Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ ശുഭം സിംഗാണ്. അത് ഇവിടെ വായിക്കാം)
ലഖ്‌നൗവിലെ ലുലു മാളിൽ ‘നിസ്കരിച്ച’ 4 പേർ’ അറസ്റ്റിലായി എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. അറസ്റ്റ് ചെയ്തവരുടെ പേര് സരോജ് നാഥ് യോഗി, കൃഷ്ണകുമാർ പതക്, ഗൗരവ് ഗോസ്വാമി എന്നിങ്ങനെയാണ് എന്നാണ് വീഡിയോ രൂപത്തിൽ ഉള്ള പോസ്റ്റ് പറയുന്നത്. ഈ യുവാക്കൾ സാമുദായിക സൗഹാർദ്ദം തകർത്തുവെന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.
Junction HACK എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 4.4 k പേർ ഷെയർ ചെയ്തിട്ടുണ്ട്.

ഞങ്ങൾ കാണുമ്പോൾ, Samad Karamana എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് 38 പേർ ഷെയർ ചെയ്തിട്ടുണ്ട്.

ഞങ്ങൾ കാണുമ്പോൾ,Salahudeen Bai എന്ന ഐഡിയിൽ നിന്നും 7 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രവാസി വ്യവസായ പ്രമുഖനുമായ തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശി എം .എ. യൂസഫലിയാണ് ലുലു മാളിന്റെ ഉടമസ്ഥൻ. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറായ യൂസഫലി മുൻകൈ എടുത്തിട്ടാണ് ലഖ്‌നൗവിൽ മാൾ ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ മലയാളി യൂസഫലിയാണ്.
ജൂലൈ 10 ന് യുപിയിലെ ലഖ്‌നൗവിൽ ലുലു മാൾ ഉദ്ഘാടനം ചെയ്തു. ഈ സമയത്ത് ലുലു മാൾ ഉടമയും മലയാളിയുമായ യൂസഫ് അലിക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടായിരുന്നു. ലഖ്‌നൗവിലെ അമർ ഷഹീദ് പാതയിലെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു മാൾ രാജ്യത്തെ പ്രമുഖ ബ്രാൻഡുകളുടെ ആസ്ഥാനമായിരിക്കും എന്നാണ് ‘ഹിന്ദുസ്ഥാൻ’ റിപ്പോർട്ട് ചെയ്യുന്നത്. ലുലു മാളിന്റെ ഉദ്ഘാടനത്തിന് ശേഷം മാളിന്റെ പരിസരത്ത് ചിലർ നിസ്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ലഖ്‌നൗവിലെ ലുലു മാൾ വിവാദത്തിലായത്.
വീഡിയോ വൈറലായതോടെ ചില മതസംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മാളിൽ പ്രാർത്ഥന നടത്തുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് ശേഷം അവിടെ ഹനുമാൻ ചാലിസ പാരായണം നടത്തുന്നതിന്റെ ഒരു വീഡിയോ പുറത്ത് വന്നു. വീഡിയോയിൽ രണ്ട് യുവാക്കൾ ജയ് ശ്രീറാം എന്ന് വിളിച്ച് ഹനുമാൻ ചാലിസ വായിക്കുന്നത് കാണാം. മാളിന്റെ സുരക്ഷ ജോലിയ്ക്ക് നിയോഗിച്ചിരുന്ന ഗാർഡുകൾ രണ്ട് യുവാക്കളെയും പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇതിന് പുറമെ ലുലു മാളിൽ പ്രതിഷേധിച്ച ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഈ യുവാക്കളെ ജയിലിലേക്ക് മാറ്റി.
Fact Check/Verification
വൈറൽ ക്ലെയിമിന്റെ സത്യാവസ്ഥ അറിയാൻ, ഞങ്ങൾ ചില കീവേഡുകളുടെ സഹായത്തോടെ ഗൂഗിളിൽ തിരഞ്ഞു. 2022 ജൂലൈ 16-ന് ആജ് തക് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. ജൂലൈ 15 വെള്ളിയാഴ്ച രാത്രി ലുലു മാളിൽ മതപരമായ ചടങ്ങുകൾ നടത്താനെത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സരോജ് നാഥ് യോഗി, കൃഷ്ണകുമാർ പഥക്, ഗൗരവ് ഗോസ്വാമി, അർഷാദ് അലി എന്നീ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ദൈനിക് ഭാസ്‌കർ, ടിവി9 ഭാരതവർഷ്, തുടങ്ങി നിരവധി മാധ്യമ സംഘടനകൾ ഈ സംഭവത്തെ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അറസ്റ്റിലായ നാല് പ്രതികളും ലുലു മാളിൽ നിസ്കരിച്ചതായി റിപ്പോർട്ടുകളൊന്നും പരാമർശിക്കുന്നില്ല.
ലഖ്‌നൗവിലെ ലുലു മാളിൽ നടന്ന സംഭവങ്ങളെ കുറിച്ച് തുടർന്നുള്ള ഞങ്ങളുടെ അന്വേഷണത്തിൽ അറസ്റ്റിലായ നാല് പ്രതികളിൽ ഒരാളായ സരോജ് നാഥ് യോഗിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടെത്തി. 2022 ജൂലൈ 15 ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സരോജ് നാഥ് യോഗി തന്റെ അറസ്റ്റിനെക്കുറിച്ച് അറിയിച്ചിരുന്നു. അദ്ദേഹം എഴുതി, ” ഹനുമാൻ ചാലിസ വായിക്കാൻ ലുലു മാളിലേക്ക് പോയി. ഗൗരവ് ഗോസ്വാമി പഥക് ജിക്കൊപ്പം എന്നെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.”
ഇതിനുപുറമെ, ഡിസിപി സൗത്ത് ലഖ്‌നൗവിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്നും ജൂലൈ 15-ന് നടത്തിയ ഒരു ട്വീറ്റും ഞങ്ങൾ കണ്ടെത്തി. ”അനുമതിയില്ലാതെ ലുലു മാൾ വളപ്പിൽ മതപരമായ പ്രവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി,” പോലീസ് ട്വീറ്റിൽ അറിയിച്ചു. ഈ നാലുപേരും 144-ാം വകുപ്പ് ലംഘിച്ചുവെന്നാണ് ആരോപണം. ഡിസിപി സൗത്ത് ലഖ്‌നൗ പോലീസിന്റെ ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ്, പ്രാർത്ഥന നടത്തിയതിന് ഈ നാല് പേരെ അറസ്റ്റ് ചെയ്തതായി ഈ വീഡിയോയിൽ പറയുന്നത്.
ലഖ്‌നൗവിലെ ലുലു മാളിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന ഈ അവകാശവാദം സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷം, ലഖ്‌നൗ പോലീസ് കമ്മീഷണറേറ്റ് ഈ അവകാശവാദങ്ങൾ നിഷേധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ”ലുലു മാൾ വിവാദവുമായി ബന്ധപ്പെട്ട് ചില യുവാക്കളുടെ പേരുപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്,” ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് പോലീസിൽ ട്വീറ്റിൽ കുറിച്ചു.
പോലീസ് ട്വീറ്റിൽ തുടർന്ന് ഇത് കൂടി പറയുന്നുണ്ട്, ”ജൂലൈ 12 ന് ലഖ്‌നൗവിലെ ലുലു മാളിൽ, പ്രാർത്ഥന നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ജൂലൈ 14 ന് ലുലു മാൾ മാനേജ്‌മെന്റ് പരാതി നൽകി. അതിനെ തുടർന്ന് നിസ്കരിച്ച അജ്ഞാതർക്കെതിരെ കേസെടുത്തു. ഇതിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനുശേഷം ജൂലൈ 15 ന് ഹനുമാൻ ചാലിസ വായിക്കാൻ ശ്രമിച്ചതിന് സരോജ് നാഥ് യോഗി, കൃഷ്ണ കുമാർ പഥക്, ഗൗരവ് ഗോസ്വാമി എന്നീ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.നിസ്‌കരിക്കാൻ ശ്രമിച്ചതിന് അർഷാദ് അലി എന്ന യുവാവും അറസ്റ്റിലായി. ഈ നാല് യുവാക്കൾക്കെതിരെ സിആർപിസി 151, 107, 116 വകുപ്പുകൾ പ്രകാരമാണ് നടപടി എടുത്തത്.”
വായിക്കാം: ഗുജറാത്തിലെ പ്രളയം എന്ന പേരിൽ ഷെയർ ചെയ്യുന്ന വിവിധ ദൃശ്യങ്ങൾ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ളവ
ഞങ്ങളുടെ അന്വേഷണത്തിൽ, ലഖ്‌നൗവിലെ ലുലു മാളിൽ നിസ്കരിച്ചതിന് അറസ്റ്റിലായ പ്രതികൾ ഹിന്ദുക്കളാണെന്ന വാദം തെറ്റാണെന്ന് വ്യക്തമായി. ഹനുമാൻ ചാലിസ വായിക്കാൻ ശ്രമിച്ചതിനാണ് നാല് പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
Our Sources
Report Published by AAJ Tak on July 16, 2022
Facebook Post by Saroj Nath Yogi on July 15, 2022
Tweet by DCP Lucknow South on July 15, 2022
Tweet by Police Commissionerate Lucknow on July 15, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.