Claim
” ശോഭ യാത്രയ്ക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സ്ത്രീകളെ എല്ലാം ജയിലിലേക്ക് യാത്ര അയക്കുന്നു,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

മധ്യപ്രദേശിൽ നിന്നുള്ളത് എന്ന പേരിലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്ഥലം ഏതെന്നോ ശോഭായാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതാണ് എന്നോ പറയാതെ, എന്നാൽ പ്രതിഭാഗത്തുള്ളവരുടെ പ്രവർത്തിയെ കുറിച്ച് വർഗീയമായ പരാമർശങ്ങളോടെ ഈ പോസ്റ്റ് വൈറലാവുന്നുണ്ട്. ഒരു പോലീസുകാരൻ ചില സ്ത്രീകളെ കാറിൽ ഇരുത്തുന്നതാണ് വീഡിയോയിൽ ഉള്ളത്.
Fact Check
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ , ഈ വീഡിയോ 2020 ഏപ്രിൽ 15-ന് ഒരു ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ഇവിടെ ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് അതിൽ പറയുന്നത്.
ഇതിനുശേഷം, ചില കീവേഡുകളുടെ സഹായത്തോടെ സേർച്ച് ചെയ്തപ്പോൾ, ഇന്ത്യ ബ്ലൂംസ് ന്യൂസ് സർവീസ് എന്ന യുട്യൂബ് ചാനലിൽ ഈ വീഡിയോ ഞങ്ങൾ കണ്ടെത്തി. ഇവിടെയും 2020 ഏപ്രിൽ 15-ന് മൊറാദാബാദിൽ നിന്നുള്ളതാണെന്ന് എന്നാണ് ഇന്ത്യ ബ്ലൂംസ് ന്യൂസ് സർവീസ് വ്യക്തമാക്കുന്നത്. കൊറോണ ബാധിച്ച് മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ മൊറാദാബാദിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന സംഘത്തെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത് എന്ന് അതിൽ നിന്നും മനസിലാക്കാം.
എൻഡിടിവിയും അന്ന് ഈ സംഭവത്തെ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയിൽ വൈറലായ വീഡിയോ കാണാം.

മൊറാദാബാദിലെ നവാബ്പുര കോളനിയിലാണ് സംഭവം. കൊറോണ ബാധിതരെന്ന് സംശയിക്കുന്നവരെ കൂട്ടിക്കൊണ്ടുപോകാൻ ആരോഗ്യ പ്രവർത്തകരുടെ സംഘം എത്തിയപ്പോൾ ആളുകൾ കല്ലും ഇഷ്ടികയും എറിയാൻ തുടങ്ങി. ഇതിനിടെ പോലീസ് സംഘത്തിനും നേരെ ആക്രമണമുണ്ടായി. പിന്നീട് ഈ സംഭവവുമായി ബന്ധപ്പെട്ട് 7 സ്ത്രീകളെയും 10 പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടതാണ് ഇപ്പോൾ ശോഭ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ മുസ്ലിം സ്ത്രികളെ അറസ്റ്റ് ചെയ്യുന്നവെന്ന പേരിൽ വൈറലായ വീഡിയോ.
യുപിയിലെ രണ്ട് വർഷം പഴക്കമുള്ള വീഡിയോയാണ് ശോഭ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ മുസ്ലിം സ്ത്രികളെ അറസ്റ്റ് ചെയ്യുന്നവെന്ന പേരിൽ വർഗീയമായ ഉള്ളടക്കത്തോടെ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന തരത്തിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം വീഡിയോ മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Result: False Context/False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
.