Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
(ഈ ആദ്യം അവകാശവാദം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിംഗ് ടീമാണ്. അത് ഇവിടെ വായിക്കാം.)
ആഗസ്ത് അവസാനം വരെ ആഗോള താപനില സാധാരണ നിലയുടെയും താഴേയ്ക്ക് കുറയ്ക്കുന്ന ‘അഫെലിയോൺ പ്രതിഭാസം’ വിവരിച്ച് കൊണ്ട് അതിനെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
പോസ്റ്റ് അനുസരിച്ച്, ”നാളെ മുതൽ ഈ വർഷം ഓഗസ്റ്റ് 22 വരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും. അവർ അതിനെ അഫെലിയോൺ പ്രതിഭാസം എന്ന് വിളിക്കുന്നു. നാളെ 05.27 മുതൽ ഭൂമി സൂര്യനിൽ നിന്ന് വളരെ അകലെയാകുന്ന അഫിലിയോൺ പ്രതിഭാസം നമുക്ക് അനുഭവപ്പെടും. നമുക്ക് ഈ പ്രതിഭാസം കാണാൻ കഴിയില്ല. പക്ഷേ അതിന്റെ ആഘാതം നമുക്ക് അനുഭവിക്കാൻ കഴിയും. ഇത് 2022 ഓഗസ്റ്റ് വരെ നീണ്ടുനിൽക്കും. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയെ ബാധിക്കുന്ന തണുപ്പ് മുൻകാല തണുപ്പിനേക്കാൾ കൂടുതലായി നമുക്ക് അനുഭവപ്പെടും. അതിനാൽ, പ്രതിരോധശേഷി ശക്തമാക്കുന്നതിന് ധാരാളം വിറ്റാമിനുകളോ സപ്ലിമെന്റുകളോ കുടിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുക. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 5 പ്രകാശ മിനിറ്റ് അല്ലെങ്കിൽ 90,000,000 കി.മീ. 152,000,000 കി.മീ വരെ അഫെലിയോൺ എന്ന പ്രതിഭാസം. 66 % കൂടുതൽ. എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കിടുക.”
ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ +919999499044ലേക്ക് മൂന്ന് പേർ ഈ പോസ്റ്റ് ഫാക്ട് ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ട് 3 പേർ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മെസ്സേജ് ചെയ്തു.
വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ചിലർ ഇത് ഷെയർ ചെയ്യുന്നുണ്ട്.
ഗൂഗിളിൽ “അഫെലിയോൺ പ്രതിഭാസം” എന്ന കീ വേർഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു സേർച്ച് നടത്തി. അപ്പോൾ ആഫ്രിക്ക ചെക്കിന്റെ ഒരു ലേഖനം കണ്ടെത്തി. ‘അഫെലിയൻ പ്രതിഭാസം’ നിങ്ങളെ ബാധിച്ചിട്ടുണ്ടോ?,തീർച്ചയായും ഇല്ല,’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. 2022 ഏപ്രിൽ 26നാണ് ലേഖനം അപ്‌ലോഡ് ചെയ്‌തത്.
ലേഖനമനുസരിച്ച്, ബ്രിട്ടാനിക്ക വിശദീകരിക്കുന്നതുപോലെ, ഒരു വസ്തു സൂര്യനിൽ നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ സൂര്യനു ചുറ്റുമുള്ള അതിന്റെ ഭ്രമണപഥത്തിലെ ബിന്ദുവാണ്, ആ വസ്തുവിന്റെ അഫെലിയോൺ. ഭ്രമണപഥങ്ങൾ തികച്ചും വൃത്താകൃതിയിലല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്.
തൽഫലമായി, ഭൂമി ചിലപ്പോൾ കൂടുതൽ അടുത്താണ്. ചിലപ്പോൾ സൂര്യനിൽ നിന്ന് കൂടുതൽ അകലെയാണ്. ഭൂമിയുടെ പെരിഹെലിയോൺ എന്നാണ് ഏറ്റവും അടുത്തുള്ള പോയിന്റ് അറിയപ്പെടുന്നത്.
പെരിഹെലിയോണും അഫെലിയോണും വർഷത്തിലൊരിക്കൽ സംഭവിക്കുന്നു. 2022-ൽ ഭൂമിയുടെ അഫെലിയോണിൽ അസ്വാഭാവികമായി ഒന്നുമില്ല. അതിനാൽ ദക്ഷിണാർദ്ധഗോളത്തിൽ ശൈത്യകാലത്ത് പ്രവേശിക്കുമ്പോൾ “മുമ്പത്തെ തണുത്ത കാലാവസ്ഥയേക്കാൾ കൂടുതൽ തണുത്ത കാലാവസ്ഥ” അനുഭവപ്പെടില്ല.
2022 ജനുവരി 4 ന് പെരിഹെലിയൻ സംഭവിച്ചതായും ജൂലൈ 4 ന് അഫെലിയോൺ നടക്കുമെന്നും യുഎസ് നാവികസേന അഭിപ്രായപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ അഫെലിയോണിനെക്കുറിച്ചുള്ള നിരവധി വസ്തുതകൾ തെറ്റായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും ആ റിപ്പോർട്ട് പറയുന്നു. “ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 5 പ്രകാശ മിനിറ്റ് അല്ലെങ്കിൽ 90,000,000 കി.മീ എന്നാണ് പോസ്റ്റുകൾ പറയുന്നത്.” എന്നാൽ ഭൂമി സൂര്യനിൽ നിന്ന് ഏകദേശം 150 ദശലക്ഷം കിലോമീറ്റർ അകലെയാണെന്ന് യുഎസ് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ അഥവാ നാസ പറയുന്നു.
അഫെലിയോൺ സമയത്ത് ഭൂമി സൂര്യനിൽ നിന്ന് 152 ദശലക്ഷം കിലോമീറ്റർ അകലെ അല്ലെങ്കിൽ “66% കൂടുതൽ” നീങ്ങുന്നുവെന്നും പോസ്റ്റുകൾ അവകാശപ്പെടുന്നു. ഈ അവകാശവാദത്തിൽ ഒന്നിലധികം തെറ്റുകൾ ഉണ്ട്.
ദൂരം 90 ദശലക്ഷത്തിൽ നിന്ന് 152 ദശലക്ഷം കിലോമീറ്ററായി വർധിച്ചാൽ അത് ഏകദേശം 69% വർദ്ധനവാണ്. എന്നാൽ ഭൂമിയുടെ അഫെലിയണും പെരിഹെലിയനും തമ്മിൽ സൂര്യനിൽ നിന്നുള്ള യഥാർത്ഥ വ്യത്യാസം, 152.1 ദശലക്ഷത്തിനും 147.3 ദശലക്ഷം കിലോമീറ്ററിനും ഇടയിലാണ്. ഏകദേശം 3.3% വർദ്ധനവ് മാത്രമാണ് അത്.
കൂടുതൽ അന്വേഷണത്തിൽ, ന്യൂസ്‌ചെക്കർ സതേൺ മെയിൻ സർവകലാശാലയുടെ ഒരു റിപ്പോർട്ട് കണ്ടെത്തി. “അഫെലിയോൺ നമ്മുടെ കാലാവസ്ഥയെ എത്രത്തോളം ബാധിക്കുന്നു? ഞങ്ങൾക്ക് വേനൽക്കാലത്താണ് അഫെലിയോൺ. നമ്മുടെ വേനൽക്കാലം പെരിഹെലിയനിൽ ആയിരുന്നെങ്കിൽ കൂടുതൽ ചൂടായിരിക്കുമോ?,” എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
സ്റ്റീവൻ സി. റോക്ക്‌പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, ”അഫെലിയോൺ നമ്മുടെ കാലാവസ്ഥയെ ബാധിക്കുന്നു, പക്ഷേ ഒരാൾ ചിന്തിക്കുന്ന രീതിയിലല്ല. ഭൂമിയുടെ ഭ്രമണപഥം തികച്ചും വൃത്താകൃതിയിലല്ലെന്ന് വിശദീകരിച്ചു കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ഭ്രമണപഥം വൃത്താകൃതിയിലായിരുന്നെങ്കിൽ, സൂര്യനിൽ നിന്നുള്ള ഭൂമിയുടെ ദൂരം ഒരിക്കലും മാറില്ല. ഭൂമിയുടെ ഭ്രമണപഥം ചെറിയ തോതിൽ നീളമേറിയ ദീർഘവൃത്തമാണ്. അതിനാൽ അതിന്റെ ദൂരം വർഷം മുഴുവനും തുടർച്ചയായി വ്യത്യാസപ്പെടുന്നു. അതിന്റെ ദൂരം ജനുവരി ആദ്യം എത്തുന്ന അതിന്റെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ നിന്ന് (പെരിഹെലിയൻ) ജൂലൈ ആദ്യം എത്തുന്ന അഫെലിയനിലേക്ക് എത്തുമ്പോൾ മാറുന്നു. പെരിഹെലിയനിൽ ഭൂമിക്ക് അഫെലിയോണിനെക്കാൾ ചൂട് കൂടുതലായിരിക്കുമെന്ന് അനുമാനിക്കുന്നത് യുക്തിസഹമാണ്. എന്നിരുന്നാലും, നമുക്ക് ലഭിക്കുന്ന സൂര്യന്റെ ഊർജ്ജത്തിന്റെ അളവിൽ (അതിനെ സൗര സ്ഥിരാങ്കം എന്ന് വിളിക്കുന്നു) പെരിഹെലിയനും അഫെലിയനും തമ്മിൽ കാര്യമായ വ്യത്യാസമില്ല. എല്ലാത്തിനുമുപരി, പെരിഹെലിയോണും അഫെലിയോണും തമ്മിലുള്ള ദൂര വ്യത്യാസം ഏകദേശം മൂന്ന് ദശലക്ഷം മൈലുകൾ മാത്രമാണ്. അത് ഭൂമിയുടെ ശരാശരി 93 ദശലക്ഷം മൈൽ വരുന്ന സൂര്യകേന്ദ്രീകൃത ദൂരത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്.”
തെക്കൻ അർദ്ധഗോളത്തിലെ വേനൽക്കാലത്തിന് അൽപം ചൂട് കൂടുതലാണ് എന്ന് ആളുകൾ കരുതുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും, തെക്കൻ അർദ്ധഗോളത്തിൽ പ്രധാനമായുള്ളത് ജലമാണ്. (കര/ജല അനുപാതം 4/11 ആണ്). ജലത്തിന് കരയേക്കാൾ ഉയർന്ന താപ ശേഷിയുണ്ട്. അതായത് കരയെ അപേക്ഷിച്ച് ജലത്തിന്റെ താപനില വർദ്ധിപ്പിക്കുന്നതിന് കൂടുതൽ താപ ഊർജ്ജം ആവശ്യമാണ്. തൽഫലമായി, ഉയർന്ന ജല-കര അനുപാതം ഉള്ളത് കൊണ്ട് സൗരോർജ്ജത്തിന്റെ സ്ഥിരമായ വർദ്ധനവ് നികത്തപ്പെടുന്നു.
”അഫെലിയോൺ നമ്മുടെ കാലാവസ്ഥയുടെ ദൈർഘ്യത്തെയാണ് ബാധിക്കുന്നത്. വേനൽക്കാലത്ത് ഭൂമി സൂര്യനിൽ നിന്ന് വളരെ അകലെയാണ്. അതിനാൽ, അതിന്റെ പരിക്രമണ പ്രവേഗം ഏറ്റവും താഴ്ന്ന നിലയിലാണ്. വേനൽക്കാല അറുതിയിൽ (summer solstice point) നിന്ന് ശരത്കാല വിഷുവത്തിലേക്ക് (autumnal equinox) സഞ്ചരിക്കാൻ ഇതിന് ശീതകാല അയനത്തിനും (winter solstice) വസന്തവിഷുവത്തിനും (vernal equinox) ഇടയിൽ സഞ്ചരിക്കാൻ ആവശ്യമായതിനേക്കാൾ കൂടുതൽ സമയം ആവശ്യമാണ്. അത് കൊണ്ട് തന്നെ ശീതകാലം ഏകദേശം 89 ദിവസമായിരിക്കുമ്പോൾ വേനൽക്കാലം ഏകദേശം 92 ദിവസം മാത്രമാണ്.
കൂടുതൽ വലിയ ഭൂപ്രദേശങ്ങളും കുറഞ്ഞ വെള്ളവും ഉള്ളതിനാൽ വടക്കൻ അർദ്ധഗോളത്തിൽ കൂടുതൽ ചൂടുള്ള വേനൽക്കാലവും കൂടുതൽ തണുത്ത ശൈത്യകാലവും അനുഭവപ്പെടുന്നു. ഇവയാണ് കാലാവസ്ഥാ രീതികളെ സ്വാധീനിക്കുന്ന ഘടകങ്ങൾ – അല്ലാതെ സൂര്യനിൽ നിന്നുള്ള ഭൂമിയുടെ ദൂരമല്ല,”ലേഖനം പറയുന്നു.
വായിക്കാം: രാഹുൽ ഗാന്ധിയുടെ 2019ലെ പടം തെറ്റായ അവകാശവാദത്തോടെ വൈറലാവുന്നു
അഫെലിയോൺ പ്രതിഭാസം താപനില സാധാരണയേക്കാൾ കുറയാൻ കാരണമാകുമെന്ന വാദം തെറ്റാണെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണം കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.