Authors
Claim
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം അയോധ്യയിൽ രാമക്ഷേത്രത്തിന് പകരം പള്ളി പണിയുമെന്ന് ഭീഷണി മുഴക്കുന്ന മുസ്ലിം.
Fact
വീഡിയോയിൽ കാണുന്നയാൾ മുസ്ലീം അല്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഇസ്ലാമിക് തൊപ്പി ധരിച്ച ഒരാൾ ഒരു പ്രത്യേക മതത്തെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. “നമ്മുടെ സർക്കാർ വന്നിരുന്നെങ്കിൽ അയോധ്യയിൽ ക്ഷേത്രത്തിനുപകരം മുസ്ലീം പള്ളി പണിയുമായിരുന്നു,” എന്നാണ് ആ വ്യക്തി പറയുന്നത്.
കാറിൽ ഇരിക്കുന്ന 1 മിനിറ്റ് 7 സെക്കൻഡ് നീളമുള്ള വീഡിയോയിൽ കാണുന്ന ഇസ്ലാമിക് തൊപ്പി ധരിച്ച ആൾ മുസ്ലീം എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം 2024 ജൂൺ 4 തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് 292 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യൻ സഖ്യത്തിന് 234 സീറ്റുകളാണ് ലഭിച്ചത്. മറ്റുള്ളവർ 17 സീറ്റുകളിൽ വിജയിച്ചു. ഈ പശ്ചാത്തലത്തിലാണ് വീഡിയോ വൈറലായിരിക്കുന്നത്.
“നശിച്ച ഹിന്ദുക്കളെ നിങ്ങൾ ഇപ്രാവശ്യം കൂടി രക്ഷപ്പെട്ടു. രാഹുൽ ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ ഞങ്ങൾ രാമക്ഷേത്രം ഇരിക്കുന്നിടത്ത് വീണ്ടും മസ്ജിദ് പണിയുമായിരുന്നു. സാരമില്ല ഞങ്ങൾ ഒരു അഞ്ചുവർഷം കൂടി കാത്തിരിക്കാം,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: ബിജെപിയുടെ വിജയാഘോഷം കാസർഗോഡ് മസ്ജിദിന് മുന്നിലാണോ?
Fact Check/Verification
വൈറലായ വീഡിയോയെ ഞങ്ങൾറിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ പുനീത് കുമാർ സിംഗ് എന്ന മാധ്യമപ്രവർത്തക ന്റെ ഒരു എക്സ് പോസ്റ്റിൽ ഈ വീഡിയോ ഞങ്ങൾ കണ്ടെത്തി. ആ പോസ്റ്റിൽ ധീരേന്ദ്ര രാഘവ് എന്നാണ് ഈ വ്യക്തിയുടെ പേര് എന്ന് പറഞ്ഞിട്ടുണ്ട്. പോരെങ്കിൽ, ധീരേന്ദ്ര രാഘവ് എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിനെ പറ്റിയും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്.
അതിനുശേഷം, കീവേഡുകളുടെ സഹായത്തോടെ ഞങ്ങൾ ഇൻസ്റ്റാഗ്രാമിൽ സേർച്ച് ചെയ്തു. ഈ ഹാൻഡിൽ വൈറലായ വീഡിയോ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ( ജൂൺ 6-ന് ഈ ഹാൻഡിൽ വീഡിയോ ഉണ്ടായിരുന്നു.)
വൈറൽ വീഡിയോയിൽ കാണുന്ന വ്യക്തിയെ ഈ ഹാൻഡിലിലെ മറ്റ് വീഡിയോകളിലും കാണാം. ഈ ഹാൻഡിലിലെ നിരവധി വീഡിയോകൾ പരിശോധിച്ചപ്പോൾ, വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ച് അദ്ദേഹം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ചില വീഡിയോകളിൽ അദ്ദേഹം ഇസ്ലാമിക് തൊപ്പി ധരിചിരിക്കുന്നതും മറ്റുള്ളവയിൽ തിലകവും തലപ്പാവും ധരിച്ചിരിക്കുന്നതും ഞങ്ങൾ കണ്ടെത്തി. തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലെ പ്രൊഫൈലിൽ, അദ്ദേഹം തന്നെ വിശേഷിപ്പിച്ചിരിക്കുന്നത് കലാകാരൻ എന്നാണ്.
അന്വേഷണത്തിൽ ധീരേന്ദ്ര രാഘവിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടും കണ്ടെത്തി. ഈ അക്കൗണ്ടിലും നിരവധി വ്യത്യസ്ത വീഡിയോകൾ ലഭ്യമാണ്. എന്നാൽ വൈറലായ വീഡിയോ ഫേസ്ബുക്ക് അക്കൗണ്ടിലും ലഭ്യമല്ല. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയും കലാകാരനുമെന്നാണ് അദ്ദേഹം ഫേസ്ബുക്ക് അക്കൗണ്ടിൽ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്.
2024 മെയ് 7 ന് പോസ്റ്റ് ചെയ്ത ചിത്രത്തിൽ താൻ ആഗ്ര നോർത്ത് നിയമസഭാ മണ്ഡലത്തിലെ വോട്ടറാണെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
2024 ഏപ്രിലിൽ ധീരേന്ദ്ര രാഘവിൻ്റെ ഒരു വീഡിയോ ഞങ്ങളുടെ തമിഴ് ഫാക്ട്ചെക്ക് ടീം പരിശോധിച്ചിരുന്നു. ആ വീഡിയോയിൽ അദ്ദേഹം ഇസ്ലാമിക് തൊപ്പി ധരിച്ച് നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുണ്ട്. ഇയാൾ പാക്കിസ്ഥാനിയാണെന്നും പേര് ആസിഫ് സർദാരിയാണെന്നും അവകാശവാദത്തോടെ ആ വീഡിയോ ഉപയോക്താക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഞങ്ങൾ ധീരേന്ദ്ര രാഘവുമായി ബന്ധപ്പെടാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്, അദ്ദേഹം പ്രതികരിച്ചുകഴിഞ്ഞാൽ ലേഖനം അപ്‌ഡേറ്റ് ചെയ്യും.
ഇവിടെ വായിക്കുക:Fact Check: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ അല്ലിത്
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ വൈറലായ വീഡിയോയിൽ ഉള്ളയാൾ മുസ്ലീമല്ലെന്ന് വ്യക്തമായി.
(ഈ ഫാക്ട് ചെക്ക് ആദ്യം ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.)
Result- False
ഇവിടെ വായിക്കുക: Fact Check: “എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി, എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?
Sources
Dhirendra Raghav Instagram account
Dhirendra Raghav Facebook account
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.