Fact Check
മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്കരികിൽ വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ 2018ലേത്
Claim
മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്കരികിൽ വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ.
Fact
ചിത്രം 2018 നവംബറിൽ എടുത്തതാണ്.
ശബരിമല തീര്‍ഥാടനത്തിന് ശേഷം മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്കരികിൽ ക്ഷീണിതയായി വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.
ചുറ്റും മാലിന്യങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ ചേർത്താണ് ചിലർ ഇത് ശബരിമല തീര്‍ഥാടകരോടുള്ള പിണറായി വിജയൻ സർക്കാരിന്റെ അവഗണനയെന്ന് ആരോപിച്ച് പങ്കുവെക്കുന്നത്.
“ഒന്നാം തീയതി മുതൽ ഭക്തർ വരുമെന്ന് അറിയാത്തവരല്ല ഇവർ… കമ്മ്യൂണിസ്റ്റ് ഗവർമെൻറ് അറിഞ്ഞുകൊണ്ട് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണിത്” എന്ന ആക്ഷേപങ്ങളോടുകൂടിയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
Claim Post: https://www.facebook.com/photo?fbid=2661728667495040&set=a.561735740827687

മാലിന്യം നിറഞ്ഞ ചവറ്റുകുട്ടയ്ക്കരികിൽ വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ പ്രചരിക്കുന്ന സാഹചര്യം
വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന 41 ദിവസമാണ് മണ്ഡല തീര്‍ഥാടനം നടക്കുന്നത്.
ഇക്കൊല്ലം ശബരിമല മണ്ഡല–മകരവിളക്ക് തീര്‍ഥാടനം നവംബർ 16ന് വൈകിട്ട് 5ന് നട തുറന്നതോടെ ആരംഭിച്ചു.കേരള സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമാണ് ഇത്തരം പോസ്റ്റുകൾ പ്രചരിക്കാനുള്ള സാഹചര്യം.
ഇവിടെ വായിക്കുക:ശബരിമലയിൽ കൊച്ചു മാളികപ്പുറങ്ങൾ വിശ്രമിക്കുന്ന പഴയ ചിത്രം ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നു
Evidence
1.റിവേഴ്സ് ഇമേജ് സെർച്ച് ഫലങ്ങൾ
റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ഈ ഫോട്ടോ ആദ്യം 2018 നവംബർ 17ന് @kumarnandaj എന്ന എക്സ് ഐഡിയിൽ പോസ്റ്റുചെയ്തതാണെന്ന് കണ്ടെത്തി.
“ശബരിമലയിൽ സിപിഎം പോലീസ് “ലിംഗസമത്വം” ഉറപ്പാക്കുന്ന രീതിയാണിത്, ക്ഷേത്രപരിസരത്ത് അഭയം നിഷേധിക്കപ്പെട്ടതിനാൽ മാലിന്യക്കൂമ്പാരത്തിൽ തല ചായ്ക്കുന്ന മാളികപ്പുറത്തിന്റെ (സ്ത്രി തീര്‍ഥാടക) അവസ്ഥ കാണുക,” എന്നാണ് നവംബർ 17,2018ൽ ഇംഗ്ലീഷിൽ എഴുതിയ പോസ്റ്റിന്റെ മലയാള വിവർത്തനം.
Original 2018 post: https://x.com/kumarnandaj/status/1063768711948050432/photo/1

2. 2018ലെ ഫേസ്ബുക്ക് പോസ്റ്റ്
Vishwa Samvad Kendra Bharat 2018 നവംബർ 18ന് ഈ ഫോട്ടോ അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.
ശബരിമലയിലെ അന്നത്തെ സാഹചര്യം വിവരിക്കുന്ന നീളമുള്ള കുറിപ്പോടെയായിരുന്നു പോസ്റ്റ്.
“ശബരിമല കുന്നുകളിലൂടെ അഞ്ച് കിലോമീറ്റർ നീണ്ട കഠിന യാത്രയ്ക്ക് ശേഷം, മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്ക് അരികിൽ വിശ്രമിക്കുന്ന ക്ഷീണിതയായ ഒരു മാളികപ്പുറം (10 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ മാളികപ്പുറം എന്ന് വിളിക്കുന്നു) ചിത്രം ഏതൊരു ഭക്തന്റെയും ഹൃദയം തകർക്കും. ശബരിമല തീര്‍ഥാടകരോടുള്ള പിണറായി വിജയൻ സർക്കാരിന്റെ നിസ്സംഗതയുടെ കഥയാണ് ചിത്രം പറയുന്നത്. പമ്പയിലെയും സന്നിധാനത്തെയും ബേസ് ക്യാമ്പിലെയും അടിസ്ഥാന സൗകര്യങ്ങൾ ദയനീയമായ അവസ്ഥയിലാണ്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന പമ്പ ഇതുവരെ പുനർനിർമിച്ചിട്ടില്ല. പമ്പയിലെ ആശുപത്രിയിൽ ഡോക്ടറോ മറ്റ് സൗകര്യങ്ങളോ ഇല്ല,” എന്നാണ് ഇംഗ്ലീഷിൽ ഉള്ള ദീർഘമായ പോസ്റ്റിന്റെ മലയാള പരിഭാഷ.
Facebook Post (18 November 2018): https://www.facebook.com/VishwaSamvadKendraBharat/posts/pfbid035sKUpQuKYRhfrEhN9ZXRv8vuS8YjyCMv4tp4AKVyhoT4BKttGordd14kPpR4VL1kl

Verdict
ചിത്രം ഇപ്പോഴത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടതല്ല.
ഇത് 2018 നവംബറിൽ എടുത്ത പഴയ ഫോട്ടോയാണെന്ന് സ്ഥിരീകരിച്ചു.
അതിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപയോഗിക്കുന്നത് തെറ്റിദ്ധാരണ പരത്താനാണ്.
FAQ
1. ഇപ്പോൾ പ്രചരിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ പുതിയതാണോ?
ഇല്ല. ചിത്രം 2018 നവംബർ മാസത്തിലാണ് എടുത്തത്.
2. ഈ ചിത്രം 2025 ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടതാണോ?
അല്ല. ഇപ്പോഴത്തെ തീർത്ഥാടനം അല്ലെങ്കില്‍ ആഗോള അയ്യപ്പ സംഗമവുമായും ഇതിന് ബന്ധമില്ല.
3.ഫോട്ടോയിലെ സ്ഥിതിഗതികൾ യഥാർത്ഥ സംഭവമാണോ?
അതെ. ചിത്രം യഥാർത്ഥമാണ്. പക്ഷേ, 2018 നവംബറിൽ എടുത്ത ഫോട്ടോയാണ്.
Sources
X Post by @kumarnandaj – 17 November 2018
Vishwa Samvad Kendra Bharat Facebook Post – 18 November 2018