Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
(ഈ ലേഖനം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ ശുഭം സിങ്ങാണ്. അത് ഇവിടെ വായിക്കാം)
‘ഈ പുഴു കടിച്ചാൽ മരണം ഉറപ്പ്,’ എന്ന പേരിൽ ഒരു പ്രചരണം വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഒന്നിലധികം ഫോട്ടോകളുടെ കൊളാഷ് ആണ് ആ പോസ്റ്റ്. ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ 9999499044ൽ ഇത് ഫാക്ട്ചെക്ക് ചെയ്യണമെന്ന് ഒരാൾ ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ചിലർ ഇത് ഷെയർ ചെയ്യുന്നുണ്ട്.
Hameed Mohiddeen,Rajeesh R Pothavoor,Hafsath Kaithaal Hafsa എന്നീ ഐഡികളിൽ നിന്നും എല്ലാം ഇത് ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.
‘ഈ പുഴു കടിച്ചാൽ മരണം ഉറപ്പ്,’ എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് ഒരല്പം ദീർഘമായ പോസ്റ്റാണ്.ആ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്:
“ഇവനെ ശ്രദ്ധിക്കുക.കഴിഞ്ഞ കുറച്ചു ദിവസം മുന്നേ ആയിരുന്നു. വീടിന്റെ മുന്നിൽ കണ്ട ഈ സുന്ദരനായ പുഴുവിനെ പല ആംഗിളിൽ കൊണ്ടുപോയി ഒരു ഫോട്ടോ ഷൂട്ട് നടത്തിയത്. പിന്നെ വാതോരാതെ പുകഴ്ത്തുകയും ചെയ്തു. ഭാഗ്യം കൊണ്ട് കൈകൊണ്ട് തൊട്ടില്ല.
“ജി എൻ പി സി” യിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴാണ് ഈ സുന്ദരൻ ആൾ ചില്ലറക്കാരനല്ല എന്ന് അറിയുന്നത്. ഇതിന്റെ ശരീരം തട്ടിയാൽ ഷോക്ക് ഏൽക്കുന്നത് പോലെയാണ് എന്ന് കുറെ പേർ കമന്റ് തന്നു. ഇന്നു വൈകുന്നേരം വാട്സാപ്പിൽ വന്ന ഒരു ന്യൂസ് കണ്ടാണ് ഞാൻ ഞെട്ടി തരിച്ചു പോയത്. ഇവൻ കടിച്ചു കഴിഞ്ഞാൽ 5 മിനിറ്റ് കൊണ്ട് മരണം ഉറപ്പാണ് പോലും.
കഴിഞ്ഞ കുറച്ചുദിവസം മുന്നേ കർണാടകയിൽ രണ്ട് കർഷകർ മരിച്ചത് ഈ പുഴു കടിച്ചാണ് പോലും. എന്തായാലും ഈ ഭീകരൻ എന്റെ നാട്ടിലുണ്ടെന്ന് മനസ്സിലായി. നിങ്ങളും കൂടെ ഒന്ന് ശ്രദ്ധിക്കൂ.മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യൂ.
കൊച്ചുകുട്ടികൾ കണ്ടാൽ അതിന്റെ സൗന്ദര്യത്തിൽ ആകൃഷ്‌ടരായി തൊടാനുള്ള സാധ്യത കൂടുതലാണ്. ഞാൻ എടുത്ത വീഡിയോയും ഫോട്ടോസും. ഇന്ന് വന്ന ന്യൂസും താഴെ കൊടുക്കുന്നു. മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക.
വന്ന ന്യൂസ്: പരുത്തി തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ഒരുതരം പുഴുവാണ്.കർണാടകയിലാണു കണ്ടുപിടിച്ചത്. കടി കിട്ടിയാൽ 5 മിനിറ്റിനുള്ളിൽ മരണം ഉറപ്പ്. ഇവ പാമ്പിനേക്കാൾ വിഷമുള്ളതാണ്, എല്ലാവർക്കും പ്രത്യേകിച്ച് കൃഷിക്കാർക്കും share ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്.”
ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ കൊളാഷിലെ ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു പരിശോധിച്ചു. അപ്പോൾ ഡിഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് ഞങ്ങൾ ഒരു ട്വീറ്റ് കണ്ടെത്തി. ട്വീറ്റിൽ വൈറലായ ചിത്രം ഉണ്ട്. കൃഷി വിജ്ഞാന കേന്ദ്രത്തെ ഉദ്ധരിച്ച്,’ഈ പുഴു കടിച്ചാൽ മരണം ഉറപ്പ്,’എന്ന പ്രചരണം വ്യാജമാണെന്ന് ട്വീറ്റിൽ പറയുന്നു. ഇതോടൊപ്പം ഈ പുഴു കൂടുതലായി കാണപ്പെടുന്നത് കരിമ്പിന് തോട്ടങ്ങളിലാണെന്നും അതിന്റെ കടിയേറ്റാൽ ശരീരത്തിൽ ചൊറിച്ചിലോ പൊള്ളലോ ഉണ്ടാവും എന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ അത് കടിച്ചാൽ, മരണം ഉണ്ടാവില്ലെന്നും ട്വീറ്റ് പറയുന്നു. ഡിഡി ന്യൂസിന്റെ ഈ ട്വീറ്റ് ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക ഫാക്റ്റ് ചെക്ക് ട്വിറ്റർ ഹാൻഡിൽ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ, Owlcation എന്ന വെബ്‌സൈറ്റിൽ ഒരു ലേഖനവും ഞങ്ങൾ കണ്ടെത്തി. അതിൽ ഈ പുഴു കടിച്ചാൽ ചെറിയ ലക്ഷണങ്ങൾ കാണിക്കുമെന്നും അതിന് പുറമേ, അപകടകരമായ അലർജിയുണ്ടാകുമെന്നും എഴുതിയിരിക്കുന്നു. എന്നാൽ,’ഈ പുഴു കടിച്ചാൽ മരണം ഉറപ്പ്’ എന്ന പരാമർശം ആ ലേഖനത്തിൽ ഇല്ല.
അന്വേഷണത്തിനിടെ പ്രചരിക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഞങ്ങൾ പരിശോധിച്ചു. അപ്പോൾ അവ സെപ്റ്റംബർ 13-ന് ഒരു ട്വിറ്റർ ഉപയോക്താവിന്റെ ട്വീറ്റിൽ ഞങ്ങൾ കണ്ടെത്തി. ആ ട്വീറ്റ് പറയുന്നത് ഇങ്ങനെയാണ്: ”മഹാരാഷ്ട്രയിലെ ബോട്ടിന്റെ ചാലിസഗാവിൽ ഇടിമിന്നലേറ്റ് അച്ഛനും മകനും മരിച്ചു. അച്ഛന്റെ പേര് ശിവാജി ചവാൻ, മകന്റെ പേര് വിക്കി ചവാൻ.”
തുടർന്ന് ഈ വാക്കുകൾ ഉപയോഗിച്ച് ഞങ്ങൾ യൂട്യൂബിൽ സെർച്ച് ചെയ്തു. അപ്പോൾ സംഘർഷ് ന്യൂസ് മറാത്തി, ആധാർ ന്യൂസ് എന്നിവയുടെ യൂട്യൂബ് ചാനലുകളിൽ അപ്‌ലോഡ് ചെയ്ത വീഡിയോകൾ ഞങ്ങൾ കണ്ടെത്തി. വൈറലായ ചിത്രത്തിലെ ദൃശ്യം വീഡിയോയിൽ കാണാം. മഹാരാഷ്ട്രയിലെ ചാലിസഗാവിൽ ഇടിമിന്നലേറ്റ് അച്ഛനും മകനും മരിച്ച സംഭവത്തെ കുറിച്ചാണ് വീഡിയോകൾ.
മറാത്തി ടൈംസിന്റെ മറ്റൊരു റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചു. ആ റിപ്പോർട്ട് പറയുന്നത്, ഇടിമിന്നലേറ്റാണ്, അച്ഛനും മകനും മരിച്ചത് എന്നാണ്. ശിവാജി ചവാൻ (45) മകൻ ദീപക് ചവാനും (14) ഭാര്യയും ചേർന്ന് പരുത്തിത്തോട്ടത്തിൽ വളമിടാൻ പോയതായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനിടയിൽ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. ഈ മൂന്ന് പേരും ഒരു മരത്തിന്റെ ചുവട്ടിൽ അഭയം പ്രാപിച്ചു.
ഇതിനിടയിൽ ഇടിമിന്നലേറ്റ് മരത്തിലിടിച്ച് ശിവാജി ചവാനും മകനും മരിച്ചു. ഭാര്യ രക്ഷപ്പെട്ടു. കൃത്യസമയത്ത് പോലീസ് എത്താത്തതിനെ തുടർന്ന് നാട്ടുകാർക്കിടയിൽ കടുത്ത അമർഷം ഉയർന്നിരുന്നു. ആളുകൾ മൃതദേഹങ്ങൾ ചുമലിലേറ്റി ആംബുലൻസിൽ കയറ്റി. മരിച്ചയാളുടെ കുടുംബത്തെ സഹായിക്കുമെന്ന് പ്രദേശത്തെ എംഎൽഎ മങ്കേഷ് ചവാൻ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് പറയുന്നു.
Conclusion
രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് സമൂഹ മാധ്യമങ്ങളിൽ, ഈ പുഴു കടിച്ചാൽ മരണം ഉറപ്പ് എന്ന തെറ്റിദ്ധാരണാജനകമായ പ്രചരണം നടക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാണ്.
Our Sources
Tweet by DD News on September 16, 2022
Article Published by Owlcation
Tweet by @Ganesh51230717 on September 14, 2022
Video Uploaded by Youtube Channel संघर्ष मराठी न्यूज on September 14, 2022
Video Uploaded by Youtube Channel Aadhar News on September 14, 2022
Report Published by Maharashtra Times on September 09, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.