ടേൽ സംഘടിപ്പിച്ച ഉച്ചഭക്ഷണത്തിൽ നിന്നുള്ളതാണ് ഫോട്ടോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False Context/False
ഞങ്ങളുടെ ഉർദു, ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമുകൾ ഈ പ്രചരണം മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Sources
Photo published in Amar Ujala
Photo published in Live History India
Photo in Alamy.com
Photo published in Zoroastrians
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.