Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
മോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ ₹ 1000 കോടി പിരിക്കാൻ നിർദേശം.
Fact
ഇത് ടാക്സ് പിരിക്കാൻ മോട്ടോർ വാഹന വകുപ്പിന് കൊടുത്ത ടാർഗറ്റ് ആണ്.
മോട്ടോർ വാഹന വകുപ്പിനോട് ധനകാര്യ വകുപ്പ് ₹ 1000 കോടി പിഴ ഇനത്തിൽ പിരിക്കാൻ ആവശ്യപ്പെട്ടതായി ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത ഇരുമ്പനം ഫാർമേഴ്‌സ് കോളനിയിലെ മനോഹരൻ (52) കുഴഞ്ഞുവീണ് മരിച്ച സംഭവവുമായി ബന്ധപെടുത്തിയാണ് പോസ്റ്റുകൾ. “ആയിരം കോടിയുടെ ആദ്യ രക്തസാക്ഷി മനോഹരന് ആദരാജ്ഞലികൾ,” എന്ന വരികളോടെ മനോഹരന്റെ പടത്തിനൊപ്പമാണ് പോസ്റ്റുകൾ.
നാട്ടുകാർ പറയുന്നതനുസരിച്ച്, ബൈക്ക് നിർത്താൻ കൈകാണിച്ചതിന് കുറച്ച് മീറ്റർ മാറ്റി ബൈക്ക് പാർക്ക് മനോഹരൻ ചെയ്തു. പ്രകോപിതരായ പോലീസുകാർ തുടർന്ന് മർദിക്കുകയായിരുന്നു. ഇരുമ്പനം കർഷക കോളനി ഭാഗത്തുവച്ച് മാർച്ച് 26, 2023 രാത്രി 8.45ഓടെയാണ് മനോഹരനെ തൃപ്പുണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പൊലീസ് കൈകാണിച്ചപ്പോൾ വണ്ടി നിർത്തിയില്ലെന്ന് പറഞ്ഞ് പൊലീസ് മർദ്ദിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു. മനോഹരന്റെ മരണത്തില്‍ ഹില്‍പാലസ് സ്റ്റേഷന്‍ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പരിശോധന സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഇൻസ്റ്റാഗ്രാമിൽ friendsonwheels__ എന്ന ഐഡിയുടെ പോസ്റ്റ് 15,015 പേർ ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.
rashid_anjillath എന്ന ഐഡിയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 13,827 ഷെയറുകൾ ഉണ്ട്.
Anson John എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കണ്ടപ്പോൾ 507 ഷെയറുകൾ ഉണ്ടായിരുന്നു
Troll Kottayam എന്ന ഐഡിയുടെ പോസ്റ്റിന് 94 ഷെയറുകൾ ഉണ്ടായിരുന്നു.
Fact Check/Verification
മോട്ടോർ വാഹന വകുപ്പല്ല പൊലീസാണ് മനോഹരനെ കസ്റ്റഡിയിൽ എടുത്തത് എന്ന കാര്യം വാർത്തകളിൽ വ്യക്തമാണ്. അതിൽ നിന്നും പോസ്റ്റിൽ ആരോപിക്കുന്നത് പോലെ പിഴ പിരിക്കാനുള്ള ഉത്തരവുമായി ഈ പോസ്റ്റിന് ബന്ധമില്ലെന്ന് മനസ്സിലായി.
മറ്റൊരു കാര്യം അറിയേണ്ടത്,1000 കോടി രൂപ പിഴ ഇനത്തിൽ പിരിക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നോ എന്ന കാര്യമാണ്. അതിനായി ഞങ്ങൾ പോസ്റ്റുകളിൽ പറഞ്ഞത് ശരിയാണോ എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ മാർച്ച് 24,2023 ലെ മോട്ടോർ വാഹന വകുപ്പിന്റെ പോസ്റ്റ് കിട്ടി.
പോസ്റ്റ് പറയുന്നത് ഇങ്ങനെയാണ്: “ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുക എന്നത് ഒരു സ്വാഭാവിക സർക്കാർ നടപടിക്രമം മാത്രമാണ്. മോട്ടോർ വാഹന വകുപ്പിൽ മാത്രമല്ല റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകാറുണ്ട്. അത്തരത്തിൽ ലഭിക്കുന്ന സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി തന്റെ കീഴിലുളള ഓഫീസിലേക്ക് അയച്ചു നൽകുക എന്നത് ഒരു ഭരണ നിർവ്വഹണ പ്രക്രിയ മാത്രമാണ് . അതിനെ പിഴ പിരിക്കുന്നതിനുള്ള നിർദ്ദേശം എന്ന് വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണ് . നിർദ്ദേശത്തിൽ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ല. മോട്ടോർ വാഹന വകുപ്പിൽ ഓരോ ഓഫീസിനും ടാർഗറ്റ് നൽകാറുണ്ട്. ഇത് പിഴ പിരിക്കുന്നതിനല്ല, ഫീസ്, ടാക്സ് തുടങ്ങിയ വകുപ്പിന്റെ വരുമാനമാർഗ്ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ് . റോഡ് സുരക്ഷയ്ക്കായി നൂതന ആശയങ്ങൾ നടപ്പിലാക്കി വരുന്ന കാലഘട്ടമാണിത് . റോഡ് നിയമങ്ങൾ പാലിക്കുന്ന ഒരാളിനും പിഴ ഒടുക്കേണ്ടി വരില്ല. അത് നല്ല റോഡ് സംസ്കാരത്തിന് തുടക്കമിടും. നമുക്ക് ഒന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം.”
പോരെങ്കിൽ പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പിന്റെ ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെയും റിവൈസ്ഡ് എസ്റ്റിമേറ്റിന്റെയും രേഖകൾ എടുത്ത് ചേർത്തിട്ടുണ്ട്.
പോസ്റ്റിലെ ഒരു കമന്റിൽ മോട്ടോർ വാഹന വകുപ്പ് ഇത് കൂടുതൽ വ്യക്തമാക്കുന്നു; “ബഡ്ജറ്റ് എസ്റ്റിമേറ്റാണ്. പിഴ ചുമത്താനുള്ള ടാർഗറ്റ് അല്ല. നടപ്പ് സാമ്പത്തിക വർഷത്തിലെ 3 പാദങ്ങളുടെ (Quarter) അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന നികുതി ബജറ്റ് കണക്കുകളെ അധികരിക്കുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷം വാഹന വിപണിയിലുണ്ടായ വളർച്ച മൂലം സംസ്ഥാന സമ്പത്ത് ഘടനയുടെ വീണ്ടെടുപ്പിൻ്റെയും നികുതി സമാഹരണത്തിലെ മികവിൻ്റെയും സൂചനയാണിത്. മോട്ടോർ വാഹന നികുതി (tax on Vehicles or Road Tax) എന്ന് പറഞ്ഞാൽ വഴിയിൽ പിടിച്ച് നിർത്തി അടപ്പിക്കുന്ന പിഴയല്ല. മോട്ടോർ വാഹന നിയമ പ്രകാരം നൽകപ്പെടുന്ന നികുതിയാണത്. സാമ്പത്തിക വർഷമവസാനിക്കുന്നതിന് മുമ്പ് തന്നെ (ജനുവരിയിൽ തന്നെ) നികുതി ലക്ഷ്യം കൈവരിച്ച സാഹചര്യത്തിൽ പിന്നീടുള്ള 2 മാസത്തേക്ക് (ഫെബ്രുവരി, മാർച്ച്) നികുതി ടാർഗറ്റ് പുതുക്കേണ്ടത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. അത് റോഡിൽ തടഞ്ഞ് നിർത്തി പിഴ ചുമത്തുന്നതിനുള്ള ടാർഗറ്റ് ഉയർത്തലല്ല.”
കൂടാതെ ഞങ്ങളുടെ അന്വേഷണത്തിൽ പലരും ഇത് സംബന്ധിച്ച സർക്കുലർ ഷെയർ ചെയ്തിട്ടുണ്ട് എന്നും വ്യക്തമായി. ഈ സർക്കുലർ പരിശോധിച്ചപ്പോൾ സംസ്‌ഥാന സർക്കാരിന്റെ 2022-23 ലെ ബഡ്ജറ്റിൽ മോട്ടോർ വാഹന വകുപ്പ് പിരിച്ചെടുക്കേണ്ട 4138.59 കോടി എന്നത് 5306.71 കോടി രൂപയായി വർദ്ധിപ്പിച്ചതിനെ കുറിച്ചാണ് അത് പറയുന്നത് എന്ന് മനസിലായി . പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഈ വർദ്ധനവ് വരുത്തിയത് എന്നും സർക്കുലർ പറയുന്നു. അതായത് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ വരുമാനത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് എന്ന് വ്യക്തം.
മാർച്ച് 23,2023ലെ ഫേസ്ബുക്ക് പോസ്റ്റിൽ കേരള ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ, മോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ 1000 കോടി പിരിക്കാൻ ധനകാര്യ വകുപ്പിന്റെ നിർദേശം എന്ന പ്രചരണം വ്യാജമാണ് എന്ന് വ്യക്തമാക്കുന്നു.
മാർച്ച് 23,2023ലെ മറ്റൊരു പോസ്റ്റിൽ ബാലഗോപാൽ അത് കൃത്യമായി വിശദീകരിക്കുന്നുണ്ട്: “നികുതി (Tax) യും പിഴ ( Fine, Non- Tax) യും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാൽ ഒറ്റ വരിയിൽ തീരാവുന്ന പ്രശ്നമെ ഈ വാർത്തക്കുള്ളൂ. നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്ന് വകുപ്പു തലത്തിൽ ഉദ്യോഗസ്ഥർ നിർദേശം നൽകുമ്പോൾ അത് ആളുകളെ റോഡിൽ തടഞ്ഞു നിർത്തി നടത്തുന്ന “പിഴപ്പിരിവ്” ആണെന്ന് തെറ്റായി ധരിക്കുമ്പോഴാണ് വാർത്തയും തെറ്റാകുന്നത്. വസ്തുത അതാണ്.”
വായിക്കുക:Fact Check: മൈമൂനിസ ബീഗം എന്ന ഇന്ദിര ഗാന്ധിയുടെ കുടുംബത്തിന് മുസ്ലിം വേരുകൾ: സത്യാവസ്ഥ അറിയുക
Conclusion
മോട്ടോർ വാഹന വകുപ്പിനോട് ധനകാര്യ വകുപ്പ് ₹ 1000 കോടി പിഴ ഇനത്തിൽ പിരിക്കാൻ ആവശ്യപ്പെട്ടതായി പറയുന്ന പോസ്റ്റുകൾ തെറ്റാണ്. നികുതി കുടിശിക ഇനത്തിലാണ് ഈ തുക പിരിക്കാൻ ആവശ്യപ്പെട്ടത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Partly False
Sources
Facebook post by Motor Vehicle Department on March 24,2023
Facebok post by Kerala Finance Minister K N Balagopal on March 23,2023
Facebok post by Kerala Finance Minister K N Balagopal on March 23,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.