തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ ജാനകി ഓംകുമാർ, സഹപാഠിയായ നവീൻ കെ റസാക്കുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോറിഡോറിൽ റാസ്പുട്ടിൽ പാട്ടിന്റെ വരികൾക്കൊപ്പം നൃത്തം ചെയ്തത് വൈറലായിരുന്നു. അന്ന് ഈ നൃത്തത്തെ ലൗ ജിഹാദുമായി താരതമ്യം ചെയ്തു പ്രചരണം നടന്നു. ഇപ്പോൾ വീണ്ടും ജാനകി പങ്കെടുത്ത ഒരു പരിപാടിയുടെ പേരിൽ പ്രചരണം നടക്കുന്നു. ഈ പരിപാടി സംഘടിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി വിഭാഗമായ എസ് ഐ ഓ ആണെന്നാണ് ആരോപണം. ജാനകിയെ ആ പരിപാടിയുടെ ബ്രാൻഡ് അംബാസഡർ ആക്കിയിട്ടുണ്ട് എന്നും പോസ്റ്റുകൾ ആരോപിക്കുന്നു.ജാനകിയെപോലുള്ള പെൺകുട്ടികളെ ഇവർ ബ്രാൻഡ് അംബാസിഡർമാർ ആക്കുന്നത് ബോധപൂർവ്വമാണ്, ഇരകളെ വീഴ്ത്താൻ ഉള്ള സുന്ദരമുഖങ്ങളാണ്. ഹിന്ദുസമൂഹം ഈ വിപത്തുകളെ കരുതിയിരുന്നില്ല എങ്കിൽ ദൂരവ്യാപകമായ ഫലം ആയിരിയ്ക്കും അനുഭവിയ്ക്കേണ്ടി വരിക. സൂക്ഷിച്ചാൽ ഭാവിയിൽ ദു:ഖിയ്ക്കാതിരിയ്ക്കാം, എന്ന് പോസ്റ്റുകൾ പറയുന്നു,
Fact Check/Verification
സ്‌ക്വില്‍ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ ഒരു അതിഥിയായാണ് ജാനകി പങ്കെടുത്തത്. മെയ് 30നായിരുന്നു പരിപാടി. ഇത് സംഘടിപ്പിച്ചത് എസ്.ഐ.ഒ ആണ് എന്നു പറഞ്ഞുകൊണ്ടുള്ള വ്യാജ പോസ്റ്റര്‍ സൃഷ്ടിച്ചാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. മേയ് 29 നു നടന്ന മറ്റൊരു പരിപാടിയുടെ പോസ്റ്റർ എഡിറ്റ് ചെയ്ത് ജാനകി പങ്കെടുത്ത പരിപാടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് പ്രചാരണം നടക്കുന്നത്. ഇത് വ്യക്തമാക്കി ജാനകി തന്നെ യുട്യൂബിൽ വന്നിട്ടുണ്ട്. ജാനകി പങ്കെടുത്തത് സ്ക്വിൽ നേരിട്ട് സംഘടിപ്പിച്ച Futuroid എന്ന ഒരു പ്രോഗ്രാമിലാണ്. എന്നാൽ സ്ക്വിൽ വേറെയൊരു സംഘടനയ്ക്ക് വേണ്ടി സംഘടിപ്പിച്ചു കൊടുത്ത Futura എന്ന മേയ് 29നു നടത്തിയ ഒരു പ്രോഗ്രാമിന്റെ പോസ്റ്റർ എഡിറ്റ് ചെയ്തു അതിൽ ജാനകിയുടെ പേര് കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ആ പരിപാടിയിൽ സംസാരിച്ചവരിൽ ഒരാൾ പോലും ജാനകി പങ്കെടുത്ത പരിപാടിയിൽ ഉണ്ടായിരുന്നില്ല.
പരിപാടി സംഘടിപ്പിച്ച സ്ക്വിൽ എന്ന സംഘടനയും അത് വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.സ്ക്വിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ പറയുന്നു.“മെയ് 30 ന് നടന്ന SQIL ന്റെ Futuroid ഓറിയന്റേഷൻ പ്രോഗ്രാമിൽ കേരളത്തിൽ ഈയിടെ തരംഗമായ റാസ്പുട്ടിൻ ഡാൻസിലെ ജാനകി ഓംകുമാർ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വാസ്തവ വിരദ്ധമായ പ്രചരണം ശ്രദ്ധയിൽ പെട്ടു. NEET എക്സാമുമായി ബന്ധപ്പെട്ട ഈ ഓറിയന്റേഷൻ പ്രോഗ്രാമിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടിയായ ജാനകി യായിരുന്നു മുഖ്യാതിഥി. അതേ സമയം Sqil ന്റെ ബ്രാന്റ് അംബാസിഡറാണ് ജാനകി എന്ന രീതിയിൽ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് സോഷ്യൽ മീഡിയകൾ വഴി നടക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളിൽ സയന്റിഫിക് ടെമ്പർ വളർത്തിയെടുക്കുക എന്നതിനോടൊപ്പം വിവിധങ്ങളായ ഓറിയന്റേഷൻ പ്രോഗ്രാമുകൾ സ്കൂളുകളിലും,എൻജിഒ കളുമായും സഹകരിച്ച് SQIL നടത്തി വരുന്നുണ്ട്. കഴിഞ്ഞ 29 ആം തീയ്യതി നടന്ന അത്തരമൊരു career പ്രോഗ്രാമിന്റെ പോസ്റ്ററിനോടൊപ്പം മെയ് 30 ന് ജാനകി പങ്കെടുത്ത Futuroid പ്രോഗ്രാമിന്റെ പോസ്റ്റർ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണ്. തികച്ചും സ്വതന്ത്ര സ്വഭാവത്തിൽ പ്രവർത്തിക്കുന്ന SQIL ന് മറ്റു സംഘടനകളുമായോ മറ്റോ ബന്ധമുണ്ട് എന്ന ആരോപണം ഏറെ വേദനാജനകമാണ്. ജാനകി പങ്കെടുത്ത പ്രോഗ്രാമിന്റെ പോസ്റ്റർ ഇതിനോടൊപ്പം ഞങ്ങൾ ഷെയർ ചെയ്യുന്നു,”
Conclusion
ജാനകി ഓംകുമാർ പങ്കെടുത്തത് സ്ക്വിൽ എന്ന സംഘടനയുടെ പരിപാടിയിലാണ്. ഇതാണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തതായി വ്യഖ്യാനിക്കുന്നത്.
Result: False
Our Sources
https://www.reporterlive.com/medical-student-janaki-omkumar-faces-sanghparivar-cyber-attack/121884/
https://www.mediaoneonline.com/kerala/sanghparivar-against-janaki-omkumar-142482?infinitescroll=1
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.