Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വള്ളിയാംകാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുസ്ലിമാണ്.
കെ സൈനുരാജാണ് വള്ളിയാംകാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. അയാൾ മുസ്ലിം അല്ല.
ദേവസ്വം ബോർഡിന്റെ കീഴിലുള്ള വള്ളിയാംകാവ് ദേവീ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ഒരു മുസ്ലിമിനെ നിയമിച്ചുവെന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വള്ളിയാംകോട് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – ആർ സൈനുദ്ദീൻ. തന്റെ ദേവസ്വത്തിന് കീഴിലുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ അദ്ദേഹം തീരുമാനിക്കും. എന്നാൽ വഖഫ് ബോർഡിൽ ഒരു മുസ്ലീമല്ലാത്ത വ്യക്തിക്ക് പ്രവേശനമില്ല എന്ന വിവരണത്തോടെയാണ് പോസ്റ്റ്.

ഇവിടെ വായിക്കുക: വിദ്യാർത്ഥികൾ വെള്ളിയാഴ്ച്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്ത് പോകുന്നത് കർശനമായി നിരോധിക്കും എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞോ?
ആദ്യം ഞങ്ങൾ പരിശോധിച്ചത് ദേവസ്വം ബോർഡിൽ അഹിന്ദുക്കളെ നിയമിക്കാൻ കഴിയുമോ എന്നാണ്. അതിനായ് ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ജൂൺ 27, 2016ലെ ഹിന്ദു വാർത്ത കണ്ടു. അത് ദേവസ്വം നിയമനം പി എസ് സിയ്ക്ക് വിടുന്നത് സംബന്ധിച്ചായിരുന്നു. അതിൽ കൃത്യമായി പറയുന്നത്, അങ്ങനെ വന്നാലും ഹിന്ദുക്കൾക്ക് മാത്രമേ ദേവസ്വം ജോലി കൊടുക്കൂ എന്നാണ്.

നവംബർ 13, 2021ലെ ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ സമസ്ത കേരള ജെം ഇയ്യത്തുൽ ഉലമ, വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിയ്ക്ക് വിടുന്നതിനെ എതിർക്കാനുള്ള ഒരു കാരണമായി ചൂണ്ടി കാട്ടുന്നത് ദേവസ്വം ബോർഡ് നിയമനങ്ങൾ ഇപ്പോൾ ഒരു പ്രത്യേക ബോർഡിന്റെ കീഴിൽ ആണ് എന്നതാണ് എന്ന് വ്യക്തമാക്കുന്ന ഒരു വാർത്ത കണ്ടു. ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഹിന്ദുക്കളെ മാത്രം ഉൾപ്പെടുത്താൻ കഴിയുവെന്ന് ഈ വാർത്തകളിൽ നിന്നും മനസ്സിലായി.

ഇപ്പോൾ ദേവസ്വം നിയമനങ്ങൾ നടത്തുന്നത് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ആണ്.
തുടർന്ന്, ഇപ്പോൾ പ്രചരിക്കുന്ന വള്ളിയാംകോട് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനത്തിലെ നിജസ്ഥിതി അറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, മുതിർന്ന പത്രപ്രവർത്തകനും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയുഡി മുൻ ചീഫ് എഡിറ്ററുമായിരുന്ന ജി കെ സുരേഷ് ബാബു 2025 ജൂലൈ 5 ന് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റ് കിട്ടി.
“ഇന്നലെ ദേവസ്വം ബോർഡ് സ്ഥലം മാറ്റത്തിൽ വള്ളിയങ്കാവ് ക്ഷേത്രത്തിൽ സൈനുദ്ദീനെ നിയമിച്ചു എന്ന് വാർത്ത കൊടുത്തവർ ഇന്ന് തിരുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് അഹിന്ദുക്കളെ നിയമിക്കില്ലെന്നറിയാത്ത ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചു. കാര്യങ്ങൾ വ്യക്തമായി അറിഞ്ഞേ പ്രതികരിക്കാവു,” എന്നാണ് പോസ്റ്റ്.
പോസ്റ്റിൽ പത്രം വരുത്തിയ തിരുത്ത് ഫോട്ടോയായി കൊടുത്തിട്ടുമുണ്ട്. കെ.സൈനു രാജിനെ നിയമിച്ചു എന്ന തലക്കെട്ട് നൽകിയ തിരുത്ത് ഇങ്ങനെ പറയുന്നു: “പത്തനംതിട്ട. ദേവസ്വം ബോർഡിൻ്റെ വള്ളിയാംകാവ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി കെ.സൈനു രാജിനെ നിയമിച്ചു. ഇപ്പോൾ കൊട്ടാരക്കര ഗണപതി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാണ്. മലയാലപ്പുഴ സ്വദേശിയാണ്. (ഇന്നലെ പ്രസിദ്ധീകരി ച്ച വാർത്തയിൽ പേര് തെറ്റായി നൽകിയതിൽ ഖേദിക്കുന്നു)”

കീ വേർഡ് സെർച്ചിൽ മാതൃഭൂമി 2025 ജൂലൈ 5ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു.
‘പേരിന്റെ പേരിൽ വർഗീയ പ്രചാരണം,’ എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട്. ജീവനക്കാരന്റെ പേര് തെറ്റായി അച്ചടിച്ചുവന്നതിന്റെ പേരിൽ വർഗീയപ്രചാരണം നടത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡെന്നാണ് വാർത്ത പറയുന്നത്.
“വള്ളിയാംകാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പേര് സൈനുരാജ് എന്നാണെന്നും ഒരു മാധ്യമത്തിൽ തെറ്റായി പേര് അച്ചടിച്ച് വന്നതായും അടുത്ത ദിവസം തിരുത്തിയതായും ദേവസ്വം ബോർഡ് അംഗങ്ങൾ പറഞ്ഞു. എന്നാൽ, ഇതര മതസ്ഥരെ ദേവസ്വം ബോർഡിൽ നിയമിച്ചെന്ന തരത്തിൽ ചില കേന്ദ്രങ്ങൾ വർഗീയ, വിദ്വേഷ പ്രചാരണം നടത്തുന്നതായി ബോർഡ് കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിൽ ഹിന്ദു വിഭാഗത്തിലുള്ളവർക്കു മാത്രമേ ജോലിചെയ്യാൻ നിയമമുള്ളൂ. ഇതു മറച്ചുവെച്ചുള്ള വർഗീയപ്രചാരണം തള്ളിക്കളയണമെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ എന്നിവർ പറഞ്ഞു,” എന്നാണ് വാർത്ത.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജൂലൈ 1, 2025ൽ ഇറക്കിയ സ്ഥലംമാറ്റ ഓർഡറിന്റെ കോപ്പിയും ഞങ്ങൾക്ക് ലഭിച്ചു. വള്ളിയാംകാവ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി കെ.സൈനു രാജിനെ നിയമിച്ചുഎന്നാണ് അതിലും പറയുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ സുനിൽ അരുമാനൂറിനെ സമീപിച്ചു.
ഹിന്ദുക്കൾക്ക് മാത്രമേ ദേവസ്വം സ്ഥാപനങ്ങളിൽ നിയമനം നൽകാൻ കഴിയൂ എന്ന് സുനിൽ അരുമാനൂർ പറഞ്ഞു.
“മലയാള മനോരമ അവരുടെ കോട്ടയം എഡിഷനിൽ വരുത്തിയ ഒരു അക്ഷരതെറ്റിൽ നിന്നാണ് ഈ പ്രചരണം ആരംഭിക്കുന്നത്. പിറ്റേദിവസം പത്രം തന്നെ തിരുത്ത് പ്രസിദ്ധീകരിച്ചിരുന്നു,” അദ്ദേഹം കൂട്ടിചേർത്തു.
ഇവിടെ വായിക്കുക:കമ്മ്യൂണിസ്റ്റ് അല്ലെന്ന് എഴുതിക്കൊടുത്തല്ല പിണറായി വിജയന് അമേരിക്ക സന്ദർശിക്കുന്നത്
കെ സൈനുരാജാണ് വള്ളിയാംകാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. മലയാള മനോരമ പത്രത്തിലെ അച്ചടിപ്പിഴവിന്റെ അടിസ്ഥാനത്തിലാണ് പ്രചാരണം. പിറ്റേദിവസം പത്രം തിരുത്ത് പ്രസിദ്ധീകരിച്ചിരുന്നു.
Sources
News report by The Hindu on onJune 27, 2016
News report by Times of India on November 13, 2021
Dewaswom Recruitment Board Website
Facebook post by GK Suresh Babu on July 5, 2025
News report by Mathrubhumi on July 5, 2025
Go issued by Travancore Devaswom Board on July 1,2025
Telephone conversation with Sunil Arumanoor, Travancore Devaswom Board PRO