Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim: രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും വോട്ട് ചോദിച്ചു പിണറായി വിജയൻ കട്ടപ്പനയിൽ സംസാരിച്ചു.
Fact: വീഡിയോ എഡിറ്റഡാണ്.
രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും വോട്ട് ചെയ്യാൻ മുഖ്യമന്ത്രി പ്രസംഗിക്കുന്നത് എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. “പിണറായിക്ക് വരെ കാര്യം മനസ്സിലായി എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
“ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പിൽ വരാൻ പോകുന്നത്. അപ്പോൾ ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടി ഏതാണോ ആ പാർട്ടിയുടെ നേതാവിനെയാണ് മന്ത്രിസഭ രൂപീകരിക്കാൻ വിളിക്കുക. രാഹുൽ ഗാന്ധിയെ വിളിക്കണമെങ്കിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടിയാണ്. ഇവിടെ മത്സരിക്കുന്ന കോൺഗ്രസുകാരെ എല്ലാം അത് ജയിപ്പിക്കാൻ തയ്യാറാവണം. ഇവിടുത്തെ എൽഡിഎഫിന്‍റെ സ്ഥാനാർത്ഥി വിജയിച്ചില്ലെങ്കിലും. രണ്ടുകൂട്ടരും ബിജെപിക്ക് എതിരാണല്ലോ. പ്രധാനമന്ത്രിയായി വരാൻ സാധ്യതയുള്ള ഗവൺമെന്‍റ് രൂപീകരിക്കാൻ സാധ്യതയുള്ള കക്ഷിക്ക് വിജയം ഉറപ്പാക്കണം,” എന്നാണ് വിഡിയോയിൽ പിണറായി വിജയൻ പറയുന്നത്.
സിപിഎം ഉടമസ്ഥതയിലുള്ള കൈരളി ടിവിയുടെ എംബ്ലം ഉള്ള വാർത്തയാണ് പ്രചരിക്കുന്നത്.
inckerala എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുമുള്ള വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന്72,079 ഷെയറുകൾ ഉണ്ടായിരുന്നു.
@KoYiKkoDaNnS എന്ന എക്സ് പ്രൊഫൈലിൽ നിന്നുള്ള ട്വീറ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 2059 ഷെയറുകൾ ഉണ്ടായിരുന്നു.
കടപ്പുറം സാഹിബ് എന്ന ഐഡിയിൽ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന് 24 ഷെയറുകളാണ് ഞങ്ങൾ കണ്ടപ്പോൾ ഉണ്ടായിരുന്നത്.
ഇവിടെ വായിക്കുക: Fact Check: മുസ്ലിം ജനവിഭാഗം ആകെ വര്‍ഗീയ വാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞോ?
Fact Check/Verification
ഞങ്ങൾ വീഡിയോയിൽ പ്രസംഗത്തിലെ സൂചന വെച്ച് ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോര്‍ജ്ജിന്‍റെ പ്രചരണാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടപ്പനയിൽ സംസാരിക്കുന്നു എന്ന പേരിൽ 24×7 idukki news live KATTAPPANA എന്ന പ്രാദേശിക ചാനൽ ഏപ്രിൽ 3,2024ൽ അപ്ലോഡ് ചെയ്ത 1.41.45 മണിക്കൂർ ദൈർഘ്യമുള്ള യൂട്യൂബ് വീഡിയോ കിട്ടി. ആ വീഡിയോയുടെ 1.00.38ലാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ള ഭാഗങ്ങൾ വരുന്നത്.
വീഡിയോയിൽ മുഖ്യമന്ത്രി പറയുന്നു: “2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിയുടെ ഗവർമെന്‍റ് ഒരുവട്ടം പൂർത്തിയാക്കി രണ്ടാം വട്ടത്തിലേക്കാണ് ജനവിധി തേടുന്നത്, അത് വലിയ ആപത്താണെന്ന് പൊതുവേ അഭിപ്രായമുണ്ട്. നമുക്കെല്ലാം ആ അഭിപ്രായംതന്നെ. ഇവിടെ രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നു, വയനാട്ടില്‍. കോണ്‍ഗ്രസ്സ്കാര്‍ വ്യാപകമായി പ്രചരിപ്പിച്ചു, രാഹുൽ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വന്നിട്ടുള്ളത്. അതിന്‍റെതായൊരു പ്രത്യേകത ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു. ഒരുഘട്ടമായപ്പോള്‍ കോണ്‍ഗ്രസ്സ്കാരുടെ പ്രചരണത്തിന്‍റെ രീതിമാറി.”
അത് കഴിഞ്ഞാണ് വൈറൽ വിഡിയോയിലെ വാക്കുകൾ അദ്ദേഹം പറയുന്നത്.
തുടർന്ന് അദ്ദേഹം ഇങ്ങനെ പറയുന്നു: “എൽഡിഎഫിനോട് വിരോധമില്ലാത്ത അവരടക്കം ഒരുപറ്റം ആളുകൾ ആ വാദം അംഗീകരിച്ചു. എൽഡിഎഫിനോട് പ്രത്യേക വിരോധമൊന്നുമില്ല. എന്നാലും ഏറ്റവും കൂടുതൽ അംഗങ്ങളുള്ള വലിയ കക്ഷി ഇല്ലാതാകേണ്ട. ഇതാണ് പൊതുവേ പലരും ചിന്തിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞു നല്ല തിരിച്ചടി എൽഡിഎഫിന് ഉണ്ടായി അത് എൽഡിഎഫിനോടുള്ള വിരോധത്തിൻറെ ഭാഗമൊന്നുമല്ല. യഥാർത്ഥത്തിൽ അതിനുശേഷം തിരഞ്ഞെടുപ്പ് നടന്നപ്പോൾ നാമത് കണ്ടതാണ്. ഈ നിലപാടെടുത്തവർ അടക്കമുള്ള ആളുകൾ അഞ്ചുവർഷത്തെ ഇക്കഴിഞ്ഞ പ്രവർത്തനത്തെ ഓരോ ഘട്ടത്തിലും വലിയ വേദനയോടെ കാര്യങ്ങൾ നോക്കി കണ്ടു.”
“തങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ ലോക്‌സഭയിൽ, എതിർക്കേണ്ട കാര്യങ്ങൾ വരുമ്പോൾ എതിർക്കുന്നില്ല എന്നതാണ് അവരെ വേദനിപ്പിച്ചത്. രാജ്യത്തെ ബാധിക്കുന്ന ഒട്ടനേകം പ്രശ്നങ്ങൾ. നമ്മുടെ മതനിരപേക്ഷത തകർക്കുന്ന നടപടികൾ. രാജ്യത്തിൻറെ ജനാധിപത്യ മൂല്യങ്ങൾ തകർക്കുന്ന നടപടികൾ. ഒന്നിനും വേണ്ടരീതിയിൽ ശബ്ദമുയരുന്നില്ല. അത്തരം ഘട്ടങ്ങളിലെല്ലാം കേരളത്തിന്റെ ശബ്ദം ഉച്ഛസ്ഥായിയിൽ പണ്ട് കേട്ടിരുന്നു ആ ശബ്ദം നേർത്തുപോയി”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിൽ 2019ൽ കേരളത്തിൽ കോൺഗ്രസ്സിന് വോട്ട് കിട്ടാനുള്ള സാഹചര്യം അദ്ദേഹം വിവരിക്കുന്നത് മാത്രം വെട്ടിയെടുത്താണ് ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ നിർമ്മിച്ചത്.
തുടർന്നുള്ള തിരച്ചിലിൽ, ഇപ്പോൾ പ്രചരിക്കുന്ന വൈറൽ വീഡിയോയുടെ ദൈർഘ്യമുള്ള ഒരു പതിപ്പ് കേരളത്തിന്‍റെ മുഖ്യമന്ത്രി സ.പിണറായി വിജയൻ കട്ടപ്പനയിൽ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം എന്ന തലക്കെട്ടിൽ CPIM Pattambi AC എന്ന ഫേസ്ബുക്ക് പേജ് ഏപ്രിൽ 6,2024ൽ ഷെയർ ചെയ്തത് ഞങ്ങൾ കണ്ടെത്തി. അതിൽ വൈറൽ വീഡിയോയ്ക്ക് ശേഷം തങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച കോൺഗ്രസ്സുകാർ ലോക്‌സഭയിൽ എതിർക്കേണ്ട കാര്യങ്ങൾ വരുമ്പോൾ എതിർക്കുന്നില്ല തുടങ്ങിയ ഭാഗങ്ങൾ കൂടി ചേർത്തിട്ടുണ്ട്.
“ഇതിലെ കുറച്ച് വാചകം മാത്രം വീഡിയോ ഇട്ട് ചില മുഖ്യധാര മാധ്യമങ്ങൾ വലിയ മാധ്യമ ധർമ്മം നിറവേറ്റുന്നതായും ആ പണി ചില വലതുപക്ഷ ചിന്താധാരക്കാര്‍ നന്നായി ഉപയോഗിക്കുന്നുതായും ശ്രദ്ധയിൽ പെട്ടു,” എന്ന അടിക്കുറിപ്പോടെയാണ് ഈ ഭാഗം അവർ ഷെയർ ചെയ്തത്.
“രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി മുഖ്യമന്ത്രി വോട്ട് ചോദിച്ചോ? വസ്തുത ഇങ്ങനെ,” എന്ന തലക്കെട്ടിൽ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ പ്രചരിക്കുന്ന പ്രസംഗത്തിന്റെ ഭാഗത്തിന് മുൻപും ശേഷവും ഉള്ള ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി പിണറായി വിജയൻ എന്താണ് കട്ടപ്പനയിൽ പറഞ്ഞത് എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ Kairali News ഫേസ്ബുക്കിൽ ഏപ്രിൽ 7,2024ന് പോസ്റ്റ് ചെയ്തതും ഞങ്ങൾ കണ്ടെത്തി.
പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചു എന്ന അവകാശവാദത്തോടെ മറ്റൊരു വീഡിയോ വൈറലായിരുന്നു. അത് ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Conclusion
പിണറായി വിജയൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും വോട്ട് ചോദിച്ചു കട്ടപ്പനയിൽ സംസാരിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Altered Media
Sources
YouTube video by 24×7 Idukki news live KATTAPPANA on April 3, 2024
Facebook post by CPIM Pattambi AC on April 6, 2024
Facebook Video by Kairali News on April 7, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.