Fact Check
പിണറായിക്ക് ജന്മദിനാശംസ നേരുന്ന മുഹമ്മദ് റിയാസിന്റെ പോസ്റ്റ് എഡിറ്റഡാണ്
Claim
കരുത്തോടെ നാട് കക്കുന്ന സഖാവിന് ജന്മദിനാശംസകൾ എന്നെഴുതിയ മുഖ്യമന്ത്രി പിണറായി വിജയന് പിഎ മുഹമ്മദ് റിയാസ് ആശംസ നേരുന്ന പോസ്റ്റ്
Fact
യഥാർത്ഥ പോസ്റ്റിലെ വാചകം നേരു കാക്കുന്ന എന്നാണ്. പോസ്റ്റ് രണ്ടു വർഷം പഴയതുമാണ്.
പിണറായിക്ക് ജന്മദിനാശംസ നേരുന്ന മുഹമ്മദ് റിയാസിന്റെ പോസ്റ്റ് എന്ന പേരിൽ ഒരു പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വൈറലാവുന്നുണ്ട്.
‘കരുത്തോടെ നാട് കക്കുന്ന സഖാവിന് ജന്മദിനാശംസകൾ,’ എന്നാണ് വൈറൽ പോസ്റ്റ് പറയുന്നത്.
‘കാക്കുന്ന’ എന്ന വാക്കിന് അക്ഷര പിശക്ക് വന്ന് ‘കക്കുന്ന’ എന്നായി എന്ന സൂചനയോടെയാണ് പോസ്റ്റ്. അക്ഷര പിശക്ക് ആണെങ്കിലും അത് ഉചിതമായി എന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ കയ്യിൽ ഒരു പക്ഷി ഇരിക്കുന്ന പടത്തിനൊപ്പമാണ് പോസ്റ്റ്.
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയുടെ ഭർത്താവാണ് പൊതുമരാമത്ത് മന്ത്രി കൂടിയായ പിഎ മുഹമ്മദ് റിയാസ്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാൾ മെയ് 24,2025ൽ ആഘോഷിച്ച വേളയിലാണ് ഈ പോസ്റ്റുകൾ. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപന ദിവസമായിരുന്നു പിറന്നാൾ.
ഇവിടെ വായിക്കുക: കേരളത്തിലെ നാഷണൽ ഹൈവേയിലെ വെള്ളപൊക്കത്തിന്റേതല്ല ഈ വീഡിയോ
Fact Check/Verification
ഈ ആശംസയുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ആദ്യം മുഹമ്മദ് റിയാസ് ഈ ജന്മദിനത്തിലിട്ട പോസ്റ്റ് പരിശോധിച്ചു. “നേരിന്റെയും നന്മയുടെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളം. ജന്മദിനാശംസകൾ,” എന്നാണ് പോസ്റ്റിലെ വിവരണം. മുഖ്യമന്ത്രിയും റിയാസും ചിരിച്ചു കൊണ്ട് ഒരു വേദിയിൽ ഇരുന്ന് പരസ്പരം സംസാരിക്കുന്നതാണ് പോസ്റ്റിലെ ചിത്രം.

തുടർന്നുള്ള തിരച്ചിലിൽ, രണ്ടു കൊല്ലം മുൻപ് മെയ് 24,2023ൽ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് മുഖ്യമന്ത്രിയ്ക്ക് ജന്മദിനാശംസ നേരുന്ന പോസ്റ്റിൽ മുഖ്യമന്ത്രിയുടെ കയ്യിൽ ഒരു പക്ഷി ഇരിക്കുന്ന പടം ചേർത്തിരിക്കുന്നത് ഞങ്ങൾ കണ്ടെത്തി. “കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകൾ,” എന്ന വരികളാണ് കൂടെ കൊടുത്തിരിക്കുന്നത്.

ഇവിടെ വായിക്കുക: രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ വയനാട് കോൺഗ്രസ് പകരം രാഹുൽ ഗാന്ധിയുടെ പടം വെച്ചോ?
Conclusion
മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന വാചകത്തില്‍ ‘നേരു കാക്കുന്ന’ എന്ന വാക്ക് എഡിറ്റ് ചെയ്ത് ‘നാട് കക്കുന്ന’ എന്നാക്കിയാണ് പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
Facebook Post by P A Muhammad Riyas on May 24,2025
Facebook Post by P A Muhammad Riyas on May 24,2023