Fact Check
കുവൈറ്റിൽ മലയാളി ആക്രമിക്കപ്പെട്ടുന്ന വീഡിയോ 2020ലേത്
Claim
മോദിയുടെ വീഡിയോ ഷെയർ ചെയ്തതിന് കുവൈറ്റിൽ മലയാളി അക്രമിക്കപ്പെട്ടു.
Fact
2020ലെ വീഡിയോയാണിത്.
മോദിയുടെ വീഡിയോ ഷെയർ ചെയ്തതിന് കുവൈറ്റിൽ മലയാളി അക്രമിക്കപ്പെട്ടുവെന്ന് അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“ശ്രീ മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് മതതീവ്രവാദികൾ മലയാളിയെ ആക്രമിച്ചു. കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവീൺ എന്നയാളെയാണ് ആക്രമിച്ചത്. മർദ്ദനമേറ്റ യുവാവിന്റെ മൊഴി എത്തേണ്ടത് എത്തിയിട്ടുണ്ട്. അടിച്ച പന്നിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയുള്ളത് എന്തായിരിക്കും. പ്ലീസ് വൈറ്റ്,” എന്നാണ് പോസ്റ്റിലെ വിവരണം.

ഇവിടെ വായിക്കുക: പ്രശാന്ത് രഘുവംശം പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞ ഹിന്ദി വാചകം തെറ്റായി വിവർത്തനം ചെയ്തോ?
Fact Check/Verification
ഞങ്ങൾ ചിത്രം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, എക്സിൽ Pratheesh Viswanath എന്ന ഐഡി ഏപ്രിൽ 29,2020ൽ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ കിട്ടി.
“സിഎഎയെ പിന്തുണച്ചതിന്റെ പേരിൽ നൂറിലധികം കേരളീയർ ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്. ഇപ്പോൾ ഇത് നോക്കൂ, ഇന്ത്യാ സർക്കാരിനെ പിന്തുണച്ചതിന്റെ പേരിൽ ഗൾഫിലെ ഒരു മനുഷ്യനെ ജിഹാദികൾ മർദ്ദിക്കുന്നു. ഇത് വളരെ കൂടുതലാണ്. ഇതൊരു ജനാധിപത്യ രാജ്യമാണ്, ലോകത്തെവിടെയും നമ്മുടെ സർക്കാരിനെ പിന്തുണക്കാൻ നമുക്ക് അവകാശമുണ്ട്,” എന്നാണ് പോസ്റ്റിലെ വിവരണം.

കൂടുതൽ തിരച്ചിലിൽ, Documenting Crimes Against Hindus എന്ന ഐഡി മെയ് 29,2020ൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ കണ്ടെത്തി. പോസ്റ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഇങ്ങനെയാണ്:തീയതി : 01 മെയ് 2020, സ്ഥലം : കുവൈറ്റ്, ഇര: പ്രവീൺ, കുറ്റക്കാരൻ : അസി ചുള്ളിക്കര.
“പ്രധാനമന്ത്രി മോദിയെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രശംസിച്ചതിന് കുവൈറ്റിലെ ഒരു ഹിന്ദു നിവാസിയെ ആക്രമിച്ചതിന് അസി ചുള്ളിക്കര എന്ന വ്യക്തിക്കെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്,” പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.
“പ്രവീൺ സോഷ്യൽ മീഡിയയിൽ മോദി അനുകൂല പരാമർശങ്ങൾ നടത്തിയതിന് ശേഷം ഏപ്രിൽ 28 ന് കേരളത്തിലെ കാസർഗോഡ് ജില്ലയിൽ നിന്നുള്ള നിലവിൽ കുവൈറ്റിൽ താമസിക്കുന്ന അസി ചുള്ളിക്കരയും സുഹൃത്തുക്കളും ചേർന്ന് പ്രവീണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ചുവെന്ന് അഭിഭാഷകൻ പ്രതീഷ് വിശ്വനാഥ് നൽകിയ പരാതിയിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ പ്രവീണിനെ അസി ചുള്ളിക്കരയുടെ നേതൃത്വത്തിലുള്ള ഒരു ജനക്കൂട്ടം എങ്ങനെ മർദിക്കുന്നുവെന്ന് വീഡിയോയിൽ വ്യക്തമായി കാണാം,” പോസ്റ്റ് തുടരുന്നു.

ഏപ്രിൽ 29, 2020ൽ ZEE Malayalam News ഇതേ വിഡിയോയ്ക്കൊപ്പം വാർത്ത കൊടുത്തതും ഞങ്ങൾ കണ്ടെത്തി. “പ്രധാനമന്ത്രിയുടെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് മലയാളിക്ക് മതതീവ്രവാദികളുടെ മർദ്ദനം. കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവീൺ എന്നാൾക്കാണ് മതതീവ്രവാദികളുടെ മർദ്ദനം ഏൽക്കേണ്ടിവന്നത്,” എന്നാണ് വാർത്ത.

ഇതൊരു സൂചനയായി എടുത്ത് കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ ഇംഗ്ലീഷ് വെബ്സൈറ്റിൽ മെയ് 1, 2020ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കിട്ടി.
“പ്രധാനമന്ത്രി മോദിയെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രശംസിച്ചതിന് കുവൈറ്റിലെ ഒരു ഹിന്ദു നിവാസിയെ ആക്രമിച്ച കേസിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു,” ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ റിപ്പോർട്ട് പറയുന്നു.
“പ്രവീണ്‍ സോഷ്യൽ മീഡിയയിൽ മോദി അനുകൂല പരാമർശം നടത്തിയതിന് ശേഷം, ഏപ്രിൽ 28 ന് കേരളത്തിലെ കാസർഗോഡ് ജില്ലക്കാരനായ അസി ചുള്ളിക്കരയും സുഹൃത്തുക്കളും ചേർന്ന് പ്രവീണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ചുവെന്ന് അഭിഭാഷകൻ പ്രതീഷ് വിശ്വനാഥ് നൽകിയ പരാതിയിൽ പറയുന്നു,” റിപ്പോർട്ട് പറയുന്നു.
“പ്രവീണിനെ ഒരു ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ അസി ചുള്ളിക്കരയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവീണിനെ മർദ്ദിച്ചതായി വീഡിയോയിൽ വ്യക്തമായി കാണാം,” റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
“പ്രവീണിനെ ഭീഷണിപ്പെടുത്തുകയും മുസ്ലീം സമൂഹത്തോട് പൊതുവെ മാപ്പ് പറയണമെന്ന് നിർബന്ധിക്കുകയും ചെയ്തതായും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട പോസ്റ്റ് മുസ്ലീം സമൂഹത്തിനെതിരെയാണെന്ന് സമ്മതിക്കാൻ പ്രതീഷ് വിശ്വനാഥിന്റെ പരാതിയിൽ പറയുന്നു,” റിപ്പോർട്ട് തുടരുന്നു.

ഈ വിഷയത്തിൽ ഡൈജിവേൾഡ് എന്ന വെബ്സൈറ്റ് മെയ് 5,2020ൽ കൊടുത്ത വർത്തയും ഞങ്ങൾ കണ്ടെത്തി. “പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് കുവൈറ്റിൽ ഇന്ത്യൻ ടാക്സി ഡ്രൈവറെ ആക്രമിച്ച കേസിൽ കർണാടക ബിജെപി ലോക്സഭാംഗം ശോഭ കരന്ദ്ലാജെ കുവൈത്തിലെ ഒരു ഇന്ത്യൻ മുസ്ലീമിനെതിരെ നടപടിയെടുക്കണമെന്ന് പാർട്ടി വക്താവ് ചൊവ്വാഴ്ച പറഞ്ഞു,” എന്നാണ് വാർത്ത പറയുന്നത്.
“കുവൈറ്റിൽ മോദിയെ പ്രശംസിക്കുകയും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് വടക്കൻ തീരദേശ കേരളത്തിലെ ഡ്രൈവർ ശ്രീ പ്രവീണിനെ ആക്രമിക്കുകയും തല്ലുകയും അപമാനിക്കുകയും ചെയ്ത കാസർഗോഡിലെ രാജപുരത്ത് നിന്നുള്ള പ്രതിയ്ക്കെതിരെ (അസി ചുള്ളിക്കര) നടപടിയെടുക്കണം,” കരന്ദ്ലാജെ മെയ് 3 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി,” അവരുടെ വക്താവ് ഡി. അഭിഷേക് ഐഎഎൻഎസിനോട് പറഞ്ഞു,” വാർത്തയിൽ തുടർന്ന് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനില്‍ എത്തിയ വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരിലാണ് കുവൈറ്റില്‍ ഡ്രൈവറായി ജോലിനോക്കുന്ന പ്രവീണിനെ അക്രമിച്ചതെന്ന് മെയ് 2, 2020ൽ ജന്മഭൂമി റിപ്പോർട്ട് ചെയ്തതും ഞങ്ങൾ കണ്ടെത്തി.
“പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാന്‍ സന്ദര്‍ശിച്ച വീഡിയോ ഷെയര്‍ ചെയതത് ചോദ്യം ചെയ്താണ് പത്തോളംപേര്‍ അടങ്ങുന്ന സംഘം താമസിച്ചിരുന്ന സ്ഥലത്തില്‍ അതിക്രമിച്ചുകയറി ദിവസങ്ങള്‍ക്കു മുന്‍പ് പ്രവീണിനെ മര്‍ദ്ദിച്ചത്. അക്രമികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ചര്‍ച്ചയാകുകയും ആഭ്യന്തര മന്ത്രാലയത്തില്‍ ഉള്‍പ്പെടെ പരാതി എത്തുകയും ചെയ്തതോടെ ആക്രമികള്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും,” ജന്മഭൂമി റിപ്പോർട്ട് പറയുന്നു.
“വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവീണ്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് കത്തെഴുതി. ആക്രമിച്ചവരുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പ്രവീണിന്റെ കത്ത്. കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശി അസി, കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ്, അഷ്കര്‍, ഹനീഫ, ഷനോദ് തുടങ്ങിയവര്‍ ആണ് ആക്രമിച്ചതെന്ന് പ്രവീണ്‍ പരാതിയില്‍ പറയുന്നു,” ജന്മഭുമി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇവിടെ വായിക്കുക: വൻതോതിൽ ആയുധങ്ങളും പണവും പിടിച്ചെടുത്ത വീഡിയോ മണിപ്പൂരിൽ നിന്നല്ല
Conclusion
മോദിയുടെ വീഡിയോ ഷെയർ ചെയ്തതിന് കുവൈറ്റിൽ മലയാളി അക്രമിക്കപ്പെട്ടുവെന്ന് പേരിൽ പ്രചരിക്കുന്ന വീഡിയോ 2020ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
X Post by @pratheesh_Hind on April 29, 2020
Facebook post by Documenting Crimes Against Hindus on May 4, 2020
Facebook post by ZEE Malayalam News on April 29, 2020
News report by East Coast Daily on May 1,2020
News report by Daijiworld on May 5 2020
News report by Janmabhumi on May 2,2020